വീട്ടമ്മയുടെ നമ്പർ റെയിൽവേ ശുചിമുറിയിൽ,അശ്ലീല സന്ദേശങ്ങൾ; അന്വേഷണം, കുടുങ്ങിയത് അസിസ്റ്റന്റ് പ്രഫസർ

തിരുവനന്തപുരം: റെയിൽവേ സ്റ്റേഷന്റെ ശുചിമുറിയിൽ തന്റെ ഫോൺ നമ്പർ എഴുതി വെച്ച ആളെ കൈയ്യോടെ കണ്ടെത്തി വീട്ടമ്മ. തിരുവനന്തപുരം പാങ്ങപ്പാറ സ്വദേശിനി സ്വന്തം നിലയ്ക്ക് നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിലായത്. ഡിജിറ്റൽ സർവകലാശാല അസിസ്റ്റന്റ് പ്രഫസർ അജിത് കുമാർ ആണ് വില്ലൻ. സ്വകാര്യ ലാബിലും സംസ്ഥാന ഫൊറൻസിക് ലാബിലും നടത്തിയ പരിശോധനയിൽ രണ്ട് കൈയ്യക്ഷരവും ഇയാളുടേതാണെന്ന് കണ്ടെത്തി. സംഭവം ഇങ്ങനെ
2018 ലാണ് സംഭവം നടക്കുന്നത്. വീട്ടമ്മയുടെ ഫോണിലേക്ക് അശ്ലീല ചുവയുള്ള സന്ദേശങ്ങളും കോളുകളും തുരതുരാ വരികയായിരുന്നു. സംഭവം എന്തെന്ന് അറിയാതെ അമ്പരന്ന് നിൽക്കുമ്പോൾ ഉച്ചയോടെ മറ്റൊരു കോൾ ഫോണിലേക്ക് എത്തി. ഇഖ്ബാൽ എന്നയാളാണ് തന്നെ വിളിച്ചതെന്ന് യുവതി പറയുന്നു. നിങ്ങളുടെ ഫോൺ നമ്പറും സ്ഥലവും റെയിൽവേ സ്റ്റേഷനിലെ ശുചിമുറിയിൽ എഴുതി വെച്ചിട്ടുണ്ടെന്ന് ഇഖ്ബാൽ അറിയിച്ചു. ഇതോടെ താൻ അദ്ദേഹത്തോട് അതിന്റെ ഫോട്ടോ എടുത്ത് നൽകാൻ ആവശ്യപെടുകയായിരുന്നുവെന്ന് യുവതി പറയുന്നു.
ഇഖ്ബാൽ ഉടൻ തന്നെ അതിന്റെ ഫോട്ടോയെടുത്ത് തനിക്ക് അയച്ച് തന്നു. ഫോട്ടോ കണ്ടപ്പോൾ തന്നെ കൈയ്യക്ഷരം കണ്ട് സംശയം തോന്നുകയായിരുന്നു. തന്റെ നമ്പർ അധികമാർക്കും അറിയുമായിരുന്നില്ല. അതുകൊണ്ട് തന്നെ പരിചയം തോന്നിയപ്പോൾ റസിഡൻസ് അസോസിയേഷന്റെ ബുക്കിൽ പരിശോധിക്കുകയായിരുന്നു. അങ്ങനെ പരിശോധിച്ചപ്പോഴാണ് ആളെ കണ്ടെത്തിയത്. ഇതോടെ കൈയ്യക്ഷരം ഒന്ന് തന്നെയാണോയെന്ന് കണ്ടെത്താൻ ഇത് ബെംഗളൂരുവിലെ സ്വകാര്യ ലാബിലേക്ക് അയച്ച് കൊടുത്തു. പരിശോധനയിൽ അജിത്തിന്റേത് തന്നെയാണ് കയ്യക്ഷരം എന്ന് തെളിഞ്ഞു. പിന്നാലെ കമ്മീഷ്ണർ ഓഫീസിൽ പരാതി നൽകുകയായിരുന്നു.
തുടർന്ന് ഡി ജി പിക്കും പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ കൈയ്യക്ഷരം പോലീസ് ഫോറൻസിക് പരിശോധനയ്ക്ക് അയക്കുകയായിരുന്നു. 2020 ൽ തന്നെ ഫോറൻസിക് പരിശോധനയിലും കൈയ്യക്ഷരം അജിത്തിൻറേതാണെന്ന് കണ്ടെത്തുകയായിരുന്നുവെന്നും വീട്ടമ്മ പറയുന്നു. കേസ് നിലവിൽ കോടതിയിലാണ്.
തന്റെ ഭർത്താവ് റെസിഡൻസ് അസോസിയേഷൻ സെക്രട്ടറിയായിരുന്നു. അജിത്തിനെതിരെ നിരവധി പരാതികൾ വന്നപ്പോൾ അദ്ദേഹം വിളിച്ച് സംസാരിച്ചിരുന്നു. ഇതിന്റെ വൈരാഗ്യം തീർക്കാനാണ് അയാൾ നമ്പർ എഴുതിയിട്ടതെന്ന് യുവതി ആരോപിച്ചു. അതേസമയം തനിക്കെതിരായ പരാതി വ്യാജമാണെന്നും കേസ് റദ്ദാക്കാൻ ഹൈക്കോടതിയിൽ ഹർജി നൽകിയിട്ടുണ്ടെന്നും അജിത് കുമാർ അറിയിച്ചു.












Click it and Unblock the Notifications