ആശുപത്രി സംരക്ഷണ ഓര്‍ഡിനന്‍സ് നിയമമായി; ആരോഗ്യപ്രവര്‍ത്തകരെ ആക്രമിച്ചാല്‍ ഇനി കര്‍ശന ശിക്ഷ
തിരുവനന്തപുരം: ആശുപത്രി സംരക്ഷണ ഓര്‍ഡിനന്‍സില്‍ ഒപ്പു വെച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ആരോഗ്യപ്രവര്‍ത്തകരെ ആക്രമിക്കുന്നവര്‍ക്ക് കര്‍ശന ശിക്ഷ നല്‍കാനുള്ളതായിരുന്നു ആശുപത്രി സംരക്ഷണ ഓര്‍ഡിനന്‍സ്. ഗവര്‍ണര്‍ ഒപ്പിട്ടതോടെ ഇതോടെ ഈ നിയമ ഭേദഗതിക്ക് അംഗീകാരമായി. ആരോഗ്യ പ്രവര്‍ത്തകരെ അധിക്ഷേപിക്കുക, അസഭ്യം പറയല്‍ എന്നിവയും നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടും.
ആരോഗ്യപ്രവര്‍ത്തകരെ ആക്രമിച്ചാല്‍ ഏറ്റവും കുറഞ്ഞത് ആറ് മാസം തടവും പരമാവധി ഏഴ് വര്‍ഷവുമാണ് ശിക്ഷ. നഴ്‌സിംഗ് കോളേജുകള്‍ ഉള്‍പ്പടെയുള്ള മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഈ നിയമത്തിന്റെ പരിധിയില്‍ വരും. അതിനാല്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്കും നിയമത്തിന്റെ പരിരക്ഷ ലഭിക്കും. പ്രതികള്‍ക്കെതിരെ സമയബന്ധിതമായി നിയമനടപടികള്‍ സ്വീകരിക്കണം എന്നാണ് നിയമത്തില്‍ പറഞ്ഞിരിക്കുന്നത്.

നിലവിലുള്ള നിയമത്തില്‍ ആരോഗ്യ രക്ഷാസേവന സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന രജിസ്റ്റര്‍ ചെയ്ത (താല്‍ക്കാലിക രജിസ്ട്രേഷന്‍ ഉള്‍പ്പെടെയുള്ള) മെഡിക്കല്‍ പ്രാക്ടീഷണര്‍മാര്‍, രജിസ്റ്റര്‍ ചെയ്ത നഴ്സുമാര്‍, മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍, നഴ്സിംഗ് വിദ്യാര്‍ത്ഥികള്‍, പാരാമെഡിക്കല്‍ ജീവനക്കാര്‍ എന്നിവരാണ് ഉള്‍പ്പെട്ടിരുന്നത്. എന്നാല്‍ പുതുക്കിയ ഓര്‍ഡിനന്‍സ് പ്രകാരം ഇതില്‍ പാരാമെഡിക്കല്‍ വിദ്യാര്‍ത്ഥികളും ഉള്‍പ്പെടുന്നുണ്ട്.
ആരോഗ്യരക്ഷാ സ്ഥാപനങ്ങളില്‍ നിയമിക്കപ്പെട്ടിട്ടുള്ളതും ജോലി ചെയ്തുവരുന്നതുമായ പാരാമെഡിക്കല്‍ ജീവനക്കാര്‍, സെക്യൂരിറ്റി ഗാര്‍ഡുകള്‍, മാനേജീരിയല്‍ സ്റ്റാഫുകള്‍, ആംബുലന്‍സ് ഡ്രൈവര്‍മാര്‍, ഹെല്‍പ്പര്‍മാര്‍ എന്നിവര്‍ക്കും നിയമത്തിന്റെ സംരക്ഷണം ലഭിക്കും. ഈ ലിസ്റ്റില്‍പ്പെട്ടവരെ ആക്രമിക്കുകയോ ആക്രമിക്കാന്‍ ശ്രമിക്കുകയോ പ്രേരിപ്പിക്കുകയോ പ്രചോദനം നല്‍കുകയോ ചെയ്താല്‍ 6 മാസത്തില്‍ കുറയാതെ 5 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കും.
ഒപ്പം 50,000 രൂപയില്‍ കുറയാതെ 2 ലക്ഷം രൂപ വരെ പിഴയും ആണ് ശിക്ഷയായി ലഭിക്കുക. ആരോഗ്യപ്രവര്‍ത്തകരെ കഠിനമായ ദേഹോപദ്രവത്തിന് വിധേയരാക്കിയാല്‍ 1 വര്‍ഷത്തില്‍ കുറയാതെ 7 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കും. ഒപ്പം ഒരു ലക്ഷം രൂപയില്‍ കുറയാതെ 5 ലക്ഷം രൂപ വരെ പിഴയും അക്രമികള്‍ക്ക് ലഭിക്കും. ഈ നിയമത്തിന് കീഴില്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്ന കേസുകള്‍ ഇന്‍സ്പെക്ടര്‍ റാങ്കില്‍ കുറയാത്ത പൊലീസ് ഓഫീസര്‍ ആണ് അന്വേഷിക്കുക.
എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത് 60 ദിവസത്തിനകം അന്വേഷണം പൂര്‍ത്തീകരിക്കും. വിചാരണാ നടപടികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കും എന്നും വേഗത്തിലുള്ള വിചാരണയ്ക്ക് ഓരോ ജില്ലയിലും ഒരു കോടതിയെ സ്പെഷ്യല്‍ കോടതിയായി നിയോഗിക്കും എന്നും നിയമത്തില്‍ വ്യക്തമാക്കുന്നു. ഏറെ വര്‍ഷങ്ങളായി ഡോക്ടര്‍മാര്‍ ആവശ്യപ്പെടുന്ന ഓര്‍സിനന്‍സ് ഡോ. വന്ദനയുടെ കൊലപാതകത്തിന് പിന്നാലെയാണ് അടിയന്തിരമായി ഇറക്കിയത്.












Click it and Unblock the Notifications