'പള്ളീലച്ചന്‍മാരുള്ള സ്ഥലത്ത് അമല പോള്‍ വന്നതെങ്ങനെയായിരുന്നു?' താന്‍ സദാചാര ആങ്ങളയല്ലെന്ന് രാഹുല്‍
കോഴിക്കോട്: ഹണി റോസ് - ബോബി ചെമ്മണ്ണൂര്‍ വിഷയത്തില്‍ നിലപാട് ആവര്‍ത്തിച്ച് രാഹുല്‍ ഈശ്വര്‍. ഹണി റോസിന്റെ വസ്ത്രധാരണം ലൈംഗികദാരിദ്ര്യത്തേയും ആണ്‍നോട്ടത്തേയുമെല്ലാം ചൂഷണം ചെയ്യുന്ന രീതിയിലാണ് എന്ന് രാഹുല്‍ ഈശ്വര്‍ പറഞ്ഞു. തന്റെ യൂട്യൂബ് ചാനലിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. വസ്ത്രധാരണം മാന്യമായ രീതിയിലാകണം എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കലാകാരികള്‍ക്ക് സമൂഹത്തില്‍ വലിയ സ്വാധീനമുണ്ടാക്കാന്‍ സാധിക്കും എന്നത് അവര്‍ മനസിലാക്കണം. ഇത് താന്‍ പറയുന്നത് സദാചാര ആങ്ങളയായത് കൊണ്ടല്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുന്‍പ് ഒരു കോളേജില്‍ അമല പോള്‍ ധരിച്ച് വന്ന വസ്ത്രത്തെക്കുറിച്ചും രാഹുല്‍ വിമര്‍ശനം ഉന്നയിക്കുന്നുണ്ട്. രാഹുലിന്റെ വാക്കുകള്‍ ഇങ്ങനെയാണ്...

'ഹണി റോസിന്റെ നിലപാടിനെ എതിര്‍ക്കുന്നത് പൂര്‍ണ ബഹുമാനത്തോടെ തന്നെയാണ്. നമ്മളുടെ നിലപാട് പറയുമ്പോള്‍ ഹണി റോസിനെ മോശം പറഞ്ഞോ ദ്വയാര്‍ത്ഥ പ്രയോഗങ്ങള്‍ നടത്തിയോ അല്ല വെക്കേണ്ടത്. ഹണി റോസിന്റെ നിലപാടിനോട്, സമീപനത്തോട്, വസ്ത്രധാരണത്തോട് എനിക്ക് വിയോജിപ്പുണ്ട്. ആ വിയോജിപ്പിനെ ബഹുമാനപുരസ്സരം വെക്കുക. ഇന്നലെ ഇന്ത്യയിലെ യൂട്യൂബിലെ ട്രെന്‍ഡിംഗ് ഹണി റോസിനെതിരെ ബോച്ചെയുടെ വിഷയത്തില്‍ ഞാനെടുത്ത നിലപാടായിരുന്നു.
അത് നാടിന്റെ പ്രതികരണമാണ് എന്ന് ഹണി റോസ് തിരിച്ചറിയണം. ഹണി റോസ് സുന്ദരിയാണ്. അവര്‍ വളരെ പ്രാഗല്‍ഭ്യമുള്ള വ്യക്തിയാണ്. തെലുങ്ക് സിനിമയിലെ നന്ദമൂരി ബാലകൃഷ്ണ അടക്കമുള്ള സൂപ്പര്‍താരങ്ങള്‍ക്കൊപ്പം നായികയായിട്ട് അഭിനയിച്ചിട്ടുള്ള ആളാണ്. ഇതൊക്കെയാണെങ്കിലും ഹണി റോസിനെതിരെ വിമര്‍ശനങ്ങളുണ്ടെന്നും ലൈംഗികദാരിദ്ര്യത്തേയും ആണ്‍നോട്ടത്തേയുമെല്ലാം ചൂഷണം ചെയ്യുന്ന രീതിയിലാകരുത് നമ്മളുടെ വസ്ത്രധാരണം.
ഇത് പറയുന്നത് വളര്‍ന്ന് വരുന്ന പെണ്‍കുട്ടികള്‍ക്കും സമൂഹത്തിനും വേണ്ടിയാണ്. അഭിനേത്രിമാര്‍ക്കും കലാകാരികള്‍ക്കും സമൂഹത്തില്‍ വലിയ സ്വാധീനം ചെലുത്താന്‍ സാധിക്കും. അപ്പോള്‍ ആ മാന്യതയും സഭ്യതയും വേണം. ബോച്ചെയുടെ വാക്കിന് മാന്യത വേണം. ഹണി റോസിന്റെ വസ്ത്രധാരണത്തിനും മാന്യത വേണം. രാഹുല്‍ ഈശ്വര്‍ അങ്ങനെ എന്തെങ്കിലും വാക്കുകള്‍ പറയുമ്പോള്‍ എനിക്കും മാന്യത വേണം.
ആ മാന്യത നമ്മള്‍ എല്ലാവരും വെച്ച് പുലര്‍ത്തണം. ഇത് ഹണിയെന്ന വ്യക്തിയെ കുറ്റം പറയുകയല്ല. ഹണിയാകട്ടെ അമല പോള്‍ ആകട്ടെ ആരായാലും അങ്ങനെയാണ്. കുറച്ച് മുന്‍പ് അമല പോള്‍ ഒരു കോളേജില്‍ പോയപ്പോള്‍ വളരെ എക്‌സ്‌പോസീവ് ആയ ലോ നെക്കുള്ള ഡ്രെസ് ധരിച്ചാണ് പോയത്. പള്ളീലച്ചന്‍മാരൊക്കെ ഉള്ള സ്ഥലമല്ലേ. നമ്മള്‍ സരസ്വതീ ക്ഷേത്രമെന്ന് വിളിക്കുന്ന സ്ഥലമല്ലേ.
അത്തരം സ്ഥലങ്ങളില്‍ നമ്മളുടെ പെണ്‍കുട്ടികള്‍, സഹോദരിമാര്‍ മാന്യമായ രീതിയില്‍ വസ്ത്രം ധരിക്കണം എന്ന് പറയുന്നത് ഞാനൊരു സദാചാര ആങ്ങളയായത് കൊണ്ടല്ല. യാഥാര്‍ത്ഥ്യബോധമുള്ള സുഹൃത്തായത് കൊണ്ടാണ്.'












Click it and Unblock the Notifications