'സിപിഎമ്മിന് എങ്ങനെയാണ് ബിജെപിയെ പോലെ മുസ്‌ലിംകളെ പ്രതിസ്ഥാനത്ത് നിർത്താൻ സാധിക്കുന്നത്?'
തിരഞ്ഞെടുപ്പിൽ ന്യൂനപക്ഷ വർഗീയത നിറഞ്ഞാടിയെന്ന കെകെ രാഗേഷിൻ്റെ പ്രസ്താവനയ്്കെതിരെ വി കുഞ്ഞികൃഷ്ണൻ എംഎൽഎ. പരാജയത്തിന് വർഗീയതയുടെ മേലങ്കിയണിയിച്ച് ഉത്തരവാദിത്തങ്ങളിൽ നിന്ന് ഓടി രക്ഷപ്പെടാനുള്ള വ്യഗ്രത കാണിക്കുകയാണ് രാഗേഷ് എന്നും വർഗീയ രാഷ്ട്രീയത്തിലൂടെ സമൂഹത്തിൽ ധ്രുവീകരണം സൃഷ്ടിച്ച് അതുവഴി രാഷ്ട്രീയ ലാഭം കൊയ്യാനുള്ള അപക്വത അദ്ദേഹത്തിന്റെ പ്രസംഗങ്ങളിൽ വ്യക്തമാണെന്നും കുഞ്ഞികൃഷ്ണൻ വിമർശിച്ചു. ഫേസ്ബുക്കിലൂടെയാണ് പ്രതികരണം.
'ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് തോൽവിയെ ന്യായീകരിക്കാനും നേതൃത്വത്തെ സംരക്ഷിക്കാനും സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് നടത്തിയ പ്രസ്താവന വിവാദമായിരിക്കുകയാണ്. ഈ പ്രസ്താവനയെ സിപിഎം പോളിറ്റ് ബ്യൂറോ മെമ്പർ പിണറായി വിജയൻ അനുകൂലിച്ചത് തോൽവി രുചിച്ചിട്ടും തെറ്റുകൾ തിരുത്തില്ല എന്നതിൻറെ സൂചനയാണ്. അതുപോലെ തന്നെ അത്യന്തം അപകടകരവുമാണ്. ഈ നിലപാടിനെ അംഗീകരിച്ച് രംഗത്തെത്തിയത് ആർഎസ്എസ് നേതാക്കൾ മാത്രമാണ് എന്ന കാര്യം നാം അതീവ ഗൗരവമായി കാണേണ്ടതുണ്ട്.

മുസ്‌ലിം വർഗീയത തിമിർത്താടിയ തിരഞ്ഞെടുപ്പാണ് നടന്നതെന്ന് രാഗേഷ് ചരിത്രത്തെയും വർത്തമാന കാലത്തെയും തള്ളിപ്പറയുന്നതിന് തുല്യമാണ്. നിങ്ങൾ നോക്കൂ, ബംഗാളിൽ ഇത്തവണ ഒരു സീറ്റ് ജനങ്ങൾ സിപിഎമ്മിന് നൽകിയിട്ടുണ്ട്. മുർഷിദാബാദ് ജില്ലയിലെ ഡോങ്കലിൽ ആണ് സിപിഎം സ്ഥാനാർഥി മുസ്തഫിജുര്‍ റഹ്‌മാന്‍ അവിടെ ജയിച്ചത് 16000 ൽ അധികം വോട്ടിനാണ്. എസ്ഡിപിഐ ശക്തി കേന്ദ്രം കൂടിയാണ് ഈ മണ്ഡലം. 89 ശതമാനം വരുന്നത് മുസ്‌ലിം ജനവിഭാഗമാണ്. എസ്ഡിപിഐ-സിപിഎം സഖ്യമാണ് ബംഗാളിൽ ഉണ്ടായിരുന്നത്. അത് ഏവർക്കും അറിയുന്ന കാര്യമാണ്. ഇങ്ങനെ ഒരു രാഷ്ട്രീയ പശ്ചാത്തലത്തിൽ കൂടി കടന്നുപോകുന്ന സിപിഎമ്മിന് എങ്ങനെയാണ് ബിജെപിയെ പോലെ മുസ്‌ലിംകളെ പ്രതിസ്ഥാനത്ത് നിർത്താൻ സാധിക്കുന്നത്?
