ശമ്പളത്തിന് പകരം ഓണറേറിയം മതി ,വിമാനത്തില്‍ എ ക്ലാസും വേണ്ട; സർക്കാരിന് കത്ത് നൽകി കെവി തോമസ്
ജനുവരി 18 ന് ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് കെ വി തോമസിനെ ദില്ലിയിലെ പ്രത്യേക പ്രതിനിധിയായി നിയമിക്കാൻ തീരുമാനിച്ചത്

കൊച്ചി: തനിക്ക് ശമ്പളം വേണ്ടെന്ന് ദില്ലിയിലെ പ്രത്യേക പ്രതിനിധിയായി സർക്കാർ നിയമിച്ച മുൻ കോൺഗ്രസ് നേതാവ് കെ വി തോമസ്. ശമ്പളത്തിന് പകരം ഓണറേറിയം അനുവദിക്കണമെന്നാണ് കെവി തോമസിന്റെ ആവശ്യം.നിരക്ക് കുറവുള്ള ക്ലാസുകളില്‍ വിമാനയാത്ര മതിയെന്നും കത്തിൽ പറയുന്നു. കെവി തോമസിന്റെ നിയമനം സർക്കാരിന് കനത്ത സാമ്പത്തിക ബാധ്യതവരുത്തി വെയ്ക്കുമെന്ന വ്യാപക വിമർശനങ്ങൾക്കിടെയാണ് കെവി തോമസ് സർക്കാരിന് കത്ത് കൈമാറിയത്.
എ ക്ലാസ് വിമാന യാത്ര വേണ്ട, മറിച്ച് മുതിർന്ന പൗരൻ എന്ന നിലയിൽ യാത്ര ചെയ്യുമ്പോൾ ലഭിക്കുന്ന ഇളവുകൾ സ്വീകരിക്കും. കൊച്ചിയിൽ ഒരു ഓഫീസ് തനിക്ക് വേണ്ടി ഉണ്ടാകും. മുമ്പ് തന്നോടൊപ്പം പ്രവർത്തിച്ചിരുന്ന പരിചയ സമ്പന്നരായ ജീവനക്കാർ സ്റ്റാഫിലുണ്ടാകുമെന്നും കെവി തോമസ് പറഞ്ഞു. കത്ത് പരിശോധനയ്ക്കായി ധനകാര്യവകുപ്പിന് കൈമാറി. മുഖ്യമന്ത്രി പരിശോധിച്ച ശേഷമാകും ആവശ്യങ്ങൾ സംബന്ധിച്ച് അന്തിമ തീരുമാനം കൈക്കൊള്ളുക.
നേരത്തേ എ സമ്പത്തിനെ ദില്ലിയിലെ പ്രത്യേക പ്രതിനിധിയായി നിയമിച്ചപ്പോൾ വലിയ സാമ്പത്തിക ചെലവാണ് സർക്കാരിനുണ്ടായതെന്ന ആക്ഷേപം ഉണ്ടായിരുന്നു. ഇതോടെ കെവി തോമസിനെ നിയമിച്ചപ്പോഴും സമാനരീതിയിലുള്ള ആക്ഷേപങ്ങൾ ശക്തമായിരുന്നു.
ജനുവരി 18 ന് ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് കെ വി തോമസിനെ ദില്ലിയിലെ പ്രത്യേക പ്രതിനിധിയായി നിയമിക്കാൻ തീരുമാനിച്ചത്.കാബിനറ്റ് റാങ്കോടെയാണ് നിയമനം.കേന്ദ്ര സര്‍ക്കാരുമായുള്ള കേരള സര്‍ക്കാരിന്റെ ലെയ്‌സണ്‍ ജോലികളാണ് പ്രത്യേക പ്രതിനിധിയുടെ മുഖ്യ ഉത്തരവാദിത്തം. നിലവിൽ ഇതേ ഉത്തരവാദിത്തങ്ങൾ നിറവേറ്റാൻ കേരളത്തിൽ രണ്ട് പ്രതിനിധികൾ ഉണ്ട്. മുതിർന്ന ഐ എസ് എസ് ഉദ്യോഗസ്ഥനെ കൂടാതെ മുന്‍ നയതന്ത്ര ഉദ്യോഗസ്ഥന്‍ വേണു രാജാമണിയും കേരളത്തിന്റെ പ്രത്യേക പ്രതിനിധിയാണ്.












Click it and Unblock the Notifications