ആഭ്യന്തരവകുപ്പ് സമ്പൂർണ്ണ പരാജയം; പിണറായി ആഭ്യന്തര വകുപ്പ് ഒഴിയണം: പത്മജ വേണുഗോപാല്‍
തൃശ്ശൂർ: കേരളത്തിലെ ആഭ്യന്തര വകുപ്പ് സമ്പൂർണ്ണ പരാജയമാണെന്ന് കോണ്‍ഗ്രസ് നേതാവ് പത്മജ വേണുഗോപാല്‍. പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ ആഭ്യന്തരവകുപ്പിന്റെ ചുമതല ഒഴിയണമെന്നും അവർ ആവശ്യപ്പെടുന്നു. നിയമസഭയിൽ കേരളത്തിലെ പോലീസ് സംവിധാനത്തെ വാ തോരാതെ പ്രശംസിക്കുന്ന മുഖ്യമന്ത്രിയെ ഇന്നലെ നാം കണ്ടതാണ്. കോവളത്ത് പതിനാല് വയസ്സ് പ്രായമുള്ള വളർത്തുമകൾ കൊല്ലപ്പെട്ട കേസിൽ പരാതിയുമായി ചെന്ന രക്ഷിതാക്കളെ ഭീഷണിയിലൂടെ പ്രതിയാക്കി മാറ്റിയ പോലീസിന്റെ "മികവ്" അദ്ദേഹം എവിടേയും സൂചിപ്പിച്ചു കണ്ടില്ലെന്നും പത്മജ വേണുഗോപാല്‍ അഭിപ്രായപ്പെടുന്നു.
സെക്ഷൻ 15 പ്രകാരം "കാപ്പ"ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ട പ്രതി ജോമോൻ വളരെ വേഗത്തിൽ പുറത്ത് ഇറങ്ങിയതും ശേഷം ഒരു യുവാവിനെ കൊലപ്പെടുത്തി പോലീസ് സ്റ്റേഷനിലേക്ക് വലിച്ചെറിഞ്ഞതും അദ്ദേഹം നിരത്തിയ പ്രസ്താവനയിൽ എവിടെയും പരാമർശിച്ച് കണ്ടില്ല. "എന്തിനാണ് ഇവമ്മാരെയൊക്കെ സർക്കാർ തുറന്നുവിടുന്നത്" എന്ന് തൊണ്ടപൊട്ടുമാറ് നിലവിളിച്ച ഷാനിന്റെ അമ്മയെ കേരളം മറന്നിട്ടില്ല.

ഇനിയുമുണ്ട് കേരളത്തിൽ ഉടനീളം ഇത്തരത്തിൽ പോലീസ് സംവിധാനത്തിന്റെ "മികവ്" തെളിയിക്കുന്ന സംഭവങ്ങൾ. ബഹുമാനപ്പെട്ട മുഖ്യമന്ത്രി ഇനിയെങ്കിലും ആഭ്യന്തര വകുപ്പ് ഉപേക്ഷിക്കണം. ആഭ്യന്തരം എന്നാൽ നിഷ്‌ക്രിയത്വം എന്നല്ല എന്ന് ഇനിയെങ്കിലും താങ്കൾ മനസ്സിലാക്കണമെന്നും പത്മജ വേണുഗോപാല്‍ കൂട്ടിച്ചേർക്കുന്നു.
കഴിഞ്ഞ ആറു കൊല്ലം തുടർച്ചയായി ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്തിട്ടും സ്വന്തം പാർട്ടി പ്രവർത്തകരുടെ ജീവന് പോലും സംരക്ഷണം നൽക്കാൻ സാധിക്കാത്ത ഭരണസംവിധാനവും പോലീസ് സേനയുമാണ് കേരളത്തിൽ നിലനിൽക്കുന്നത്. ഇത്രയും രാഷ്ട്രീയ കൊലപാതകങ്ങൾ നടന്ന ഒരു കാലഘട്ടം കേരള ചരിത്രത്തിൽ ആദ്യമാണ്. രാഷ്ട്രീയമായി എതിർ ചേരിയിൽ ഉള്ളവരെ ഏത് വിധേനയും ഇല്ലാതാക്കുക എന്ന നയമാണ് സി പി എമ്മും ആർ എസ് എസും പിന്തുടരുന്നത്. പ്രതിസ്ഥാനത്ത് ആർ എസ് എസ് ആകുമ്പോൾ സർക്കാരും സി പി എമ്മും സ്വീകരിക്കുന്ന സമീപനം ഏത് തരത്തിൽ ആണെന്ന് സമീപകാല സംഭവങ്ങൾ തെളിയിച്ചതാണ്.
തങ്ങളുടെ പ്രവർത്തകർ കൊല്ലപ്പെടുമ്പോൾ പാതാളത്തോളം ക്ഷമിച്ചു എന്നാണ് സി പി എം നേതൃത്വം പറയുന്നത്. മറുഭാഗത്ത് ആർ എസ് എസ് ആകുമ്പോൾ കണ്ടുവരുന്ന "പാതാള ക്ഷമ" കേരളം പലതവണ കണ്ടതാണ്. കൊല്ലപ്പെട്ട ഹരിദാസ് നിങ്ങളിൽ ഒരാളായിരുന്നു സഖാക്കളെ. നിങ്ങളുടെ വിശ്വാസ പ്രമാണങ്ങൾ മുറുകെ പിടിച്ചവൻ. ആ പരിഗണന എങ്കിലും അദ്ദേഹത്തിന് നൽകണം.
തലശ്ശേരിയിൽ സി പി എം പ്രവർത്തകൻ ഹരിദാസിനെ പൈശാചികമായി വെട്ടിക്കൊന്നു എന്ന വാർത്ത വേദനാ ജനകവും പ്രതിഷേധാർഹവുമാണെന്നും പത്മജ വേണുഗോപാല്‍ കഴിഞ്ഞ ദിവസം അവകാശപ്പെട്ടിരുന്നു. ഈ മാസം കേരളത്തിൽ എത്ര ജീവനാണ് രാഷ്ട്രീയ സംഘർഷങ്ങളിൽ ഇല്ലാതായത്. പാർട്ടിയും വിശ്വാസപ്രമാണങ്ങളും ഏതുമായിക്കൊള്ളട്ടെ വിലപ്പെട്ടത് മനുഷ്യ ജീവൻ തന്നെയാണ്. മത്സ്യത്തൊഴിലാളിയായ ഹരിദാസ് പുലർച്ചെ രണ്ട് മണിക്ക് ജോലി തീർന്ന് മടങ്ങവെയാണ് ആക്രമണത്തിന് ഇരയാക്കപ്പെട്ടത്. സ്വന്തം വീട്ട് മുറ്റത്ത് വെച്ച് പൈശാചികമായ രീതിയിലാണ് ഹരിദാസിനെ വെട്ടിനുറുക്കിയത്
ഹരിദാസ് ആർ എസ്എ സിൽ നിന്നും ഭീഷണി നേരിട്ടിരുന്നു എന്ന് വ്യക്തമാണ്. ഹരിദാസിനെ ഇല്ലാതാക്കിയവരെ ഉടൻ പിടികൂടണം. ഹരിദാസിന്റെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്ക് ചേരുന്നു. വർധിച്ചു വരുന്ന രാഷ്ട്രീയ കൊലപാതകങ്ങൾ പ്രതിരോധിക്കുന്നതിന് വേണ്ടി പോലീസ് നടപടി സ്വീകരിക്കണം. കേരളം മറ്റൊരു യു പിയായി മാറാതെ നോക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണെന്നും കോണ്‍ഗ്രസ് നേതാവ് പത്മജ വേണുഗോപാല്‍ കൂട്ടിച്ചേർത്തിരുന്നു .












Click it and Unblock the Notifications