'ബോബി ചെമ്മണ്ണൂർ എന്താണ് കാണിക്കുന്നത്? ഹണി റോസിനെതിരെ ദ്വയാർത്ഥ പ്രയോഗമല്ലാതെ എന്താണ്'; കുടഞ്ഞ് കോടതി
കൊച്ചി: നടി ഹണി റോസിനെ ലൈംഗികമായി അധിക്ഷേപിച്ച കേസിൽ പ്രതി ബോബി ചെമ്മണൂരിന് ജാമ്യം അനുവദിക്കാമെന്ന് ഹൈക്കോടതി. വൈകീട്ട് 3.30 ന് ഹൈക്കോടതി വിശദമായ ജാമ്യ ഉത്തരവ് പുറപ്പെടുവിക്കും. ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണൻ അധ്യക്ഷനായ ബെഞ്ചാണ് ജാമ്യാപേക്ഷ പരിഗണിച്ചത്. അതേസമയം കേസിൽ ബോബി ചെമ്മണ്ണൂരിനെ കോടതി രൂക്ഷമായി വിമർശിക്കുകയും ചെയ്തു.
ബോബി ചെമ്മണ്ണൂരിന്റെ ജാമ്യാപേക്ഷ പ്രോസിക്യൂഷൻ ശക്തമായി എതിർത്തു. പ്രതി നടിയെ തുടർച്ചയായി അപമാനിക്കുകയാണ് , പുറകെ നടന്ന് അശ്ലീല പരാമർശം നടത്തി. ഇത്തരം കുറ്റകൃത്യങ്ങള്‍ നിരന്തരമായി ആവര്‍ത്തിക്കുന്ന വ്യക്തിയാണെന്നും പരാതിക്കാരിയായ നടിയെ മാത്രമല്ല ബോബി അധിക്ഷേപിച്ചിട്ടുളളതെന്നും സര്‍ക്കാര്‍ പറഞ്ഞു. സ്ത്രീകളെ നിരന്തരം അവഹേളിക്കുകയും ദ്വയാർത്ഥ പ്രയോഗം നടത്തുകയും ചെയ്യുന്ന വ്യക്തിക്ക് ജാമ്യം അനുവദിക്കുന്നത് തെറ്റായ സന്ദേശം നൽകുമെന്നും പ്രോസിക്യൂഷൻ പറഞ്ഞു.

പ്രതി നടിക്കെതിരെ നടത്തിയ അശ്ലീല പരാമർശങ്ങൾ അടങ്ങിയ വീഡിയോയും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി. രൂക്ഷപ്രതികരണമാണ് ഇതോടെ കോടതി നടത്തിയത്. എന്തിനാണ് ബോബി ചെമ്മണണ്ണൂർ ഇത്തര്രത്തിലൊക്കെ പെരുമാറുന്നതെന്ന് ദൃശ്യങ്ങൾ കണ്ടതിന് ശേഷം കോടതി ചോദിച്ചു. ദ്വയാർത്ഥ പ്രയോഗം നടത്തിയിട്ടില്ലെന്ന പ്രതിഭാഗത്തിന്റെ വാദത്തിനെതിരെ കോടതി ചോദ്യമുയർത്തി. വീഡിയോയിലെ പരാമർശങ്ങൾ ദ്വയാർത്ഥ പ്രയോഗമല്ലാതെ മറ്റെന്താണെന്ന് കോടതി ചോദിച്ചു.
അന്ന് നടി പ്രതികരിച്ചില്ലെന്ന് എതിർഭാഗം പറഞ്ഞതോടെ അത് നടിയുടെ മാന്യത കൊണ്ടാണെന്നായിരുന്നു കോടതിയുടെ മറുപടി. . ജാമ്യ ഹർജിയിലെ ചില പരാമർശങ്ങൾ വീണ്ടും പരാതിക്കാരിയെ അധിക്ഷേപിക്കുന്നതാണല്ലോ എന്നും കോടതി പറഞ്ഞു. അതേസമയം പ്രതി റിമാന്‍ഡിലായപ്പോൾ തന്നെ സമൂഹത്തിന് സന്ദേശം ലഭിച്ചെന്നും അതിനാൽ ജാമ്യം അനുവദിക്കാമെന്നും കോടതി പറഞ്ഞു.
അതിനിടെ ഹണി റോസിന്റെ പരാതിയിൽ രാഹുൽ ഈശ്വറിനെതിരെ ഇതുവരേയും പോലീസ് കേസെടുത്തിട്ടില്ല. തന്നെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചെന്ന് കാണിച്ചാണ് ഹണി റോസ് പരാതിയുമായി പോലീസിനെ സമീപിച്ചത്. തന്നേയും കുടുംബത്തേയും രാഹുൽ ഈശ്വർ കടുത്ത മാനസിക സമ്മർദ്ദത്തിലെത്തിച്ചിരിക്കുകയാണെന്നും തനിക്കെതിരെ നടത്തുന്ന അധിക്ഷേപങ്ങൾ കടുത്ത സൈബർ അധിക്ഷേപത്തിന് വഴിവെച്ചിട്ടുണ്ടെന്നും അതിനാലാണ് പരാതി നൽകുന്നതെന്നുമാണ് നടി പറഞ്ഞത്. അതേസമയം താൻ നടിയെ വിമർശിക്കുകയ മാത്രമാണ് ചെയ്തതെന്നും ലൈംഗികമായി അധിക്ഷേപിച്ചിട്ടില്ലെന്നുമാണ് രാഹുൽ ഈശ്വറിന്റെ വാദം. പരാതിയിൽ ഇതിനോടകം രാഹുൽ മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം രാഹുലിന്റെ ഹർജി പരിഗണിച്ച കോടതി അറസ്റ്റ് തടഞ്ഞില്ല. അതേസമയം ജാമ്യാപേക്ഷയിൽ പോലീസിൽ നിന്നും റിപ്പോർട്ട് തേടി.












Click it and Unblock the Notifications