'ഹണി റോസ്' നിയമസഭയിലും: നടിയുടെ പരാതിയില്‍ അതിവേഗ നടപടി; കൂത്താട്ടുകുളത്ത് മെല്ലെപ്പോക്ക്: വിഡി സതീശന്‍
തിരുവനന്തപുരം: കൂത്താട്ടുകുളം നഗരസഭയിലെ ഇടത് കൗണ്‍സിലര്‍ കലാ രാജുവിനെ സി പി എം- ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ നിയമസഭയില്‍ ഭരണ-പ്രതിപക്ഷ ബഹളം. വിഷയത്തില്‍ അനൂപ് ജേക്കബ് എം എല്‍ എ അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിച്ചെങ്കിലും സഭ നിർത്തിവെച്ച ചർച്ച ചെയ്യേണ്ടതില്ലെന്ന നിലപാടാണ് സർക്കാർ സ്വീരിച്ചത്. സർക്കാർ ഉദ്ദേശിക്കുന്ന സ്ത്രീ സുരക്ഷ എന്താണെന്ന് അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിച്ചുകൊണ്ട് യു ഡി എഫ് അംഗം ചോദിച്ചു.
വിഷയത്തില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശനും സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി മുന്നോട്ട് വന്നു. വസ്ത്രാക്ഷേപം ചെയ്യുന്നതും കാല് തല്ലിയൊടിക്കും എന്നു പറയുന്നതുമാണോ സ്ത്രീസുരക്ഷ? അവിശ്വാസ പ്രമേയത്തെ ആശയപരമായി നേരിടാനുള്ള ശക്തിപോലും സി പി എമ്മിന് ഇല്ലാതായോ മൂവാറ്റുപുഴ ഡി വൈ എസ് പി ഉൾപ്പെടെ നോക്കി നിൽക്കുമ്പോഴാണു കലയെ തട്ടിക്കൊണ്ടു പോകുന്നതെന്നും വി ഡി സതീശന്‍ പറഞ്ഞു.

നടി ഹണി റോസ് നല്‍കിയ പരാതിയില്‍ പൊലീസ് അതിവേഗത്തിലുള്ള നടപടി സ്വീകരിച്ചു. എന്നാല്‍ ഈ വിഷയത്തില്‍ മെല്ലപ്പോക്ക് നയമാണ് പൊലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടായത്. സ്ത്രീ സുരക്ഷയെ കുറിച്ച് പ്രസംഗിക്കുന്ന മുഖ്യമന്ത്രി കൂത്താട്ടുകുളത്ത് വനിതാ കൗണ്‍സിലറെ തട്ടിക്കൊണ്ടു പോയ പ്രതികളെ ന്യായീകരിക്കുകയാണ്. മുഖ്യമന്ത്രിയുടെ വാക്കിനും പഴയ ചാക്കിനും ഒരേ വിലയാണ്. പട്ടാപ്പകല്‍ സ്ത്രീയെ അപമാനിച്ച സംഭവത്തെ ന്യായീകരിക്കുന്ന നിങ്ങള്‍ ചരിത്രത്തില്‍ അഭിനവ ദുശാസ്സനന്‍മാരായി മാറുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷ നേതാവ് സംസാരിക്കുന്നതിനിടെ ഭരണപക്ഷത്ത് നിന്ന് ബഹളമുണ്ടാകുകയും ചെയ്തു. ഇതോടെ സതീശന്‍ ക്ഷോഭിക്കുകയും കയ്യിലുണ്ടായിരുന്ന കടലാസുകള്‍ ശക്തിയില്‍ നിലത്തേക്ക് വലിച്ചെറിയുകയും ചെയ്തു. സ്ത്രീകൾക്ക് എതിരായ ആക്രമണം ഗൗരവമായി കാണുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. കല രാജുവിനു സുരക്ഷ ഒരുക്കിയെന്ന സർക്കാർ വാദം കോടതി അംഗീകരിച്ചിട്ടുണ്ടെന്നും പിണറായി വിജയന്‍ പറഞ്ഞു.
അതേസമയം, കൂത്താട്ടുകുളം നഗരസഭയിൽ സിപിഎമ്മിന്റെ വനിതാ കൗൺസിലറെ സി പി എം നേതാക്കളും പ്രവർത്തകരും ചേർന്ന് തട്ടിക്കൊണ്ടുപോയ സംഭവം ജനാധിപത്യത്തിനേറ്റ കളങ്കമാണെന്ന് മുന്‍ നിലമ്പൂർ എം എല്‍ എ പിവി അന്‍വർ ആരോപിച്ചു. സംഭവവുമായി ബന്ധപ്പെട്ട് നിയമസഭയിലെ മുഖ്യമന്ത്രിയുടെ മറുപടി അധികാര ധാർഷ്ട്യത്തിന്റേതാണെന്നും അദ്ദേഹം പറഞ്ഞു.
കലാ രാജുവിനെ സിപിഎം നേതാക്കൾത്തന്നെ വസ്ത്രാക്ഷേപം ചെയ്ത് മർദിച്ച് ഒരു വാഹനത്തിൽ കടത്തിക്കൊണ്ടുപോകുന്നത് പോലീസിന് നോക്കിനിൽക്കേണ്ടി വന്നു. കാല് തല്ലിയൊടിക്കുമെന്ന് പറഞ്ഞ് കൊലവിളി ഉയർത്തുന്നതാണോ കേരളത്തിൽ നടപ്പാക്കാനുദ്ദേശിക്കുന്ന സ്ത്രീ സുരക്ഷിതത്വമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. കേവലം ഒരു അവിശ്വാസ പ്രമേയത്തെ ആശയപരമായി നേരിടാനുള്ള ശേശി പോലും ഇടതു പക്ഷത്തിന് നഷ്ടമായി എന്നതാണ് നാം മനസിലാക്കേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.












Click it and Unblock the Notifications