ഹണി റോസിനെ പിന്തുണച്ചിട്ട് ധരിക്കുന്നത് സാരിയല്ലേയെന്ന് ചോദ്യം; ആർ ശ്രീലേഖയുടെ മറുപടി
നടി ഹണി റോസിന്റെ വസ്ത്രധാരണമാണ് ഇപ്പോഴും ചിലരുടെ പ്രശ്നം. വസ്ത്രധാരണത്തിൽ മിതത്വം പാലിക്കാൻ നടി തയ്യാറാകണമെന്നാണ് രാഹുൽ ഈശ്വറിനെ പോലുള്ളവർ ആവർത്തിക്കുന്നത്. എന്നാൽ വസ്ത്രം എന്നത് പൂർണമായു ഒരാളുടെ സ്വാതന്ത്ര്യമാണെന്ന് ആവർത്തിക്കുകയാണ് മുൻ ഡിജിപി ആർ ശ്രീലേഖ. കേസിൽ നേരത്തേ ഹണിയെ പിന്തുണച്ച് കൊണ്ട് അവർ പ്രതികരിച്ചിരുന്നു. ഹണിയുടെ വസ്ത്രത്തെ ചോദ്യം ചെയ്യുന്നവർക്ക് ഇരട്ടത്താപ്പാണെന്നാണ് ആർ ശ്രീലേഖ വിമർശിക്കുന്നത്. യുട്യൂബിൽ പങ്കുവെച്ച വീഡിയോയിൽ ആർ ശ്രീലേഖലയുടെ വാക്കുകളിലേക്ക്
'ഹണി റോസിനെ പിന്തുണച്ച നിങ്ങൾ എന്തിനാണ് സാരി ഉടുത്ത് വന്ന് വീഡിയോ ചെയ്യുന്നത് എന്നാണ് ചോദ്യം. അത് എന്റെ ഇഷ്ടമാണ്. അതിനെ ചോദ്യം ചെയ്യാൻ ആർക്കും അവകാശമില്ല. എന്റെ മക്കളാണെങ്കിലും കൊച്ചുമകളാണെങ്കിലും അവർ തിരഞ്ഞെടുക്കുന്ന വസ്ത്രം എന്താണോ അതിനെ ഞാൻ പിന്തുണക്കും.

പുരുഷൻമാരുടെ ബോഡി ബിൽഡിങ് മത്സരവും പുരുഷൻമാരുടെ ഡബ്ലു ഡബ്ല്യു എഫിലെ ഗുസ്തി മത്സരവും കണ്ടാലോ, അതിനകത്ത് പുരുഷൻമാർ ധരിക്കുന്ന വേഷമെന്താണ്, സ്ത്രീകൾ ധരിക്കുന്ന വേഷമെന്താണ്? . ചില സിനിമകളിലെ ആളുകളുടെ വേഷവിധാനമെന്താണ്. ഇതൊക്കെ കണ്ട് ആസ്വദിക്കുന്നവർ ഏതോ ഒരു ഉദ്ഘാടന ചടങ്ങിൽ ആരോ ഒരു വേഷം ധരിച്ച് വന്നതിനെ വിമർശിക്കാൻ നിങ്ങൾക്ക് എന്ത് അവകാശം. അപ്പോൾ അത് സിനിമയിൽ ആണല്ലോ പൊതുവേദിയിൽ അല്ലല്ലോയെന്ന് പറയും. സിനിമയും ചാനൽ പരിപാടികളുമൊക്കെ നിങ്ങൾ ബെഡ്റൂമിൽ ഒളിച്ചിരുന്ന് കാണുന്നതല്ലല്ലോ. അതും പൊതുവേദികൾ തന്നെയല്ലേ.
മോഡലുകൾ നടക്കുന്നത് കണ്ടിട്ടില്ലേ. വിദേശത്ത് പരിപാടിക്ക് പോയപ്പോൾ ദീപിക പദുക്കോൺ പകുതി മാറ് തുറന്നിട്ടാണ് പോയത്. അന്ന് അവരെ ആരും ഒന്നും പറഞ്ഞില്ലല്ലോ. അതുകണ്ട് രസിച്ചവരല്ലേ. മലയാളികൾ ഇരട്ടത്താപ്പുള്ളവരാണ്. വേഷം കണ്ട് മാന്യതയില്ലേ, അതിർവരമ്പില്ലേ എന്നൊക്കെ ചോദിക്കും. കുറ്റം ചെയ്യാത്തവർ കല്ലെറിയട്ടെയെന്ന് യേശു പറഞ്ഞില്ലേ, അങ്ങനെയുള്ളവർ നമ്മുടെ സമൂഹത്തില് വളരെ കുറവാണ്. കല്ലെറിയുന്നവരിൽ ഭൂരിഭാഗവും കല്ലേറിന് അർഹരായിട്ടുള്ളവരാണ്.
വസ്ത്രങ്ങളെ കുറിച്ചൊക്കെ അഭിപ്രായം പറയുന്നത് മഹാ വിഡ്ഢിത്തമാണ്. കാരണം വസ്ത്രങ്ങളൊക്കെ കാലാനുസൃതമായി മാറിക്കൊണ്ടിരിക്കുന്ന കാര്യമാണ്. കാലാവസ്ഥ കാരണം വസ്ത്രം ഇല്ലാതെ നടക്കേണ്ട സാഹചര്യം വന്നാൽ അതാവും നാളെ അംഗീകരിക്കപ്പെടുക. അപ്പോൾ വസ്ത്രമടാത്ത സ്ത്രീയെ കണ്ടാൽ ആളുങ്ങളെല്ലാവരും ഇറങ്ങി വന്ന് ഞരമ്പ് രോഗികളെ പോലെ പ്രശ്നമുണ്ടാക്കുമോ? ഇതുപോലെ മാറിയും മറിഞ്ഞും കിടക്കുകയാണ് എല്ലാം. ഭൂമിയും സൂര്യനും മനുഷ്യ ജീവനുമൊക്കെ എത്രനാൾ നിലനിൽക്കുമെന്ന് യാതൊരു ഉറപ്പും ഇല്ലാതിരിക്കുമ്പോൾ ഈയൊരു ചെറിയ കാര്യത്തിന്റെ പുറത്ത് ഒരാൾ അഭിപ്രായ സ്വാതന്ത്ര്യം നടത്തുമ്പോൾ വികാരവിക്ഷോഭം നടത്തേണ്ട കാര്യമുണ്ടോയെന്നതാണ് ചോദ്യം. എന്തായാലും ഹണിയെ കുറിച്ച് ചെയ്ത വീഡിയോട് കൂടി എനിക്ക് നല്ല വ്യൂസ് കിട്ടി . കുറെ സബ്സ്ക്രിപ്ഷനും. എന്തായാലും തെറിവിളിച്ചവർക്കും കല്ലെറിഞ്ഞവർക്കും നന്ദി', ആർ ശ്രീലേഖ പറഞ്ഞു.












Click it and Unblock the Notifications