പയ്യാവൂരില്‍ ഹോംസ്‌റ്റേ ഉടമ വെടിയേറ്റു മരിച്ച സംഭവം: രണ്ടു പേര്‍ കസ്റ്റഡിയില്‍
പയ്യാവൂര്‍: പയ്യാവൂര്‍ പൊലിസ് സ്‌റ്റേഷന്‍ പരിധിയില്‍ നായാട്ടിനിടെ ഹോംസ്‌റ്റേ റിസോര്‍ട്ട് ഉടമ വെടിയേറ്റു മരിച്ച സംഭവത്തില്‍ പൊലിസ് രണ്ടു പേരെ കസ്റ്റഡിയിലെടുത്തു. പയ്യാവൂര്‍ കാഞ്ഞിരക്കൊല്ലിയിലെ പരത്തനാല്‍ ബെന്നിയാ(54)ണ് മരിച്ചത്. കാഞ്ഞിരക്കൊല്ലി ഏലപ്പാറയില്‍ ശനിയാഴ്ച്ച പുലര്‍ച്ചെ ഒന്നരയോടെയാണ് സംഭവം. നായാട്ടിനിടെ അബദ്ധത്തില്‍ വെടിയേറ്റതാണെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിലെ ദുരൂഹത നീക്കുന്നതിനായി റൂറല്‍ എസ്.പി ഹേമലതയുടെ നേതൃത്വത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
കാഞ്ഞിരക്കൊല്ലി ശശിപ്പാറയുടെ മുകളില്‍ ഏലപ്പാറയില്‍ ജനവാസകേന്ദ്രത്തില്‍ നിന്നും 200 മീറ്റര്‍ അകലെ വനമേഖലയോട് ചേര്‍ന്നു കിടക്കുന്ന സ്വകാര്യവ്യക്തികളുടെ സ്ഥലത്തു നിന്നാണ് വെടിയേറ്റത്. ഈ മേഖലയിലെ കൃഷിയിടങ്ങളില്‍ കാട്ടുപന്നികള്‍ വലിയ നാശമാണ് സൃഷ്ടിക്കുന്നത്. ആനകള്‍ ഉള്‍പ്പെടുന്ന വന്യമൃഗങ്ങളും നിരവധിയുണ്ട്.

കാട്ടുപന്നി ശല്യം രൂക്ഷമായ മലയോരത്ത് നായാട്ടു സംഘങ്ങളും നിരവധിയാണ്.സൃഹൃത്തുക്കളായ രണ്ടു പേരോടൊപ്പമാണ് ബെന്നി നായാട്ടിനു പോയത്. തോക്ക് പാറയുടെ മേല്‍ വെച്ചപ്പോള്‍ ഉരുണ്ട് താഴെവീണ് പൊട്ടിയെന്നാണ് കൂടെയുണ്ടായിരുന്നവര്‍ പൊലിസിനു മൊഴിനല്‍കിയിട്ടുണ്ട്. ഇവര്‍ രണ്ടുപേരും നിലവില്‍ പയ്യാവൂര്‍ സ്റ്റേഷനിലാണുള്ളത്. ഇവരെ ചോദ്യം ചെയ്തുവരികയാണെന്ന് പൊലിസ് അറിയിച്ചു.
സംഭവസ്ഥലത്തു നിന്നും നാടന്‍ തോക്കിന്റെ തിരയും പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഫോറന്‍സിക്, വിരലടയാള വിദഗ്ധര്‍, ഡോഗ്സ്‌ക്വാഡ് എന്നിവര്‍ സ്ഥലത്ത് പരിശോധന നടത്തിയിട്ടുണ്ട്. മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ വിട്ടുകൊടുക്കും. സോഫിയയാണ് ബെന്നിയുടെ ഭാര്യ. ക്ലിന്റ്, ക്ലെമന്റ്, സ്റ്റെഫി എന്നിവരാണ് മക്കള്‍. ചെവിയിലൂടെ തുളച്ചുകയറിയ വെടിയുണ്ട തലതകര്‍ത്ത്കടന്നുപോയെന്നാണ് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടിലുളളത്. കണ്ണൂര്‍ ജില്ലയുടെ മലയോര മേഖലയിലേക്ക് കര്‍ണാടകയില്‍ നിന്നും നാടന്‍ തോക്കുകള്‍ അനധികൃതമായി എത്തുന്നുണ്ടെന്നു നേരത്തെ പൊലിസിന് വിവരം ലഭിച്ചിരുന്നു.കാട്ടുപന്നി ശല്യം നേരിടുന്നതിനായി മലയോര കര്‍ഷകരാണ് ഇതുവാങ്ങിയിരുന്നത്. എന്നാല്‍ ഇതുപയോഗിക്കുമ്പോള്‍ നിരവധിഅപകടങ്ങളാണ് സംഭവിക്കുന്നത്.












Click it and Unblock the Notifications