മന്ത്രി ബിന്ദു കൃഷ്ണയുടെ തലയിലേക്ക് ചൂടുള്ള പായസം മറിഞ്ഞു; സൗജന്യ ബസ് യാത്ര ഉദ്ഘാടനത്തിനിടെ
കൊല്ലം: മന്ത്രി ബിന്ദു കൃഷ്ണയുടെ തലയിലേക്ക് ചൂടുള്ള പായസം മറിഞ്ഞു. പ്രിയദര്‍ശിനി സൗജന്യ ബസ് യാത്ര ഉദ്ഘാടനം ചെയ്ത് യാത്ര തുടരവെയാണ് സംഭവം. ബസില്‍ നിറയെ യാത്രക്കാരായിരുന്നു. ചിലരുടെ കൈവശം ചൂടുള്ള പായസം ഉണ്ടായിരുന്നു. തിരക്കിനിടെ അബദ്ധത്തില്‍ മറിഞ്ഞതാണ് എന്ന് കരുതുന്നു. സീറ്റില്‍ മറ്റുള്ളവരോട് സംസാരിച്ചിരിക്കുകയായിരുന്നു മന്ത്രി. തലയില്‍ ചൂടുള്ള പായസം വീണതോടെ മന്ത്രി ചാടി എഴുന്നേറ്റു.
എന്താ കാണിക്കുന്നേ എന്ന് ചോദിച്ച് മന്ത്രി ബഹളംവച്ചു. കൂടെ ഉണ്ടായിരുന്നവര്‍ വേഗം തലയിലെ പായസം തുടച്ചു. എന്താണ് സംഭവിച്ചത് എന്ന് ആദ്യം വ്യക്തമായില്ല. വിഡി സതീശനും യുഡിഎഫ് സര്‍ക്കാരിനും ആശംസ അറിയിച്ച് മുദ്രാവാക്യം വിളിക്കുകയായിരുന്നു ബസിലുള്ളവര്‍. ഇതിനിടെയാണ് സംഭവം. മന്ത്രിയുടെ മുഖത്തേക്ക് പായസം തട്ടാത്തത് ഭാഗ്യമായി.

യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ കെഎസ്ആര്‍ടിസി സൗജന്യ യാത്രയോട് അനുബന്ധിച്ച് പായസ വിതരണം ഉണ്ടായിരുന്നു. ഇതുമായി ചിലര്‍ ബസിലും കയറി. തിരക്കിനിടെ കാര്യങ്ങള്‍ കൈവിട്ടുപോയി എന്നാണ് മനസിലാക്കുന്നത്. ഉദ്ഘാടനം കഴിഞ്ഞ് ബസ് മുന്നോട്ട് എടുത്തതേയുണ്ടായിരുന്നുള്ളൂ. ആരുടെ കൈയ്യില്‍ നിന്നാണ് വീണത് എന്ന് വ്യക്തമല്ല. തൊട്ടടുത്ത സ്ത്രീകളുടെ മുഖത്തും ശരീരത്തിലും പായസമായി.
മന്ത്രിയുടെ തലയില്‍ വീണ പായസം തൊട്ടടുത്ത് നിന്നവര്‍ വേഗം തുടച്ചുമാറ്റി. ചിന്നക്കട വരെയാണ് മന്ത്രി യാത്ര ചെയ്തത്. അവിടെ ഇറങ്ങിയ മന്ത്രി പിന്നീട് സ്വന്തം വാഹനത്തില്‍ കയറി. ആശുപത്രിയില്‍ ചികില്‍സ തേടണം എന്ന് ചിലര്‍ നിര്‍ദേശിക്കുന്നുണ്ടായിരുന്നു. വലിയ സന്തോഷത്തിന്റെ നിമിഷങ്ങള്‍ക്കിടെയാണ് എല്ലാവരെയും ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തിയ സംഭവം.
കെഎസ്ആര്‍ടിസി സൗജന്യ യാത്ര ഉദ്ഘാടനം തിരുവനന്തപുരത്ത്
സൗജന്യ യാത്രയുടെ ഉദ്ഘാടനം മുഖ്യമന്ത്രി തിരുവനന്തപുരത്ത് നിര്‍വഹിച്ചു. ഗതാഗത മന്ത്രി സിപി ജോണും അദ്ദേഹത്തോടൊപ്പം കെഎസ്ആര്‍ടിസി ബസില്‍ കയറി ദര്‍ബാര്‍ ഹാള്‍ വരെ യാത്ര ചെയ്തു. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രഖ്യാപിച്ച പദ്ധതി ഒരു മാസം തികയുമ്പോള്‍ യാഥാര്‍ഥ്യമാക്കിയത് നേട്ടമായി സര്‍ക്കാര്‍ വിലയിരുത്തുന്നു. സ്ത്രീകള്‍ക്കും ട്രാന്‍സ്‌ജെന്റേഴ്‌സിനുമാണ് സൗജന്യ യാത്ര. ഇളവുള്ള ബസുകളില്‍ വാതിലിന് അടുത്ത് ഇക്കാര്യം എഴുതിയിട്ടുണ്ട്.
സൗജന്യ യാത്ര ഔദാര്യമല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്ത്രീകളോടുള്ള ആദരവാണ് സര്‍ക്കാര്‍ പ്രകടിപ്പിക്കുന്നത്. സ്ത്രീകള്‍ക്ക് സാമ്പത്തികമായി മിച്ചമുണ്ടാക്കുന്ന പദ്ധതിയാണിത്. ഇത് കേരളത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് മുതല്‍കൂട്ടാകുമെന്ന പ്രതീക്ഷയാണ് മുഖ്യമന്ത്രി പങ്കുവച്ചത്. മെന്‍സ് അസോസിയേഷന്‍ പുരുഷന്മാര്‍ക്കും സൗജന്യ യാത്ര വേണം എന്ന് ആവശ്യപ്പെട്ടത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.














Click it and Unblock the Notifications