പലിശസംഘം പൂട്ടിയിട്ട വീട്ടമ്മയെ മോചിപ്പിച്ചു
തിരുവനന്തപുരം: പലിശസംഘം പൂട്ടിയിട്ട വീട്ടമ്മയെ ആറുമണിക്കൂറിനുശേഷം പൊലീസെത്തി മോചിപ്പിച്ചു. മാക്കോട്ടുകോണം നാടൂർകൊല്ലയിൽ എസ്.ബി ഭവനിൽ പരേതനായ ശിംഷോണിന്റെ ഭാര്യ ബിന്ദുവിനെയാണ് സമീപവാസിയായ യശോദ എന്ന സ്ത്രീ അവരുടെ വീട്ടിൽ പൂട്ടിയിട്ടത്.
ഇന്നലെ വൈകുന്നേരം 4 മണിയോടെയായിരുന്നു സംഭവം. ശിംഷോൺ വർഷങ്ങൾക്ക് മുമ്പ് യശോദയിൽ നിന്ന് മുപ്പതിനായിരം രൂപ പലിശയ്ക്ക് വാങ്ങിയിരുന്നു. മുതലടക്കം അറുപതിനായിരം രൂപവരെ ഇവർക്ക് തിരിച്ച് നൽകിയിരുന്നു. എന്നാൽ, ഇനിയും കിട്ടാനുണ്ടെന്ന് പറഞ്ഞ് വീട്ടമ്മയെ ഭീഷണിപ്പെടുത്തി യശോദ 5 സെന്റിന്റെ പ്രമാണം കൈക്കലാക്കി. ഇതിനു പുറമെ വീട് നിൽക്കുന്ന സ്ഥലം കൂടി ആവശ്യപ്പെട്ടു.

എന്നാൽ ഇതിന് വിസമ്മതിച്ച ബിന്ദുവിനെ ഒത്തുതീർപ്പിനെന്ന വ്യാജേന പ്രദേശത്തെ സി.പി.എം നേതാവിന്റെ സഹായത്തോടെ വിളിച്ചുവരുത്തി വീട്ടിൽ പൂട്ടിയിടുകയായിരുന്നു. അതോടെ ബിന്ദു സി.പി.ഐ യുടെ പ്രാദേശിക നേതാവ് മുഖാന്തിരം വിവരം വനിതാ ഹെൽപ്പ് ലൈനിൽ അറിയിച്ചു. തുടർന്ന് മാരായമുട്ടം പൊലീസ് എത്തി രാത്രി പത്തുമണിയോടെ ബിന്ദുവിനെ രക്ഷപ്പെടുത്തി. ഇരുകൂട്ടരേയും ഇന്ന് സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. ബിന്ദുവിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ തുടർ നടപടി സ്വീകരിക്കുമെന്ന് മാരായമുട്ടം പൊലീസ് പറഞ്ഞു.












Click it and Unblock the Notifications