ഹോട്ടൽ ബിൽ 2000ത്തിൽ കൂടുതലാണോ? യുപിഐ എടുക്കില്ല..കടുപ്പിച്ച് ഹോട്ടൽ വ്യാപാരികൾ
യുപിഐ ഇടപാടുകള്‍ക്ക് ഫീസ് ഏര്‍പ്പെടുത്താനുള്ള തീരുമാനത്തിനെതിരെ ഹോട്ടൽ വ്യാപാരികൾ. ഹോട്ടലുകളിലും റസ്റ്റോറൻ്റുകളിലും ഒക്ടോബർ 15 മുതൽ 2000 രൂപയ്ക്ക് മുകളിലുള്ള യുപിഐ പേയ്മെന്റുകൾ സ്വീകരിക്കില്ലെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ അറിയിച്ചു.
യുപിഐ ഇടപാടുകൾക്ക് ഫീസ് ഏർപ്പെടുത്തുന്നത് ഡിജിറ്റൽ പണമിടപാടുകളെ നിരുത്സാഹപ്പെടുത്തുമെന്നാണ് അസോസിയേഷൻ ചൂണ്ടിക്കാട്ടുന്നത്. 2,000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകൾക്ക് ഫീസ് ഈടാക്കാനുള്ള നീക്കം പിൻവലിക്കണം. അല്ലെങ്കിൽ ഫീസ് ബാധകമാകുന്ന പരിധി 10,000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകളായി ഉയർത്തണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു.

സംസ്ഥാനത്തെ സൂപ്പർ മാർക്കറ്റുകളിൽ ഒക്ടോബർ 15 യുപിഐ വഴിയുള്ള പണമിടപാടുകൾ പ്രതിഷേധസൂചകമായി നിർത്തിവെക്കുമെന്ന് സൂപ്പർ മാർക്കറ്റ് വെൽഫെയർ അസോസിയേഷൻ കേരളയും നേരത്തേ വ്യക്തമാക്കിയിരുന്നു. കേന്ദ്രസർക്കാർ നടപടി രാജ്യത്തെ മുഴുവൻ വ്യാപാരികൾക്കും വലിയ നഷ്ടം വരുത്തി വയ്ക്കുമെന്നാണ് സംഘടന ചൂണ്ടിക്കാട്ടിയത്.
'ഒരു ശരാശരി കുടുംബം സൂപ്പർ മാർക്കറ്റുകളിൽ നിന്ന് ഒരുസമയം 4000 മുതൽ 5000 രൂപ വരെയുള്ള സാധനങ്ങൾ വാങ്ങാറുണ്ട്. നിലവിലുള്ള വിലക്കയറ്റം കാരണം മൂന്നോ നാലോ സാധനങ്ങൾ വാങ്ങുമ്പോൾ തന്നെ 2000 രൂപ കടക്കും. 1000 രൂപയ്ക്ക് 0.4 ശതമാനം എന്ന കണക്കിൽ നാല് രൂപ വെച്ചാണ് ചാർജ് ഈടാക്കുന്നത്. അപ്പോൾ 5000 രൂപയ്ക്ക് പർച്ചേസ് ചെയ്താൽ മിനിമം 20 രൂപ തൊട്ട് ഫീസ് ഈടാക്കേണ്ടി വരും. ഇത് വ്യാപാരികൾക്ക് വലിയ സാമ്പത്തിക നഷ്ടമാണ് വരുത്തിവെക്കുക', സംഘടന പറഞ്ഞു.
കഴിഞ്ഞ ആറു വര്‍ഷമായി യുപിഐ പൂര്‍ണമായും സൗജന്യമായിരുന്നു. എന്നാല്‍ ഒക്ടോബര്‍ 15 മുതല്‍ പി2പി യുപിഐ ഇടപാടുകള്‍ക്ക് എന്‍പിസിഐ ഫീസ് ഏര്‍പ്പെടുത്താനാണ് കേന്ദ്രത്തിൻ്റ നീക്കം.2,000 രൂപയ്ക്ക് മുകളിലുള്ള നിർദ്ദിഷ്ട വാണിജ്യ ഇടപാടുകൾക്ക് 0.4 ശതമാനം നിരക്കിൽ പരമാവധി 300 രൂപ വരെയായിരിക്കും എംഡിആർ ആയി ഈടാക്കുക.
അതേസമയം നടപടിക്കെതിരെ ശക്തമായ പ്രതിഷേധമാണ് പ്രതിപക്ഷം ഉയർത്തുന്നത്. വൻകിട ഫിൻടെക് കമ്പനികൾക്കു കൊള്ളലാഭമുണ്ടാക്കാനുള്ള ഉപകരണമാക്കി യുപിഐ സംവിധാനത്തെ മാറ്റുന്ന സർക്കാർ നടപടി അംഗീകരിക്കാനാവില്ലെന്ന് സിപിഎം ഉൾപ്പെടെയുള്ള കക്ഷികൾ വ്യക്തമാക്കി. ഡിജിറ്റൽ ഇന്ത്യയുടെ പേരിൽ ജനങ്ങളെ യുപിഐ ഇടപാടുകളിലേക്ക് നിർബന്ധിച്ചു മാറ്റിയ ശേഷം, അതിനെ ഒരു വരുമാന മാർഗ്ഗമാക്കി മാറ്റാനാണ് സർക്കാർ ശ്രമിക്കുന്നത്. വിദേശ ധനകാര്യ ഏജൻസികളുടെയും സ്വകാര്യ ബാങ്കുകളുടെയും താല്പര്യത്തിന് കേന്ദ്ര സർക്കാർ കുടപിടിക്കുകയാണെന്നും പ്രതിപക്ഷം വിമർശിച്ചു.


Click it and Unblock the Notifications
