കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജോസ് വന്നപ്പോള്‍ എല്‍ഡിഎഫ് ശരിക്കും ശക്തിപ്പെട്ടോ? യുഡിഎഫ് തളര്‍ന്നോ? ജോസഫിനും സിപിഐയ്ക്കും ഏകാഭിപ്രായം

Google Oneindia Malayalam News

കോട്ടയം: കേരള കോണ്‍ഗ്രസ് എമ്മില്‍ നിന്ന് ജോസഫ് പിളര്‍ന്നുപോവുകയായിരുന്നു എന്ന് വേണമെങ്കില്‍ ഇപ്പോള്‍ പറയാം. കാരണം, കേരള കോണ്‍ഗ്രസ് എം എന്ന പേര് ഇപ്പോള്‍ ജോസ് കെ മാണിയുടെ പാര്‍ട്ടിയ്ക്ക് മാത്രം സ്വന്തമാണ്. ജോസഫ് ആണെങ്കില്‍, പിളര്‍പ്പിന് ശേഷം ഏറെക്കാലം പാര്‍ട്ടിയ്‌ക്കൊരു പേരോ, ചിഹ്നമോ ഇല്ലാതെ അലയുകയായിരുന്നു. ഒടുവില്‍ പിസി തോമസിന്റെ കേരള കോണ്‍ഗ്രസില്‍ ലയിച്ചപ്പോഴായിരുന്നു ഇതിനൊരു അന്ത്യമുണ്ടായത്.

'ഹരിത'യില്‍ ലീഗിന് പിഴച്ചു? കെപിഎ മജീദ് പറഞ്ഞുവയ്ക്കുന്നതെന്ത്? നീതിതേടുന്നവര്‍ക്ക് അതുറപ്പാക്കലാണ് പാരമ്പര്യം'ഹരിത'യില്‍ ലീഗിന് പിഴച്ചു? കെപിഎ മജീദ് പറഞ്ഞുവയ്ക്കുന്നതെന്ത്? നീതിതേടുന്നവര്‍ക്ക് അതുറപ്പാക്കലാണ് പാരമ്പര്യം

എന്തായാലും തിരഞ്ഞെടുപ്പൊക്കെ കഴിഞ്ഞു, എല്‍ഡിഎഫ് അധികാരത്തിലെത്തുകയും ചെയ്തു. പാര്‍ട്ടി തിരിച്ചുള്ള തിരഞ്ഞെടുപ്പ് വിശകലനങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. മുന്നണികള്‍ക്കുള്ളില്‍ തന്നെ വ്യത്യസ്ത പാര്‍ട്ടികള്‍ വ്യത്യസ്തമായ കാര്യങ്ങള്‍ കണ്ടെത്തുന്നു എന്നതാണ് കേരള കോണ്‍ഗ്രസിന്റെ പിളര്‍പ്പിനെ സംബന്ധിച്ചുള്ള രസകരമായ കാര്യം.

1

കേരള കോണ്‍ഗ്രസ് എമ്മിന്റെ വരവ് എല്‍ഡിഎഫിന്റെ തിരഞ്ഞെടുപ്പ് വിജയത്തില്‍ ഗുണം ചെയ്തു എന്നാണ് സിപിഎമ്മിന്റെ വിലയിരുത്തല്‍. പ്രത്യേകിച്ചും കോട്ടയം, പത്തനംതിട്ട ജില്ലകളില്‍. സാധാരണ ഗതിയില്‍ ഇടതുപക്ഷത്തിന് സാധ്യമാകാത്ത തരത്തിലുള്ള മുന്നേറ്റം ഈ തിരഞ്ഞെടുപ്പില്‍ ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടുണ്ട് എന്നത് ഒരു യാഥാര്‍ത്ഥ്യവും ആണ്. അതേസമയം കേരള കോണ്‍ഗ്രസ് എമ്മിന്റെ ശക്തികേന്ദ്രങ്ങള്‍ എന്ന് കരുതപ്പെട്ട രണ്ടിടങ്ങളില്‍ ആ പാര്‍ട്ടി പരാജയപ്പെടുന്ന സാഹചര്യവും ഉണ്ടായി.

