'ഹണി റോസിനെ വിളിച്ചുസംസാരിച്ചിരുന്നു, മാക്‌സിമം അവർ അത് ഒഴിവാക്കിയതാണ്, പക്ഷേ': ബാദുഷ പറയുന്നു
വിവാദങ്ങളുമായി ബന്ധപ്പെട്ടല്ല റേച്ചൽ സിനിമയുടെ റിലീസ് മാറ്റിയതെന്ന് നിർമ്മാതാവ് ബാദുഷ. നടി ഹണി റോസ് ബോബി ചെമ്മണ്ണൂരിനെതിരെ പരാതിയുമായി രംഗത്ത് വന്നതിന് പിന്നാലെ തന്നെ ഹണി നായികയാകുന്ന റേച്ചൽ എന്ന സിനിമയ്ക്ക വേണ്ടി ഉണ്ടാക്കിയ വിവാദമാണ് ഇത് എന്ന തരത്തിൽ ചർച്ചകൾ ഉയർന്നിരുന്നു. ഈയൊരു സാഹചര്യത്തിൽ പ്രതികരണവുമായി ബാദുഷ രംഗത്ത് വന്നത്. എന്തുകൊണ്ടാണ് റിലീസ് മാറ്റിയതെന്ന് ബാദുഷ വൺഇന്ത്യ മലയാളത്തോട് പറഞ്ഞു.
' വിവാദങ്ങളുമായി ഈ സിനിമയ്ക്ക് യാതൊരു ബന്ധവും ഇല്ല. സിനിമ നമ്മൾ പത്താം തിയതി റിലീസിന് പ്ലാൻ ചെയ്‌തെങ്കിലും നമ്മൾ അഞ്ച് ഭാഷകളിലായിട്ടാണ് ഈ സിനിമ ഇറക്കുന്നത്. മലയാളത്തിന്റെ പണിയെല്ലാം പൂർത്തിയായി. ബാക്കി ഭാഷകളിൽ ഡബ്ബിംഗ് നടന്നുകൊണ്ടിരിക്കുകയാണ്.

നമ്മൾ ആദ്യം മലയാളം ഇറക്കിയിട്ട്. മറ്റുള്ള ഭാഷകളിൽ ഇറക്കാം എന്നാണ് വിചാരിച്ചിരുന്നത്. ഇപ്പോൾ നമുക്ക് തെലുങ്കിൽ നിന്നും തമിഴിൽ നിന്നുമൊക്കെ നല്ല ഓഫർ വന്നത് കൊണ്ട് എല്ലാം കൂടി ഒറ്റ സമയത്ത് റിലീസ് ചെയ്യാമെന്നാണ് ഇപ്പോൾ പ്ലാൻ ചെയ്തിരിക്കുന്നത്.
ഫെബ്രുവരി അവസാനത്തോട് കൂടി റിലീസ് ചെയ്യാനാണ് പ്ലാൻ ചെയ്തിരിക്കുന്നത്. നമ്മൾ പത്താം തീയതി അനൗൺസ് ചെയ്‌തെങ്കിലും എട്ടാം തീയതി ഒമ്പതാം തീയതി ആവുമ്പോൾ റിലീസ് ഡേറ്റ് മാറ്റിയ കാര്യത്തെക്കുറിച്ച് നോട്ട് ഇറക്കാം എന്ന് പ്ലാൻ ചെയ്തിരിക്കുമ്പോഴാണ് ഈ വിഷയം നടക്കുന്നത്. ഇതിനിടയിൽ കൊണ്ടുവന്ന് ഇതൊക്കെ പറയണ്ടല്ലോ എന്ന് വിചാരിച്ചാണ് സിനിമയ്ക്ക് ഈ വിവാദങ്ങളുമായി യാതൊരു ബന്ധവുമില്ല.
