മറിയക്കുട്ടിക്ക് കെപിസിസി നൽകിയ വീടൊരുങ്ങി; 12 ന് കെ സുധാകരൻ താക്കോൽ കൈമാറും
ക്ഷേമ പെൻഷൻ ലഭിക്കാത്തതിനെ തുടർന്ന് ചട്ടിയുമായി ഭിക്ഷയാചിക്കാൻ ഇറങ്ങിയ ഇരുന്നൂറേക്കർ സ്വദേശി മറിയക്കുട്ടിക്ക് കെപിപിസി വാഗ്ദാനം ചെയ്ത വീട് ഒരുങ്ങി. ഈ മാസം 12 ന് വീടിന്റെ താക്കോൽ കൈമാറും. കെപിസിസി അധ്യക്ഷൻ കെ സുധാകരനാണ് താക്കോൽ കൈമാറുന്നത്.
മറിയക്കുട്ടിക്ക് സ്വന്തമായി വീടില്ലായിരുന്നു. ഇവർ മകൾ പ്രിൻസിക്കൊപ്പമായിരുന്നു കഴിഞ്ഞിരുന്ന്. കാലഹരണപ്പെട്ട ഈ വീട് പൊളിച്ച് മാറ്റിയാണ് പുതിയ വീട് പണിഞ്ഞത്. 650 ചതുരശ്ര അടി വിസ്തീർണത്തിലാണ് വീട് നിർമ്മിച്ചത്. നിർമാണത്തിനായി 5 ലക്ഷം രൂപ കഴിഞ്ഞ ജനുവരിയിൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിക്ക് കൈമാറിയിരുന്നു. കോൺഗ്രസ് നേതാക്കളുടെ പൂർണസഹകരണം കൊണ്ടാണ് വീട് ഒരുങ്ങിയതെന്ന് മറിയക്കുട്ടി പറഞ്ഞു.

'ഏറെക്കാലത്തെ ആഗ്രഹമായിരുന്നു ഒരു വീട്. ഗ്രാമസഭയിൽ നേരത്തേ അപേക്ഷ വെച്ചിരുന്നു, വീട് അനുവദിക്കുകയും ചെയ്തിരുന്നു. എന്നാൽ നടത്തി നടത്തി എനിക്ക് വീട് തരില്ലെന്ന് പറഞ്ഞു. കോൺഗ്രസുകാരോട് തരാൻ പറഞ്ഞു. എന്തായാലും കോൺഗ്രസുകാർ എനിക്ക് വീട് തന്നു', മറിയക്കുട്ടി പറഞ്ഞു.
താക്കോൽ കൈമാറുമെങ്കിലും കയറി താമസം ചിങ്ങത്തിലായിരിക്കുമെന്ന് മറിയക്കുട്ടി പറഞ്ഞു. എല്ലാവരേയും വിളിച്ച് ആഘോഷമായിട്ടായിരിക്കും കയറിത്താമസം', മറിയക്കുട്ടി വ്യത്തമാക്കി.
ക്ഷേമ പെൻഷൻ മുടങ്ങിയതിൽ പ്രതിഷേധിച്ച് അടിമാലി ടൗണിൽ പിച്ചച്ചട്ടിയെടുത്ത് ഭിക്ഷ യാചിച്ചതോടെയാണ് മറിയക്കുട്ടി ശ്രദ്ധനേടുന്നത്.തുടർന്ന് ഇവർക്ക് സമാനതകളില്ലാത്ത ആക്രമണമായിരുന്നു നേരിടേണ്ടി വന്നത്. മറിയക്കുട്ടിക്ക് രണ്ട് വീടുണ്ടെന്നും അതിലൊന്ന് വാടകയ്ക്ക് കൊടുത്തിരിക്കുകയാണെന്നുമായിരുന്നു മറിയക്കുട്ടിക്കെതിരെ സി പി എം ഉന്നയിച്ച ആരോപണം. ഇവർക്ക് ഒന്നരയേക്കർ സ്ഥലമുണ്ടെന്നും മകൾ വിദേശത്താണെന്നുള്ള പ്രചാരണവും ഉണ്ടായി. എന്നാൽ തനിക്ക് എതിരായ വ്യാജ പ്രചാരണത്തിനെതിരെ അവർ തല ഉയർത്തി പോരാടി. ഒടുവിൽ ഇവർക്കെതിരെ വ്യാജ വാർത്ത നടകിയ ദേശാഭിമാനിക്ക് മാപ്പ് പറയേണ്ടി വന്നിരുന്നു.












Click it and Unblock the Notifications