2

എല്‍ഡിഎഫിലെ രണ്ടാം കക്ഷിയായ സിപിഐയുടെ വിലയിരുത്തലിലേക്ക് വരാം. കേരള കോണ്‍ഗ്രസ് എമ്മിന്റെ വരവ് എല്‍ഡിഎഫിന് വലിയ നേട്ടമൊന്നും ഉണ്ടാക്കിയിട്ടില്ല എന്നാണ് സിപിഐയുടെ തിരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടില്‍ പറയുന്നത്. കേരള കോണ്‍ഗ്രസ് എമ്മിന്റെ ഇടതുമുന്നണി പ്രവേശനത്തെ കൂടുതല്‍ വിമര്‍ശനാത്മകമായിട്ടാണ് സിപിഐ വിലയിരുത്തുന്നത്. കേരള കോണ്‍ഗ്രസ് എമ്മിനെ ഇടതുപക്ഷത്തിന്റെ ഭാഗമാണെന്ന് ഉള്‍ക്കൊള്ളാന്‍ ഇടതുപക്ഷത്തെ തന്നെ ഒരു വിഭാഗം തയ്യാറായില്ല എന്ന വിമര്‍ശനവും സിപിഐ ഉന്നയിച്ചിട്ടുണ്ട്.

3

ജോസ് കെ മാണിയുടെ തോല്‍വിയെ വിലയിരുത്തിയത്, മുന്നണി മര്യാദയുടെ സീമകള്‍ പോലും ലംഘിച്ചുകൊണ്ടാണെന്ന് ആക്ഷേപമുണ്ട്. ജോസ് കെ മാണി ജനകീയനല്ലാത്തതാണ് പ്രശ്‌നമെന്നാണ് കണ്ടെത്തല്‍. പാലായിലേയും കടുത്തുരുത്തിയിലേയും തോല്‍വിയും പ്രത്യേകമായി സിപിഐ ഉയര്‍ത്തിക്കാണിക്കുന്നുണ്ട്. മുന്നണി പ്രവേശനം കൊണ്ട് മുന്നണിയേക്കാള്‍ ഗുണം ലഭിച്ചത് കേരള കോണ്‍ഗ്രസ് എമ്മിനാണെന്നും സിപിഐ വിലയിരുത്തുന്നുണ്ട്. എന്തായാലും 12 സീറ്റില്‍ മത്സരിച്ച കേരള കോണ്‍ഗ്രസ് എമ്മിന് അഞ്ച് സീറ്റില്‍ വിജയിക്കാന്‍ ആയി എന്നത് നേട്ടമല്ലെന്ന് പറയാന്‍ കഴിയില്ല.

4

അടുത്തതായി കോണ്‍ഗ്രസിന്റെ വിലയിരുത്തലിലേക്ക് വരാം. കെപിസിസി ഉപസമിതി നടത്തിയ അന്വേഷണങ്ങള്‍ക്കും പരിശോധനകള്‍ക്കും ഒടുവില്‍ കണ്ടെത്തിയത് കേരള കോണ്‍ഗ്രസിന്റെ പിളര്‍പ്പ് യുഡിഎഫിന് വലിയ തിരിച്ചടിയായി എന്നാണ്. കോട്ടയം ജില്ലയില്‍ ഇത് വലിയ തോതില്‍ പ്രതിഫലിച്ചു എന്നും കോണ്‍ഗ്രസ് വിലയിരുത്തുന്നുണ്ട്. അതുപോലെ തന്നെ, കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന് വേണ്ടത്ര മെച്ചപ്പെട്ട പ്രകടനം കാഴ്ചവയ്ക്കാന്‍ ആയില്ലെന്നും കോണ്‍ഗ്രസ് വിലയിരുത്തുന്നു. ജോസ് കെ മാണി, മുന്നണി വിടാനുള്ള സാഹചര്യം ഉണ്ടാക്കിയത് ഇതേ കോണ്‍ഗ്രസ് പാര്‍ട്ടി തന്നെ ആയിരുന്നു എന്ന യാഥാര്‍ത്ഥ്യം കൂടി ഇതോടൊപ്പം ഓര്‍ക്കേണ്ടതാണ്.

