'ഓവാറായിക്കോ, പക്ഷെ ഓവറായിട്ട് ഓവറാകരുത്': ഹണി റോസിനോട് പറയാനുള്ളത് ഇത് മാത്രം: രാഹുല്‍ ഈശ്വർ
ഹണി റോസ് വിഷയത്തില്‍ തന്റെ നിലപാടുകള്‍ ആവർത്തിച്ച് രാഹുല്‍ ഈശ്വർ. ഹണി റോസ് ഇതുപോലത്തെ ഡ്രസ്സൊക്കെയിട്ട് സുഹൃത്തുക്കളോടൊപ്പം വല്ല പബ്ബിലൊക്കെയാണ് പോകുന്നതെങ്കില്‍ ആരു അതിനെ വിമർശിക്കുമെന്ന് ഞാന്‍ കരുതുന്നില്ല. അതായത് അവിടെ സാഹചര്യം വേറെയാണ്. പബ്ബില്‍ പോകുന്നത് ശരിയോ തെറ്റോ എന്നുള്ളത് വേറെ വിഷയമാണെന്നും രാഹുല്‍ പറയുന്നു. യൂട്യൂബ് ചാനലുകള്‍ക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹണി റോസിന്റെ കഴിവ്, കല എന്നിവയൊക്കെ കണ്ടുകൂടിയാവണം ഉദ്ഘാടനത്തിനൊക്കെ വിളിക്കേണ്ടത്. അവരോട് ആത്മാർത്ഥമായ ഇഷ്ടം ഉള്ളതുകൊണ്ടായിരിക്കുമല്ലോ പാലക്കാടെ പരിപാടിക്ക് അവരെ വിളിച്ചത്. ഇത്രയും വിവാദങ്ങളും കാര്യങ്ങളുമൊക്കെ ഉണ്ടായിട്ടും അവർ പരിപാടിക്ക് വിളിച്ചു. നമ്മുടെ മലയാളികളുടെ ആണ്‍നോട്ടങ്ങളെ തെറ്റായ രീതിയില് ചൂഷണം ചെയ്ത് മുന്നോട്ട് കൊണ്ടുപോകുന്ന ഒരു അവസ്ഥ ആർക്കും ഉണ്ടാകരുത്.

കുറച്ചൊക്കെ സൌന്ദര്യം എല്ലാവർക്കും ഇഷ്ടമാണ്. കുറച്ചൊക്കെ ഓവറാകുന്നതും മലയാളി സഹിക്കും. പക്ഷെ ഓവാറിയിട്ട് ഓവറാകരുത്. അല്ലു അർജുന്‍ ആര്യയില്‍ വില്ലനോട് പറയുന്ന ഒരു ഡയലോഗ് ഉണ്ട്. 'ഞാന്‍ ഓവറാണ്, പക്ഷെ എന്നേക്കാള്‍ ഓവറാണല്ലോ നീ' എന്ന്. അത് പോലെയാണിത്. ഡ്രസ്സിങിന്റെ കാര്യത്തിലായാലും വാക്കിന്റെ കാര്യത്തിലായാലും നോക്കിന്റെ കാര്യത്തിലായാലും കുറച്ചൊക്കെ ഓവറാകുന്നത് രസമാണ്. ഞാനും അത്ര വലിയ ഹരിശ്ചന്ദ്രനൊന്നും അല്ല. പക്ഷെ ഓവറായിട്ട് ഓവറായാല്‍ സമൂഹത്തിന്റെ ഭാഗത്ത് നിന്നും റിയാക്ഷനുണ്ടാകുമെന്നും രാഹുല്‍ ഈശ്വർ പറയുന്നു.