വടക്കൻ കേരളത്തിലെ പോരാട്ട പാരമ്പര്യത്തെ തിരിച്ചറിയാൻ സാധിക്കാത്ത സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി കൂടി ഭാഗവാക്കായ പരാജയത്തിന് വർഗീയതയുടെ മേലങ്കിയണിയിച്ച് ഉത്തരവാദിത്തങ്ങളിൽ നിന്ന് ഓടി രക്ഷപ്പെടാനുള്ള വ്യഗ്രത കാണിക്കുകയാണ് എന്ന് ജനങ്ങൾക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. വർഗീയ രാഷ്ട്രീയത്തിലൂടെ സമൂഹത്തിൽ ധ്രുവീകരണം സൃഷ്ടിച്ച് അതുവഴി രാഷ്ട്രീയ ലാഭം കൊയ്യാനുള്ള അപക്വത അദ്ദേഹത്തിന്റെ പ്രസംഗങ്ങളിൽ വ്യക്തമാണ്. അത്തരം പ്രവർത്തികളോട് ശക്തമായി അപലപിക്കുന്നു.
ഇന്നാട്ടിലെ പോരാളികൾ ആശയ ബോധ്യത്തിൽ മനുഷ്യനന്മയ്ക്കായുള്ള പ്രവർത്തനത്തെയും ധാർമിക ബോധത്തേയും പിന്തുണച്ച അനേകലക്ഷം സാധാരണ മനുഷ്യരാണ്. ആശയത്തെ പിൻപറ്റിയ ആ മനുഷ്യർക്ക് ജാതിയോ മതമോ ഒരു കാലത്തും വിഷയമായിരുന്നില്ല. ചരിത്രത്തിൽ അവരുടെ പേരുകൾ രേഖപ്പെടുത്താറില്ല. വലിയ മനസുള്ള ആ പോരാളികൾ തലമുറകളിൽ വിത്ത് പാകിയതാണ് ഈ നാടിന്റെ പോരാട്ട പാരമ്പര്യം.
ഈ മണ്ണിലെ രാഷ്ട്രീയ ഉൾക്കരുത്ത് ആശയമാണ്. എല്ലാ കാലത്തും എതിർത്തത് അധികാര ദുഷ്പ്രഭുത്വത്തെയാണ്, അനീതിയെയാണ്. ഉയർത്തിപിടിച്ചത് അവനവന്റെയും ചുറ്റുമുള്ളവന്റെയും ആത്മാഭിമാനത്തെയാണ്. വെറുക്കുന്നത് അസത്യപ്രചാരണങ്ങളെയാണ്. തലകുനിച്ചും വിധേയപ്പെട്ടും ആജ്ഞാനുവർത്തികളായും ഒരു കാലത്തും ഈ നാട്ടിലെ ജനത നിന്നിട്ടില്ല. നിൽക്കുകയുമില്ല. ആശയ വ്യക്തതയുള്ള മനുഷ്യരാണ് ഈ മണ്ണിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ പിടിച്ച് നിർത്തിയത്. ആശയത്തിൽ വിശ്വസിക്കുന്ന ഈ മനുഷ്യർക്ക് സംഘടന ആശയത്തിന് മുകളിൽ കെട്ടിപ്പടുത്ത കേവല സംവിധാനം മാത്രമാണ്. അവർക്ക് സ്ഥാനങ്ങൾ അധികാര കേന്ദ്രങ്ങളല്ല, ഉത്തരവാദിത്തങ്ങൾ മാത്രമാണ്. ആ ഒരു തിരിച്ചറിവാണ് രാഗേഷിനും കൂട്ട് സഖാക്കൾക്കും ഇല്ലാതെ പോയത്. ജാതിയിലും മതത്തിനും അതീതമായി അചഞ്ചലമായി ഇന്നാട്ടിലെ മനുഷ്യരുടെ സ്നേഹത്തിന്റെ രാഷ്ട്രീയം ഇവിടെ സദാ ഉയർന്നു നിൽക്കും. ഞങ്ങളുടെ പോരാട്ടം അതിനെതിരെ നിൽക്കുന്നവർക്കെതിരെ തുടർന്നുകൊണ്ടിരിക്കും'












Click it and Unblock the Notifications