രാഹുല്‍ ഈശ്വര്‍ ഇനി എന്തുചെയ്യും? ഹണി റോസിന് പിന്നാലെ തൃശൂര്‍ സ്വദേശി... തലപുകച്ച് പോലീസ്
കൊച്ചി: ചാനല്‍ ചര്‍ച്ചകളില്‍ തന്റെ വസ്ത്രധാരണത്തെ കുറിച്ച് മോശമായി സംസാരിക്കുന്നുവെന്നും ഇത് തന്നെ വിമര്‍ശിക്കാന്‍ മറ്റുള്ളവര്‍ക്ക് പ്രചോദനമാകുന്നു എന്നും ചൂണ്ടിക്കാട്ടിയാണ് നടി ഹണി റോസ് രാഹുല്‍ ഈശ്വറിനെതിരെ പാതി നല്‍കിയത്. ബോബി ചെമ്മണ്ണൂര്‍ ഹണി റോസിന്റെ പരാതിയില്‍ ജയിലില്‍ കഴിയവെയാണ് രാഹുല്‍ ഈശ്വറിനെതിരായ നീക്കം.
ബോബി ചെമ്മണ്ണൂര്‍ ചെയ്തത് ശരിയല്ല എന്ന് അഭിപ്രായപ്പെട്ട രാഹുല്‍ ഈശ്വര്‍, ഹണി റോസിനെ വിമര്‍ശിക്കുകയും ചെയ്തിരുന്നു. ചാനല്‍ ചര്‍ച്ചകളില്‍ അദ്ദേഹം നടത്തുന്ന അഭിപ്രായപ്രകടനത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ രംഗത്തെത്തുകയും ചെയ്തു. നടി ഫറ ഷിബിലയുടെ പ്രതികരണവും മോഹന്‍ലാല്‍ ചിത്രത്തിലെ സംഭാഷവും ചൂണ്ടിക്കാട്ടിയായിരുന്നു രാഹുല്‍ ആദ്യം ചര്‍ച്ചകളില്‍ രംഗത്തെത്തിയത്.

രാഹുല്‍ ഈശ്വറിന്റെ ഇത്തരം പ്രതികരണങ്ങള്‍ തനിക്ക് ഏറെ പ്രയാസമുണ്ടാക്കുന്നു എന്ന് ഹണി റോസ് എറണാകുളം സെന്‍ട്രല്‍ പോലീസ് സ്‌റ്റേഷനില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഹണി റോസിന്റെ പരാതിയില്‍ പോലീസ് കേസെടുത്തിട്ടില്ല. അതിനിടെയാണ് തൃശൂര്‍ സ്വദേശി രാഹുല്‍ ഈശ്വറിനെതിരെ പരാതിയുമായി രംഗത്തുവന്നിട്ടുള്ളത്.
തൃശൂര്‍ സ്വേേദശി സലീം ആണ് പരാതിക്കാരന്‍. ഹണി റോസിനെ അപമാനിക്കുന്ന കാര്യം ചൂണ്ടിക്കാട്ടിയാണ് രാഹുലിനെതിരായ സലീമിന്റെ പരാതി. എന്നാല്‍ രണ്ട് പരാതികളും പോലീസ് പരിശോധിച്ചുവരികയാണ് എന്നാണ് വിവരം. രാഹുല്‍ ഈശ്വറിനെതിരെ കേസെടുക്കാന്‍ സാധിക്കുമോ എന്ന് നിയമവിദഗ്ധരുടെ അഭിപ്രായം തേടിയിരിക്കുകയാണ് പോലീസ്.
രാഹുല്‍ ഈശ്വര്‍ പറയുന്നത് അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പരിധിയില്‍ വരുമോ എന്നാണ് പോലീസ് പരിശോധിക്കുന്നത്. രാഹുല്‍ ഈശ്വറിനെതിരായ പരാതിക്കൊപ്പം സാമൂഹിക മാധ്യമങ്ങളുടെ ലിങ്കുകളും ഹണി റോസ് സമര്‍പ്പിച്ചിരുന്നു. ഇതെല്ലാം സൈബര്‍ ക്രൈം വിഭാഗത്തില്‍പ്പെടുന്നതാണോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്. അങ്ങനെയാണെങ്കില്‍ കേസ് സൈബര്‍ പോലീസിന് കൈമാറിയേക്കും.
തനിക്കെതിരായ കേസ് കോടതിയില്‍ സ്വന്തമായി വാദിക്കുമെന്നാണ് അഭിഭാഷകന്‍ കൂടിയായ രാഹുല്‍ ഈശ്വര്‍ പ്രതികരിച്ചിട്ടുള്ളത്. അഭിപ്രായ സ്വതന്ത്ര്യം പ്രകടിപ്പിക്കുകയാണ് ചെയ്തത് എന്നും ഹണി റോസിനെ അപമാനിച്ചിട്ടില്ല എന്നുമാണ് അദ്ദേഹത്തിന്റെ നിലപാട്. അതിനിടെ ബോബി ചെമ്മണ്ണൂരിന്റെ അവസ്ഥ വരാതിരിക്കാനുള്ള മുന്‍കരുതലും രാഹുല്‍ ഈശ്വറിന്റെ ഭാഗത്ത് നിന്നുണ്ട്.
രാഹുല്‍ ഈശ്വര്‍ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചേക്കുമെന്നാണ് വിവരം. ഇതിനു വേണ്ടിയുള്ള നീക്കങ്ങള്‍ നടത്തിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. ബോബി ചെമ്മണ്ണൂരിനെതിരെ ഹണി റോസ് പരാതിപ്പെട്ട പിന്നാലെ പോലീസ് ത്വരിത നടപടി സ്വീകരിച്ചിരുന്നു. മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കാന്‍ ബോബിക്ക് സാധിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് അറസ്റ്റ് ഒഴിവാക്കാന്‍ മുന്‍കൂര്‍ ജാമ്യ സാധ്യതയും രാഹുല്‍ ഈശ്വര്‍ തേടുന്നത്.












Click it and Unblock the Notifications