ബോബി ചെമ്മണ്ണൂരിന് ജയിലില്‍ വഴിവിട്ട സഹായം, 200 രൂപയുടെ നോട്ട് കൈമാറി; ജയില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ്
തിരുവനന്തപുരം: നടി ഹണി റോസിനെ ലൈംഗികാധിക്ഷേപം നടത്തിയ കേസില്‍ അറസ്റ്റിലായിരുന്ന വ്യവസായി ബോബി ചെമ്മണ്ണൂരിന് ജയിലില്‍ വഴിവിട്ട് സഹായം നല്‍കിയതില്‍ ജയില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ്. മധ്യമേഖല ജയില്‍ ഡി ഐ ജി പി അജയ കുമാര്‍, കാക്കനാട് ജയില്‍ സൂപ്രണ്ട് രാജു എബ്രഹാം എന്നിവര്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇന്‍ഫോ പാര്‍ക്ക് പൊലീസ് ആണ് കേസെടുത്തിരിക്കുന്നത്.
ഇരുവരേയും കൂടാതെ കണ്ടാലറിയാവുന്ന മറ്റ് ആറ് പേര്‍ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. നാല് പുരുഷ ഉദ്യോഗസ്ഥരേയും രണ്ട് വനിതാ ഉദ്യോഗസ്ഥരേയുമാണ് കേസില്‍ പ്രതികളായി ഉള്‍പ്പെടുത്തിയിരിക്കുന്നത്. ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രതിക്ക് പണം കൈമാറുന്നത് ജയില്‍ ചട്ടങ്ങള്‍ക്ക് വിരുദ്ധമാണ് എന്നിരിക്കെ കാക്കനാട് ജില്ലാ ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന ബോബി ചെമ്മണ്ണൂരിന് പ്രതികള്‍ 200 രൂപയുടെ നോട്ട് കൈമാറി എന്നാണ് കേസ്.

സംഭവത്തില്‍ നേരത്തെ ജയില്‍ വകുപ്പ് അന്വേഷണം നടത്തി റിപ്പോര്‍ട്ട് ആഭ്യന്തര വകുപ്പിന് കൈമാറിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പി അജയ കുമാറിനെയും രാജു എബ്രഹാമിനെയും സസ്പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ജയിലില്‍ കഴിയുകയായിരുന്ന ബോബി ചെമ്മണ്ണൂരിനെ കാണാന്‍ അജയ കുമാര്‍ പ്രതിയുടെ സുഹൃത്തുക്കളുമായാണ് ജയിലില്‍ എത്തിയിരുന്നത്.
ജയിലിലെ ചട്ടങ്ങള്‍ക്ക് വിരുദ്ധമായി സുഹൃത്തുക്കളുമായി രണ്ട് മണിക്കൂറിലധികം സമയം ചെലവിടാന്‍ ജയില്‍ ഡി ജി പി ബോബിക്ക് അവസരം ഉണ്ടാക്കി നല്‍കി. പിന്നീട് സൂപ്രണ്ടിന്റെ മുറിയിലേയ്ക്ക് ബോബി ചെമ്മണ്ണൂരിനെ വിളിച്ചു വരുത്തിയെന്നും ജയിലിലെ പ്രോപ്പര്‍ട്ടി രജിസ്റ്ററില്‍ തിരുത്തല്‍ വരുത്തിയെന്നും കണ്ടെത്തിയിരുന്നു. ജയില്‍ സൂപ്രണ്ട് ഒഴികെയുള്ള ഉദ്യോഗസ്ഥരെല്ലാം ജയില്‍ ഡിഐജിക്കെതിരെയാണ് അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിരുന്നത്.
ഇതിന്റെ പശ്ചാത്തലത്തിലാണ് ഇരുവരേയും സസ്‌പെന്‍ഡ് ചെയ്തത്. ഇതിന് പിന്നാലെയാണ് കേസും രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കേരള പ്രിസണേഴ്‌സ് ആക്ട് 81 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. സോഷ്യല്‍ മീഡിയയിലൂടേയും അല്ലാതെയുമുള്ള തുടര്‍ച്ചയായ അശ്ലീല പരാമര്‍ശങ്ങള്‍ക്ക് പിന്നാലെയാണ് ബോബി ചെമ്മണ്ണൂരിനെതിരെ ഹണി റോസ് പരാതി നല്‍കിയത്. ഈ കേസില്‍ ബോബി പിന്നീട് അറസ്റ്റിലായി.
ഒരാഴ്ചയോളം ജയിലില്‍ കിടന്ന ശേഷമാണ് ബോബി ചെമ്മണ്ണൂരിന് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. കര്‍ശന ഉപാധികളോടെയാണ് ഹൈക്കോടതി ബോബി ചെമ്മണ്ണൂരിന് ജാമ്യം നല്‍കിയത്.












Click it and Unblock the Notifications