5

കോണ്‍ഗ്രസിന്റെ ഈ കണ്ടെത്തലില്‍ ജോസഫ് വിഭാഗത്തിന് വലിയ എതിര്‍പ്പും പ്രതിഷേധവും ഉണ്ട്. ജോസ് കെ മാണി പോയതൊന്നും അല്ല തിരിച്ചടിയുടെ കാരണം എന്നാണ് അവര്‍ പറയുന്നത്. അത് തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ മുതല്‍ പിജെ ജോസഫ് പറയുന്ന കാര്യമാണ്. കോണ്‍ഗ്രസിലേയും മുന്നണിയിലേയും അന്ത:ഛിദ്രങ്ങളാണ് തോല്‍വിയുടെ കാരണമെന്നും, തങ്ങളുടെ ശക്തിയ്ക്ക് യാതൊരു കോട്ടവും സംഭവിച്ചിട്ടില്ല എന്നും ജോസഫ് ഗ്രൂപ്പ് ആവര്‍ത്തിക്കുന്നു. കെപിസിസി ഉപസമിതിയുടെ റിപ്പോര്‍ട്ടിലുള്ള അതൃപ്തി യുഡിഎഫ് നേതൃത്വത്തെ നേരിട്ട് അറിയിക്കാനും ജോസഫ് ഗ്രൂപ്പ് തീരുമാനിച്ചിട്ടുണ്ട്.

6

ജോസ് കെ മാണിയുടെ വരവ് ഗുണം ചെയ്തു എന്ന് എല്‍ഡിഎഫില്‍ സിപിഎം വിലയിരുത്തുന്നു. ജോസ് പോയത് വലിയ തിരിച്ചടിയായി എന്ന് യുഡിഎഫില്‍ കോണ്‍ഗ്രസും വിലയിരുത്തുന്നു. അതുപോലെ ജോസിന്റെ വരവ് കാര്യമായി ഗുണം ചെയ്തില്ലെന്ന് എല്‍ഡിഎഫില്‍ സിപിഐ വിലയിരുത്തുന്നു. ജോസ് പോയതുകൊണ്ട് വലിയ തിരിച്ചടിയൊന്നും ഉണ്ടായില്ലെന്ന് യുഡിഎഫില്‍ ജോസഫ് ഗ്രൂപ്പ് വിലയിരുത്തുന്നു. രണ്ട് മുന്നണികള്‍ക്കുള്ളിലെ വ്യത്യസ്ത അഭിപ്രായങ്ങളെ ചുരുക്കത്തില്‍ ഇങ്ങനെ പറയാം.

7

കണക്കുകള്‍ നോക്കിയാല്‍ ഒരു കാര്യം വ്യക്തമാണ്. ജോസ് കെ മാണി വന്നതിന്റെ പ്രതിഫലനം മധ്യ തിരുവിതാംകൂറില്‍ എല്‍ഡിഎഫ് വിജയത്തില്‍ ഉണ്ടായിട്ടുണ്ട്. കോട്ടയത്തെ ഒമ്പത് സീറ്റുകളില്‍ അഞ്ചെണ്ണത്തിലും വിജയിക്കാന്‍ എല്‍ഡിഎഫിന് സാധിക്കുക എന്നത് അത്ര നിസ്സാരകാര്യമല്ല. മുന്‍ തിരഞ്ഞെടുപ്പുകളില്‍ ഒന്നും എല്‍ഡിഎഫിന് ഇത് സാധിച്ചിട്ടില്ല. ഇനി പത്തനംതിട്ടയിലേക്ക് വരാം. അഞ്ചില്‍ അഞ്ച് മണ്ഡലങ്ങളും അവിടെ എല്‍ഡിഎഫ് തൂത്തുവാരി. ഒരു സീറ്റില്‍ മാത്രമാണ് കേരള കോണ്‍ഗ്രസ് എം ജയിച്ചത് എങ്കിലും മറ്റ് മണ്ഡലങ്ങളിലും അവരുടെ സാന്നിധ്യം നിര്‍ണായകമായിരുന്നു എന്ന് വിലയിരുത്താവുന്നതാണ്.

8

അതുപോലെ തന്നെ, സിപിഐ ഉന്നയിക്കുന്ന ചോദ്യങ്ങളിലും അല്‍പം ശരിയില്ലേ എന്ന് തോന്നിപ്പിക്കുന്ന കാര്യങ്ങളും ഉണ്ട് തിരഞ്ഞെടുപ്പ് ഫലത്തില്‍. കേരള കോണ്‍ഗ്രസ് എമ്മിന്റെ ഈറ്റില്ലം എന്ന് വിശേഷിപ്പിക്കപ്പെടുന്ന പാലായില്‍, പാര്‍ട്ടി ചെയര്‍മാന്‍ ആയ ജോസ് കെ മാണി പരാജയപ്പെട്ടത് ഒന്നോ രണ്ടോ വോട്ടുകള്‍ക്കല്ല- 15,378 വോട്ടുകള്‍ക്കാണ്. ഇടതുമുന്നണി വിട്ട് യുഡിഎഫില്‍ ചേക്കേറിയ മാണി സി കാപ്പനാണ് അവിടെ വിജയിച്ചത് എന്നും ഓര്‍ക്കണം. അതുപോലെ തന്നെയാണ് കടുത്തുരുത്തിയിലെ കാര്യം. കേരള കോണ്‍ഗ്രസ് എമ്മിന് ഏറ്റവും അധികം ഷുവര്‍വോട്ടുകള്‍ ഉള്ള മണ്ഡലം എന്നും അടിത്തറയുള്ള മണ്ഡലം എന്നും വിശേഷിപ്പിക്കപ്പെടുന്നത് കടുത്തുരുത്തിയെ ആണ്. അവിടെ വിജയിച്ചത് ബദ്ധവൈരികളായ ജോസഫ് ഗ്രൂപ്പിന്റെ സ്ഥാനാര്‍ത്ഥി മോന്‍സ് ജോസഫും. പാര്‍ട്ടിയ്ക്ക് ഏറ്റവും ശക്തിയുണ്ട് എന്ന് പറയുന്ന മണ്ഡലങ്ങളില്‍ പരാജയപ്പെടുകയും അല്ലാത്ത ഇടങ്ങളില്‍ വിജയിക്കുകയും ചെയ്യുമ്പോള്‍, മുന്നണി പ്രവേശനം കൊണ്ട് ആര്‍ക്കാണ് നേട്ടമുണ്ടായത് എന്ന സിപിഐയുടെ ചോദ്യത്തിന് വീണ്ടും ശബ്ദം കൂടും.

9

കേരളത്തില്‍ ഇത്തവണ ഒരു ഭരണ വിരുദ്ധ വികാരം ഉണ്ടായിരുന്നില്ല എന്നത് യാഥാര്‍ത്ഥ്യമാണ്. അതുപോലെ തന്നെ ഒരു ഭരണാനുകാല വികാരം ഉണ്ടാവുകയും ചെയ്തിരുന്നു. കേരള കോണ്‍ഗ്രസ് എം എല്‍ഡിഎഫില്‍ എത്തിയില്ലായിരുന്നെങ്കില്‍ പോലും എല്‍ഡിഎഫ് അധികാരത്തില്‍ എത്തുകയും ചെയ്യുമായിരുന്നു. എന്നാല്‍ ചിലയിടങ്ങളിലെങ്കിലും എല്‍ഡിഎഫ് വിജയത്തിനും അതിനുപരി യുഡിഎഫിന്റെ പരാജയത്തിനും കേരള കോണ്‍ഗ്രസ് പിളര്‍പ്പ് കാരണമായിട്ടുണ്ട്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ മധ്യതിരുവിതാംകൂറില്‍ എല്‍ഡിഎഫ് ഉണ്ടാക്കിയ വലിയ നേട്ടത്തിലും കേരള കോണ്‍ഗ്രസ് എമ്മിന്റെ പങ്ക് അത്ര ചെറുതായി കാണാന്‍ ആവില്ല.

English summary
How different parties in LDF and UDF had different opinion about the performance of Kerala Congress M in Assembly Election.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X