'ഹണി റോസ് ഇല്ലെങ്കിലും മൊണാലിസ ഉണ്ടല്ലോ'; അധിക്ഷേപങ്ങൾക്ക് ഹണിയുടെ മറുപടി ഇങ്ങനെ.. കുശുമ്പെന്ന് കമന്റ്
പൊതുവേദിയിൽ വെച്ച് ദ്വയാർത്ഥ പ്രയോഗം പറഞ്ഞ് അപമാനിച്ചതിനാണ് നടി ഹണി റോസ് വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ പരാതി നൽകിയത്. പരാതിയിൽ കേസെടുത്ത പോലീസ് ബോബിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പിന്നീട് കോടതിയിൽ നിന്ന് ബോബിക്ക് ജാമ്യം ലഭിച്ചു.
എന്നാൽ സംഭവത്തിൽ നടി ഹണി റോസിനെതിരെ വലിയൊരു വിഭാഗം രംഗത്തെത്തി. ബോബി ചെമ്മണ്ണൂരിനെതിരെ പരാതി കൊടുത്തതാണ് പലരേയും ചൊടിപ്പിച്ചത്. നടിയുടെ വസ്ത്രധാരണം മാന്യമല്ലെന്നതാണ് ഒരുകൂട്ടരുടെ കണ്ടുപിടിത്തം. എന്തായാലും ഇപ്പോഴും ഹണിക്കെതിരായ സൈബർ അധിക്ഷേപങ്ങൾക്ക് യാതൊരു കുറവുമില്ല.

അതിനിടയിലാണ് കഴിഞ്ഞ ദിവസം തന്റെ ജ്വല്ലറിയുടെ ഉദ്ഘാടത്തിന് കുംഭമേളയിലൂടെ വൈറലായ മോനി ബോസ്ലെ എന്ന മൊണാലിസയെ ബോബി കൊണ്ടുവന്നത്. കേസിനെ തുടർന്ന് കുത്തനെ ഇടിഞ്ഞ് ഇമേജ് തിരിച്ചുപിടിക്കാൻ ബോബി നടത്തിയ മാർക്കറ്റിംഗ് തന്ത്രമാണ് ഇതെന്നായിരുന്നു പലരും ചൂണ്ടിക്കാട്ടിയത്.
ഏകദേശം 15 ലക്ഷം രൂപ പ്രതിഫലമായി നൽകിയതാണ് മൊണാലിസയെ ബോബി കോഴിക്കോട് എത്തിച്ചത്. ഇതിന്റെ ഇരട്ടി നേടാൻ പരിപാടി സഹായിച്ചെന്ന് റിപ്പോർട്ടുകൾ ഉണ്ട്. പണത്തിന്റെ കാര്യത്തിൽ മാത്രമല്ല മൊണാലിസയെ പോലൊരു പെൺകുട്ടിയെ ഇത്രയും പണം കൊടുത്ത് കൊണ്ടുവന്ന ബോബി ചെമ്മണ്ണൂരിന്റെ നടപടിയെ വാഴ്ത്തിക്കൊണ്ടും നിരവധി പേർ രംഗത്തെത്തിയിരുന്നു. ഇനി ഹണി റോസിനെ പോലുള്ളവരെ പരിപാടിക്ക് വിളിക്കരുതെന്നാണ് മൊണാലിസയുടെ ഉദ്ഘാടന വീഡിയോയ്ക്ക് താഴെ പലരും കമന്റുമായി എത്തിയത്. ഹണി റോസ് ഇല്ലെങ്കിലും ഇതുപോലുള്ളവർ മതിയെന്നായിരുന്നു ചില കമന്റ്.
ഇപ്പോഴിതാ ഇത്തരം കമന്റുകൾക്ക് ഹണി തന്നെ മറുപടി നൽകി രംഗത്തെത്തിയിരിക്കുകയാണ്. ഇങ്ങനെയുള്ള കമന്റുകൾ കാണുമ്പോൾ ഒന്നും തോന്നുന്നില്ലെന്നാണ് ഹണി റോസ് നൽകിയ മറുപടി. 'ഞാൻ ഇത്തരം കമന്റുകളൊന്നും കണ്ടിട്ടില്ല. ഇവിടെ അഡ്രസ് ചെയ്ത വിഷയം മറ്റൊന്ന് ആണ്. ദ്വയാർത്ഥ പ്രയോഗം നടത്തിയതിനും വൃത്തികേട് പറഞ്ഞതിനുമൊക്കെയാണ് പരാതി നൽകിയത്. ആ വിഷയത്തിലാണ് എന്റെ ഫോക്കസ്. അല്ലാതെ വ്യക്തി വൈരാഗ്യമല്ല. എനിക്ക് ഒരു വ്യക്തിയോടും വൈരാഗ്യമില്ല, എനിക്കൊരു വ്യക്തിയേയും അറിയുകയും ഇല്ല. അതാണ് യാഥാർത്ഥ്യം. വ്യക്തിയോട് എനിക്ക് വൈരാഗ്യമില്ല, ആ പ്രവൃത്തിയാണ് പ്രശ്നം, ആ പ്രവൃത്തിയാണ് ആവർത്തിക്കരുതെന്ന് ഞാൻ പറയുന്നത്. അവരുടെ ബിസിനസും ജോലിയും മറ്റെന്ത് കാര്യങ്ങളും അവരുടെ മാത്രം തീരുമാനങ്ങളാണ്. എന്ത് വേണമെങ്കിലും ചെയ്യാം. ഇതിലൊക്കെ ഞാൻ എങ്ങനെയാണ് ബന്ധപ്പെട്ട് കിടക്കുന്നതെന്നാണ് മനസിലാക്കാൻ പറ്റാത്തത്', ഹണി റോസ് മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
താരത്തിന്റെ മറുപടിക്ക് കൈയ്യടിക്കുകയാണ് പലരും. ഇതാണ് വിദ്യാഭ്യാസം, പക്വത എന്നാണ് പലരും കമന്റ് ചെയ്യുന്നത്. എന്നാൽ ഹണിയുടെ ഈ കമന്റും ചിലർക്ക് പിടിച്ചിട്ടില്ല. കണ്ണ് തുടച്ചിട്ട് പറയൂ എന്നാണ് ചിലരുടെ പരിഹാസം. പരിപാടി കണ്ടില്ലെന്നൊക്കെ പറയുന്നത് കുശുമ്പ് കൊണ്ടാണെന്നുള്ള അധിക്ഷേപങ്ങളും ഉണ്ട്.












Click it and Unblock the Notifications