നിയമസഭാ തിരഞ്ഞെടുപ്പ്; ഹോം വോട്ടിങ് തുടങ്ങി, നാലര ലക്ഷം വോട്ടര്‍മാര്‍, സംഘം വീട്ടിലെത്തും
കൊച്ചി: ആരോഗ്യ പ്രശ്‌നമുള്ളവര്‍ക്കും വയോജനങ്ങള്‍ക്കും വോട്ട് ചെയ്യാന്‍ ഇന്നുമുതല്‍ സൗകര്യം. നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഹോം വോട്ടിങ് തിങ്കളാഴ്ച മുതല്‍. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തി വോട്ട് ചെയ്യാനുള്ള അവസരം ഒരുക്കും. നേരത്തെ അപേക്ഷ നല്‍കിയവര്‍ക്കും 85 വയസ് പിന്നിട്ടവര്‍ക്കുമാണ് വോട്ട് ചെയ്യാന്‍ സാധിക്കുക.
40 ശതമാനത്തില്‍ അധികം ഭിന്നശേഷിയുള്ളവര്‍ക്കും ഇന്നു മുതല്‍ വോട്ട് ചെയ്യാം. ആറ് ദിവസമാണ് ഇത്തരത്തില്‍ വോട്ട് ചെയ്യാന്‍ അവസരമുള്ളത്. ഏപ്രില്‍ നാലിന് ഹോം വോട്ടിങ് അവസാനിക്കും. ഇതിന് നേരത്തെ അപേക്ഷ സമര്‍പ്പിച്ചവര്‍ക്കാണ് അവസരം നല്‍കുക. ആര്‍ക്കൊക്കെ ഹോം വോട്ട് ചെയ്യാമെന്ന് അര്‍ഹരായവരുടെ പട്ടിക രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും സ്ഥാനാര്‍ഥികള്‍ക്കും തിരഞ്ഞെടുപ്പ് കമ്മീഷന്‍ കൈമാറും.

ബിഎല്‍ഒമാര്‍ മുഖേനയാണ് ഹോം വോട്ടിന് അപേക്ഷിക്കേണ്ടത്. വോട്ട് ചെയ്യിപ്പിക്കാന്‍ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തുന്ന സമയം മുന്‍കൂട്ടി അറിയിക്കും. ഈ വേളയില്‍ അസൗകര്യമുണ്ടെങ്കില്‍ മറ്റൊരു അവസരം നല്‍കും. മണ്ഡലം അടിസ്ഥാനത്തില്‍ ഹോം വോട്ട് ചെയ്യുന്നവരുടെ പട്ടിക തിരഞ്ഞെടുപ്പ് കമ്മീഷന്‍ തയ്യാറാക്കുകയും സ്ഥാനാര്‍ഥികളെ അറിയിക്കുകയും ചെയ്യും.
ഹോം വോട്ടിന് വീട്ടിലെത്തുന്ന സംഘത്തിലുള്ളവര്‍
വോട്ടര്‍മാര്‍ ഹോം വോട്ട് ചെയ്യുന്ന വേളയില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ ബൂത്ത് ഏജന്റുമാര്‍ ഒപ്പമുണ്ടാകണം. മൊബൈല്‍ പോളിങ് ടീമിന്റെ സഹായത്തോടെയാണ് ഹോം വോട്ടിങ് നടത്തുക. പോളിങ് ഓഫീസര്‍, രണ്ട് സഹായികള്‍, മൈക്രോ ഒബ്‌സര്‍വര്‍, വീഡിയോ ഗ്രാഫര്‍, പോലീസ് എന്നിവരടങ്ങുന്ന സംഘമാണ് വോട്ടര്‍ താമസിക്കുന്ന സ്ഥലത്തെത്തുക.
അര്‍ഹരായ എല്ലാവരും വോട്ട് ചെയ്യണം എന്ന നിര്‍ബന്ധമാണ് ഹോം വോട്ട് സൗകര്യം ഒരുക്കാന്‍ കാരണം. പോളിങ് ബൂത്തിലെത്തി ക്യൂ നില്‍ക്കാതെ വോട്ട് ചെയ്യാന്‍ ഇത്തരക്കാര്‍ക്ക് അവസരം ലഭിക്കുന്നത് ആശ്വാസമാണ്. മുമ്പ് അവശരായവരെ പോലും പോളിങ് ബൂത്തിലേക്ക് കൊണ്ടുവരുന്നത് തിരഞ്ഞെടുപ്പ് ദിവസം പ്രധാന കാഴ്ചയായിരുന്നു. എന്നാല്‍ ഹോം വോട്ടിങ് തുടങ്ങിയതോടെ കാര്യങ്ങള്‍ എളുപ്പമായി.
85 വയസ് പിന്നിട്ട ഏകദേശം രണ്ടര ലക്ഷം പേരും ഭിന്ന ശേഷിക്കാരായ രണ്ട് ലക്ഷം പേരുമാണ് കേരളത്തില്‍ ഹോം വോട്ട് ചെയ്യാനുള്ളത്. ഇവര്‍ക്ക് പുറമെ പ്രത്യേക അപേക്ഷ സമര്‍പ്പിച്ചവര്‍ക്കും അവസരം ലഭിക്കും. മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാകും വോട്ട് ചെയ്യുക. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ 12 ഡി എന്ന ഫോറം പൂരിപ്പിച്ച് നല്‍കിയിട്ടുണ്ട്. ബിഎല്‍ഒമാര്‍ പൂരിപ്പിച്ച ഫോറം കൈപ്പറ്റുകയും ചെയ്തു.












Click it and Unblock the Notifications