കേരളം എങ്ങനെ വ്യത്യസ്തമാകുന്നു? വെറുതെ പ്രസംഗിക്കുന്നതല്ല, പി എസ് സി നിയമനങ്ങളിൽ രാജ്യത്ത് മുന്നിൽ
തിരുവനന്തപുരം: കഴിഞ്ഞ 6 മാസത്തിനിടെ രാജ്യത്ത് ഏറ്റവും അധികം പി എസ് സി നിയമനങ്ങൾ നടത്തിയ സംസ്ഥാനമായി കേരളം. ആകെയുളള 34,792 നിയമനങ്ങളിൽ 15,146 ഉം കേരളത്തിലാണ് നടന്നിരിക്കുന്നത്. ഇങ്ങനെയെല്ലാമാണ് കേരളം വ്യത്യസ്തമാകുന്നത് എന്ന് മന്ത്രി എംബി രാജേഷ് ഫേസ്ബുക്കിൽ കുറിച്ചു. സർക്കാരിനെതിരെ പ്രചാരണം നടത്തുന്നവരുടെ കണ്ണ് തുറപ്പിക്കേണ്ട വാർത്തയാണിതെന്നും രാജേഷ് പ്രതികരിച്ചു.
എംബി രാജേഷിന്റെ ഫേസ്ബുക്ക് കുറിപ്പ്: കേരളം എങ്ങനെ വ്യത്യസ്തമാകുന്നു? ഞങ്ങൾ വെറുതെ പ്രസംഗിക്കുന്നതല്ല. അനിഷേധ്യമായ കണക്കുകൾ ഇതാ. ഇന്ന് രാവിലെ കേരളത്തിലെ പി എസ് സി നിയമനങ്ങളെക്കുറിച്ച് പ്രസംഗിച്ചതേയുള്ളൂ. ഇപ്പോൾ യു പി എസ് സിയുടെ ആധികാരികമായ കണക്ക് പുറത്തുവന്നിരിക്കുന്നു. രാജ്യത്ത് കഴിഞ്ഞ ആറുമാസത്തിനകം വിവിധ സംസ്ഥാനങ്ങൾ പബ്ലിക് സർവീസ് കമ്മീഷൻ വഴി നടത്തിയ 34,792 നിയമനങ്ങളിൽ 15,146 ഉം കേരളത്തിലാണ് നടന്നത്.

അതായത് കേരളത്തിൽ 15,146 പേർക്ക് പിഎസ്‍സി വഴി നിയമനം നൽകിയപ്പോൾ, മറ്റ് 26 സംസ്ഥാനങ്ങളും ചേർന്ന് 19,646 നിയമനങ്ങൾ മാത്രമാണ് നടത്തിയത്. കേരളം കഴിഞ്ഞാൽ ബംഗാളിലാണ് കൂടുതൽ നിയമനം നടന്നത്, വെറും 3605. ആറുമാസക്കാലയളവിൽ ഏറ്റവും കൂടുതൽ പരീക്ഷകൾക്ക് നോട്ടിഫിക്കേഷൻ വിളിച്ചതും കേരള പിഎസ്‍സി തന്നെ. 313 പരീക്ഷകൾക്കാണ് കേരളം 6 മാസത്തിനിടെ നോട്ടിഫൈ ചെയ്തത്, ഈ പരീക്ഷകളെല്ലാം നടത്തിയിട്ടുമുണ്ട്.
36 നോട്ടിഫിക്കേഷൻ പുറത്തിറക്കിയ ജമ്മുകശ്മീരാണ് രണ്ടാം സ്ഥാനത്ത്. ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, മണിപ്പൂർ, കർണാടക സംസ്ഥാനങ്ങളിൽ ഒറ്റപരീക്ഷയുടെയും നോട്ടിഫിക്കേഷൻ പുറപ്പെടുവിച്ചിട്ടില്ല. ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, സിക്കിം, രാജസ്ഥാൻ, ജാർഖണ്ഡ്, ഛത്തീസ് ഗഢ്, ബിഹാർ എന്നീ സംസ്ഥാനങ്ങളിൽ ആറുമാസക്കാലയളവിൽ ഒറ്റ പി എസ് സി പരീക്ഷയും നടത്തിയില്ല എന്നതും നാം കാണണം.
സർക്കാരിനെതിരെ പ്രചാരണം നടത്തുന്നവരുടെ കണ്ണ് തുറപ്പിക്കേണ്ടുന്ന വാർത്തയാണിത്. ഇങ്ങനെയെല്ലാമാണ് കേരളം വ്യത്യസ്തമാകുന്നത്. നിങ്ങൾ എന്തിനാണ് ആയിരക്കണക്കിനാളുകൾക്ക് തൊഴിൽ കൊടുക്കുന്നത് എന്നാണ് കേന്ദ്രം ചോദിക്കുന്നത്. അത്രയും നിയമനം ഒഴിവാക്കിയാൽ സാമ്പത്തിക പ്രതിസന്ധി ഉണ്ടാകില്ലല്ലോ എന്നാണ് അവരുടെ വാദം. നിയമനം ഒഴിവാക്കിക്കൊണ്ട് സാമ്പത്തിക പ്രതിസന്ധി മറികടക്കുക എന്നതല്ല ഇടതുപക്ഷ സർക്കാരിന്റെ നയം.












Click it and Unblock the Notifications