പബ്ബില്‍ പോകുമ്പോള്‍ ഇടുന്ന വസ്ത്രം അണിഞ്ഞ് ഉദ്ഘാടനത്തിന് പോകുകയാണെങ്കില്‍ വിമർശനം വരും. ആ വിമർശനം ഉള്‍ക്കൊള്ളാനെങ്കിലും അവർക്ക് സാധിക്കണം. അതാണ് ഇതിലെ പ്രധാന പോയിന്റ്. ഇതൊന്നും നിയമവിരുദ്ധം അല്ല. പക്ഷെ ഔചിത്യം എന്ന് പറയുന്ന ഒരു കാര്യമുണ്ട്. ഈ വിമർശനമൊക്കെ വന്നതിന് ശേഷം ഹണി റോസ് ഹൈക്കോടതിയിലേക്ക് എത്തിയപ്പോള്‍ ഒരു ഡ്രസ്സുണ്ട്. അന്ന് അവർ വളരെ നല്ല രീതിയില്‍ ഡ്രസ് ധരിച്ചു.
മുഖ്യമന്ത്രി, വനിത കമ്മീഷന്‍, യുവജന കമ്മീഷന്‍, 99 ശതമാനം മാധ്യമങ്ങള്‍, പൊലീസ് എന്നിവരെല്ലാം ഹണി റോസിന്റെ കൂടെ നിന്നു. എന്നാല്‍ രാഹുല്‍ ഈശ്വറിനെപ്പോലെ വിരലില്‍ എണ്ണാകുന്ന ആളുകള്‍ എതിർ വിമർശനം ഉന്നയിച്ചപ്പോള്‍ പൊതുസമൂഹത്തിലെ 90 ശതമാനം ആളുകളും ഞങ്ങള്‍ക്ക് ഒപ്പമായിരുന്നു.
ഹണി റോസിനോട് ബോച്ചെ പറഞ്ഞ ആ ഡയലോഗ് നൂറ് ശതമാനം തെറ്റാണ്. അതില്‍ ഒരു തർക്കം പോലും ആർക്കുമില്ല. അദ്ദേഹം എന്ത് ഉദ്ദേശിച്ചത് എന്താണെന്ന് എല്ലാവർക്കും അറിയാം. പക്ഷെ അതുകൊണ്ട് ബോച്ചെയുടെ 30 വർഷത്തെ ജീവിതത്തെ ക്യാന്‍സല്‍ ചെയ്യരുത്. ലക്ഷക്കണക്കിന് ആളുകളെ അണിനിരത്തിയുള്ള രക്തദാനം, നൂറ് കണക്കിന് ആളുകള്‍ക്ക് വീട് നല്‍കിയതും ആയിരക്കണക്കിന് പേരുടെ ജോലിയൊന്നും ക്യാന്‍സല്‍ ചെയ്യാന്‍ പാടില്ല.
ഞാന്‍ ബോച്ചെയുടെ ന്യായീകരണ തൊഴിലാളിയായിട്ടല്ല വന്നത്. ന്യായീകരണ ക്യാപ്സൂളും ഇല്ലായിരുന്നു. ബോച്ചെ ചെയ്തത് തെറ്റാണ്, പക്ഷെ ഹണി റോസ് കൂടെ ഒന്ന് ശ്രദ്ധിക്കണം എന്നാണ് ഞാന്‍ പറഞ്ഞത്. എനിക്ക് ബോച്ചെയെ ഇഷ്ടമാണ്. അത് പറയുന്നതില്‍ എനിക്ക് മടിയും ഇല്ല. ഹണി റോസിനെക്കുറിച്ച് സംസാരിക്കുമ്പോള്‍ അവരെ ഒരു വാക്കില്‍ പോലും വ്യക്തിപരമായി അധിക്ഷേപിക്കുന്നില്ല.
ഞാന്‍ ഓർഗനൈസ്ഡ് ക്രൈമിന്റെ ഭാഗമാണെന്നൊക്കെ ഹണി റോസ് പറഞ്ഞു. ഇനി അവരെ ആരെങ്കിലും തെറ്റിദ്ധരിപ്പിച്ചതാണോ എന്നൊന്നും എനിക്ക് അറിയില്ല. അതൊക്കെ വളരെ കടുപ്പമുള്ള വാക്കുകളാണ്. ഹണി റോസ് ഇനിയും കൂടുതല്‍ പരിപാടികള്‍ക്ക് വരണം. റേച്ചല്‍ സിനിമ ഇറങ്ങുമ്പോള്‍ ഞാന്‍ ആദ്യ ദിവസം പോയി കാണും. അത് ഒരു വലിയ വിജയമായി മാറട്ടേയെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications