ദിലീപ് കുടുങ്ങിയ സംഭവം ഇങ്ങനെ; ഒരിക്കലും മറക്കാത്ത 83 ദിനങ്ങള്‍, അത്താണിയിലെ അപകടം
കൊച്ചി: സിനിമാ താരങ്ങളെ മാത്രമല്ല, കേരളത്തെ മൊത്തം പിടിച്ചുലച്ച സംഭവമായിരുന്നു നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17ന് രാത്രി നടിക്ക് നേരിട്ട ക്രൂരതയെ സംബന്ധിച്ച് അന്വേഷിച്ച പോലീസ് കണ്ടെത്തിയത് ഞെട്ടിക്കുന്ന കാര്യങ്ങളാണ്. തൃശൂരില്‍ നിന്ന് കൊച്ചിയിലേക്ക് പോകുകയായിരുന്നു നടി. അങ്കമാലിയില്‍ അക്രമികളില്‍ ചിലര്‍ നടിയുടെ വാഹനം കാത്തു നിന്നിരുന്നു. കാര്‍ കടന്നുപോയതോടെ അവര്‍ ടെമ്പോ ട്രാവലറില്‍ പിന്തുടര്‍ന്നു.
നെടുമ്പാശേരിയിലെ അത്താണിയില്‍ എത്തുന്നതിന് മുമ്പ് നടിയുടെ കാറില്‍ ടെമ്പോ ട്രാവലര്‍ ഇടിച്ചു. ഇത് മനപ്പൂര്‍വമുള്ള നീക്കമായിരുന്നു എന്ന് പോലീസ് പറയുന്നു. കാര്‍ ഡ്രൈവറും ട്രാവലറിലുണ്ടായിരുന്നവരും അവിടെ നേരിയ തര്‍ക്കമുണ്ടായി. ഇതിനിടെയാണ് നടി ഇരുന്ന സീറ്റിലേക്ക് അക്രമികള്‍ ഇടിച്ചുകയറിയത്. കാര്‍ വീണ്ടും കുതിച്ചു. പിന്നാലെ ട്രാവലറും.

ക്രൂരകൃത്യത്തിന് ശേഷം അക്രമികള്‍ രക്ഷപ്പെട്ടു. നടിയും ഡ്രൈവറും എത്തിയത് കൊച്ചിയിലെ മുതിര്‍ന്ന നടന്റെ വീട്ടിലേക്ക്. ഇവിടെ നിന്നാണ് തൃക്കാക്കര എംഎല്‍എ ആയിരുന്ന പിടി തോമസിനെ അറിയിക്കുന്നത്. അക്രമികളെ ഒരിക്കലും വെറുതെ വിടരുതെന്നും ധൈര്യപൂര്‍വം മുന്നോട്ട് പോകണമെന്നും പിടി തോമസ് നടിയോട് ആവശ്യപ്പെട്ടു. തുടര്‍ന്ന് ഉന്നത പോലീസ് ഓഫീസറെ വിളിച്ച് സംഭവം പറഞ്ഞു.
നടിയുടെ ഡ്രൈവറുടെ മൊഴി പോലീസിന്റെ സംശയത്തിന് ഇടയാക്കി. രക്ഷപ്പെടാനുള്ള പ്രതികളുടെ നീക്കം പോലീസ് തടഞ്ഞു. ഒടുവില്‍ കോടതിയില്‍ കീഴടങ്ങാനെത്തിയ പ്രതികളെ ബലമായി പോലീസ് കസ്റ്റഡിയിലെടുത്തു. മറ്റു പ്രതികളെയും പോലീസ് പിടികൂടി. അതുവരെ ഒരു ലൈംഗിക അതിക്രമ കേസ് മാത്രമായി കണ്ടിരുന്ന സംഭവം അധികം വൈകാതെ രൂപം മാറി. ക്വട്ടേഷന്‍ പ്രകാരമാണ് ആക്രമണം നടന്നത് എന്നായിരുന്നു പോലീസിന്റെ അന്വേഷണത്തില്‍ തെളിഞ്ഞത്.
അന്വേഷണം ദിലീപിലേക്ക്
നടിയെ ആക്രമിക്കാന്‍ ഗൂഢാലോചന നടത്തിയത് ദിലീപ് ആണ് എന്നാണ് അന്വേഷണ സംഘത്തിന്റെ വാദം. അറസ്റ്റിലായ പ്രതികളില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ദിലീപിനെയും നാദിര്‍ഷയെയും ചോദ്യം ചെയ്തു. ജൂലൈ 10ന് ദിലീപിനെ അറസ്റ്റ് ചെയ്തു. 83 ദിവസത്തിന് ശേഷം ഹൈക്കോടതി കര്‍ശന ഉപാധികളോടെ ജാമ്യം നല്‍കിയപ്പോഴാണ് ദിലീപിന് പുറത്തിറങ്ങാനായത്.
അപ്പോഴേക്കും സിനിമാ മേഖലയിലുള്ളവര്‍ രണ്ട് ചേരിയായിരുന്നു. ദിലീപിനെ പിന്തുണയ്ക്കുന്നവരും നടിയെ പിന്തുണയ്ക്കുന്നവരും. സിനിമാ രംഗത്തെ വനിതാ കൂട്ടായ്മയായ ഡബ്ല്യുസിസിയുടെ പിറവിക്ക് കാരണമായ സംഭവം ഇതാണ്. ഹേമ കമ്മീഷന്റെ രൂപീകരണത്തിന് കാരണമായതും നടി ആക്രമിക്കപ്പെട്ട സംഭവം തന്നെ. കേസില്‍ എട്ടാം പ്രതിയാണ് ദിലീപ്.
മൊത്തം പത്ത് പ്രതികളാണ് കേസിലുള്ളത്. എല്ലാവരോടും ഡിസംബര്‍ എട്ടിന് വിധി പറയുന്ന ദിവസം കോടതിയില്‍ ഹാജരാകാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. തങ്ങളുടെ വാദങ്ങള്‍ സംശയത്തിന് അതീതമായി തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചോ എന്ന് എട്ടാം തിയ്യതി അറിയാം. വിധി വന്നാലും കേസ് അവസാനിച്ചേക്കില്ല. അപ്പീല്‍ ഹര്‍ജികള്‍ മേല്‍ക്കോടതികളില്‍ എത്തുമെന്നാണ് കരുതുന്നത്.












Click it and Unblock the Notifications