ഹണിയുടെ വ്യക്തപരമായ കാര്യമാണ്. അതിലൊന്നും നമ്മൾ ഇടപെട്ടിട്ടില്ല. എല്ലാത്തരം പ്രേക്ഷകരും കണ്ട് ഇഷ്ടപ്പെടുന്ന സിനിമയാണ് ഞങ്ങൾ ചെയ്ത് വെച്ചിരിക്കുന്നത്. അഞ്ച് ഭാഷകളിൽ ഇറക്കാനുള്ള താമസമാണ്. അടുത്ത ആഴ്ച സെൻസറിംഗിന് ആപ്ലിക്കേഷൻ കൊടുക്കും. സെൻസർ കഴിഞ്ഞാൽ ഡേറ്റ് അനൗൺസ് ചെയ്യും, അദ്ദേഹം പറഞ്ഞു.
വിവാദം വന്ന സമയത്ത് റേച്ചൽ വരുന്നത് കൊണ്ടായിരിക്കും ഹണി റോസ് ഇത്തരമൊരു പരാതി കൊടുത്തതെന്നും പടത്തിന് സോഷ്യൽ മീഡിയ അറ്റൻഷൻസ് ലഭിക്കാനാണ് എന്ന തരത്തിൽ ഉയർന്ന ചർച്ചകൾക്കും ബാദുഷ മറുപടി പറഞ്ഞു. '' ചാനലിലും കോടതിയിലും അത് സംസാരവിഷയമായുള്ള കാര്യമായിരുന്നു. അത് കൊണ്ടാണ് ഞാൻ ഒരു കുറിപ്പ് ഇറക്കിയത്. ഒരിക്കലും ഈ സിനിമയുമായിട്ട് ഈ വിവാദങ്ങൾക്ക് ഒരു ബന്ധവും ഇല്ലാ എന്ന കുറിപ്പ് ഇറക്കാൻ കാരണം,'' അദ്ദേഹം പറഞ്ഞു.
ഹണി റോസിന്റെ കരിയറിൽ ഏറ്റവും വലിയ ബ്രേക്ക് ലഭിക്കാൻ പോകുന്ന സിനിമയാണ് ഇതെന്നും ഹണി റോസ് ഇതുവരെ ചെയ്ത പടങ്ങളിൽ വെച്ച് ഏറ്റവും നല്ല കഥാപാത്രമായിരിക്കും ആ സിനിമയിലേതെന്നും, ബാദുഷ പറഞ്ഞു.
ഹണി റോസ് പരാതി നൽകിയത് വ്യക്തിപരമായി കാര്യമാണെന്നും ഈ സംഭവം ഹണി റോസിനെ വിളിച്ച് സംസാരിച്ചുവെന്നും മാക്‌സിമം അവർ അത് ഒഴിവാക്കി നിന്നാണ് പിന്നീടും അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നും ഇന്റർവ്യൂവിലൊക്കെ മോശമായിട്ട് ചിത്രീകരിച്ചത് കൊണ്ട് അവർക്ക് പിടിച്ച് നിൽക്കാൻ പറ്റാത്ത് കൊണ്ടാണ് പരാതി കൊടുത്തത് എന്ന് തങ്ങളോട് പറഞ്ഞതെന്നും ബാദുഷ പറഞ്ഞു.
ഹണി റോസ് എടുത്ത തീരുമാനം സ്വഗതാർഹമാണെന്നും അദ്ദേഹം പറഞ്ഞു. ' അത് അവരുടെ വ്യക്തിപരമായ തീരുമാനം ആണെങ്കിലും ഒരു സ്ത്രീക്ക് സഹിക്കാവുന്നതിന്റെ പരമാവധി സഹിച്ച ശേഷമാണ് അവർ ഇങ്ങനൊരു തീരുമാനം എടുത്ത്. നമ്മൾ ഇതിനെക്കുറിച്ച് അവരോട് കൂടുതൽ ചോദിച്ചിട്ടില്ല,'' അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications