Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇത് ജലീലിന്റെ 'പൂട്ട്'... അടച്ചാലും തുറന്നാലും പണി ലീഗിന് തന്നെ; ആര്‍ക്കുവേണ്ടിയാണ് ഈ പൂട്ടെന്ന ചോദ്യം

കെടി ജലീല്‍ വേട്ടയാടപ്പെട്ടതുപോലെ ഒന്നാം പിണറായി സര്‍ക്കാരില്‍ മറ്റൊരു മന്ത്രിയും വേട്ടയാടപ്പെട്ടിട്ടില്ല. ഒടുക്കം ബന്ധുനിയമന കേസില്‍ ജലീല്‍ രാജിവച്ചു എന്നത് നേര് തന്നെയാണ്. വേട്ടയാടലായിരുന്നോ അതോ ക്രമേക്കേടുകളെ പിന്തുടര്‍ന്നതായിരുന്നോ എന്നെല്ലാം കാലം തെളിയിക്കുമായിരിക്കും.

കഴിഞ്ഞ 15 വര്‍ഷങ്ങളായി മുസ്ലീം ലീഗിന്റെ സംഘടിത 'ആക്രമണങ്ങള്‍' നേരിട്ടുകൊണ്ടിരിക്കുന്ന കെടി ജലീല്‍ ആദ്യമായാണ് ഒരു അടി തിരിച്ചടിയ്ക്കുന്നത്. ലീഗിനെ ജലീല്‍ പൂട്ടിയത് ഒരു പ്രത്യേക തരം പൂട്ടുകൊണ്ടാണ്. അത് എങ്ങനെ തുറന്നാലും പണികിട്ടുക മുസ്ലീം ലീഗിന് തന്നെ ആണ്.

ടോക്കിയോയില്‍ ചരിത്രം പിറന്ന നിമിഷങ്ങള്‍; നീരജ് ചോപ്രയിലൂടെ... ചിത്രങ്ങള്‍ കാണാം

1

വിഭാഗീയതയില്ലാത്ത രാഷ്ട്രീയ പാര്‍ട്ടികള്‍ ഉണ്ടാവില്ല. രണ്ട് പേരുണ്ടെങ്കില്‍ നാല് അഭിപ്രായങ്ങള്‍ സ്വാഭാവികമാണ്. എന്നാല്‍ മുസ്ലീം ലീഗില്‍ ദശാബ്ദങ്ങളായി അഭിപ്രായ വ്യത്യാസങ്ങള്‍ക്കും വിഭാഗീയതയ്ക്കും വലിയ പ്രാധാന്യമൊന്നും ഇല്ല. പികെ കുഞ്ഞാലിക്കുട്ടിയുടെ അധീനതയിലാണ് കാര്യങ്ങള്‍. എന്നാലിപ്പോള്‍, മുസ്ലീം ലീഗില്‍ പുതിയൊരു പാത വെട്ടിത്തുറക്കാനുള്ള അവസരമാണ് കെടി ജലീല്‍ വക ഒരുങ്ങിയിരിക്കുന്നത്. ലീഗിലെ മറ്റ് നേതാക്കള്‍ ഇത് ഉപയോഗപ്പെടുത്തുമോ ഇല്ലയോ എന്ന് മാത്രം അറിഞ്ഞാല്‍ മതി.

2

മുസ്ലീം ലീഗിനേയും കുഞ്ഞാലിക്കുട്ടിയേയും ഒരുപോലെ പൂട്ടിയിരിക്കുകയാണ് കെടി ജലീല്‍. മുഈന്‍ അലിയ്‌ക്കെതിരെ നടപടി എടുത്താലും പികെ കുഞ്ഞാലിക്കുട്ടിയ്‌ക്കെതിരെ എന്തെങ്കിലും നടപടി സ്വീകരിക്കാതിരുന്നാലും അത് ലീഗില്‍ പ്രതിസന്ധി സൃഷ്ടിക്കും. രണ്ട് പേര്‍ക്കെതിരേയും ഒരേ സമയം നടപടി എടുക്കാതിരുന്നാല്‍ അത് കൂടുതല്‍ പ്രശ്‌നമാകും. ഏതെങ്കിലും ഒരാള്‍ക്കെതിരെ മാത്രം നടപടിയെടുത്താല്‍ വിഭാഗീയത മറനീക്കി പുറത്ത് വരികയും ചെയ്യും. അങ്ങനെയാണ് കെടി ജലീല്‍ ഉയര്‍ത്തിയ വിവാദം എത്തിനില്‍ക്കുന്നത്.

3

പികെ കുഞ്ഞാലിക്കുട്ടി എന്ന വന്‍മരത്തിന്റെ കടയ്ക്കലും കെടി ജലീല്‍ മൂര്‍ച്ചയുള്ള കത്തിവച്ചുകഴിഞ്ഞിട്ടുണ്ട്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വിഷയത്തില്‍ പികെ കുഞ്ഞാലിക്കുട്ടി പാണക്കാട് കുടുംബത്തിലെ അംഗങ്ങളോട് സംസാരിക്കുന്നതിന്റെ ഫോണ്‍ സംഭാഷണം തന്റെ കൈവശം ഉണ്ടെന്നാണ് ജലീല്‍ വെളിപ്പെടുത്തിയിരിക്കുന്നത്. അത് പുറത്ത് വന്നാല്‍ പികെ കുഞ്ഞാലിക്കുട്ടിയ്ക്ക് രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കേണ്ടി വരുമെന്നും പറയുന്നുണ്ട്. മുഈന്‍ അലിയ്‌ക്കെതിരെ നടപടി എടുത്താല്‍ ഈ ശ
ബ്ദരേഖ പുറത്ത് വിടുമെന്നതായിരുന്നു ജലീലിന്റെ ഭീഷണി.

4

ഈ വിഷയത്തില്‍ പികെ കുഞ്ഞാലിക്കുട്ടിയും അദ്ദേഹത്തെ പിന്തുണയ്ക്കുന്നവരും തന്ത്രപരമായ ഒരു നിലപാടാണ് സ്വീകരിച്ചത്. മുഈന്‍ അലി തെറ്റ് ചെയ്തു എന്ന് പാര്‍ട്ടി ഉന്നതാധികാര സമിതി വിലയിരുത്തി. അക്കാര്യം സാദിഖലി തങ്ങളെ കൊണ്ട് വാര്‍ത്താ സമ്മേളനത്തില്‍ പറയിപ്പിക്കുകയും ചെയ്തു. മുഈന്‍ അലിയ്‌ക്കെതിരെ നടപടി എടുക്കണോ, വേണ്ടയോ എടുക്കുന്നെങ്കില്‍ എന്ത് നടപടി എടുക്കണം തുടങ്ങിയ തീരുമാനങ്ങള്‍ എല്ലാം ഹൈദരലി തങ്ങള്‍ക്ക് വിട്ടു. തങ്ങള്‍ക്ക് പറയാനുള്ളതെല്ലാം പറഞ്ഞുകഴിഞ്ഞ്, സംഭവത്തിന്റെ ബാധ്യത മുഴുവന്‍ ഹൈദരലി തങ്ങളുടെ തലയില്‍ കെട്ടിവയ്ക്കുകയാണ് ഇപ്പോള്‍ കുഞ്ഞാലിക്കുട്ടിയും സംഘവും ചെയ്തിരിക്കുന്നത്.

5

എന്തായാലും കെടി ജലീല്‍ തന്റെ ഗെയിമില്‍ പാതി വിജയിച്ചുകഴിഞ്ഞിരിക്കുന്നു എന്ന് പറയാം. മുഈന്‍ അലിയ്‌ക്കെതിരെ നടപടിയെടുക്കാന്‍ ഉന്നതാധികാര സമിതി തീരുമാനിച്ചില്ല എന്നത് തന്നെയാണ് അതില്‍ പ്രധാനം. ഇതോടെ പാണക്കാട് കുടുംബത്തിനെ സംരക്ഷിക്കാന്‍ ജലീല്‍ പോലും രംഗത്തുവന്നു എന്നൊരു വൈകാരിക പ്രചാരണത്തിന് സാധ്യത തെളിഞ്ഞിരിക്കുകയാണ്. ജലീലിനെ പിന്തുണയ്ക്കുന്നവര്‍ ഈ സാധ്യത നന്നായി ഉപയോഗപ്പെടുത്താനും തുടങ്ങിയിട്ടുണ്ട്. മുഈന്‍ അലിയ്‌ക്കെതിരെ നടപടിയുണ്ടാകുന്ന സാഹചര്യം ഇനിയുണ്ടായാലും കുഞ്ഞാലിക്കുട്ടിയുടെ ഓഡിയോ പുറത്ത് വിടുമെന്ന് ജലീല്‍ പറഞ്ഞുവയ്ക്കുന്നുണ്ട്

6

കെടി ജലീല്‍ പറഞ്ഞതുപോലെ ഒരു ശബ്ദരേഖ ഉണ്ടെന്ന് തന്നെ വയ്ക്കുക. ഇനി അത് പുറത്തി വിടണം എന്ന് പോലും നിര്‍ബന്ധമില്ല. പാണക്കാട് കുടുംബത്തോട് പികെ കുഞ്ഞാലിക്കുട്ടി പറയാന്‍ പാടില്ലാത്ത പലതും പറഞ്ഞിരിക്കുന്നു എന്നൊരു വികാരം അണികളില്‍ പടരാന്‍ ജലീലിന്റെ വാക്കുകള്‍ തന്നെ ധാരാളം. പികെ കുഞ്ഞാലിക്കുട്ടി ബ്ലാക്ക്‌മെയില്‍ രാഷ്ട്രീയത്തിന്റെ ആളാണെന്ന ആരോപണം കൂടിയാകുമ്പോള്‍ പ്രവര്‍ത്തകര്‍ പലതും കൂട്ടിവായിക്കുന്നുണ്ട്. എന്തായാലും മുസ്ലീം ലീഗ് സമാനതകളില്ലാത്ത പ്രതിസന്ധിയിലാണ് വീണു പോയിരിക്കുന്നത്.

7

മറ്റൊരു നിര്‍ണായക ചോദ്യവും മുസ്ലീം ലീഗിനുള്ളില്‍ പുകയുന്നുണ്ട്. കുഞ്ഞാലിക്കുട്ടി പാണക്കാട് കുടുംബത്തിലെ അംഗങ്ങളുമായി സംസാരിച്ചതിന്റെ ശബ്ദരേഖ എങ്ങനെ കെടി ജലീലിന്റെ കൈവശം എത്തി എന്നതാണ് ചോദ്യം. പാണക്കാട് കുടുംബത്തില്‍ നിന്നുള്ളവര്‍ തന്നെ ആണോ കുഞ്ഞാലിക്കുട്ടിയെ തകര്‍ക്കാന്‍ കെടി ജലീലിന് ഇത് കൈമാറിയത് എന്ന ചോദ്യവും ചിലര്‍ ഉന്നയിക്കുന്നുണ്ട്. പാണക്കാടെ കുടുംബത്തെ സംരക്ഷിക്കാനുള്ള കെടി ജലീലിന്റെ വ്യഗ്രത വ്യക്തമാക്കുന്നത് ഇത്തരത്തിലുള്ള ചില ഗൂഢാലോചകളുടെ തെളിവാണോ എന്നും കുഞ്ഞാലിക്കുട്ടിയെ പിന്തുണയ്ക്കുന്നവര്‍ സംശയിക്കുന്നുണ്ട്. ഈ വിഷയം എന്തായാലും മുസ്ലീം ലീഗും പരസ്യമായി ചര്‍ച്ച ചെയ്യാന്‍ ആഗ്രഹിക്കുന്നില്ല.

8

കോഴിക്കോട്ടെ ലീഗ് ഹൗസില്‍ ചന്ദ്രികയിലെ കാര്യങ്ങള്‍ വിശദീകരിക്കുന്ന വാര്‍ത്താ സമ്മേളനത്തില്‍ മുഈന്‍ അലി തങ്ങള്‍ കുഞ്ഞാലിക്കുട്ടിയ്‌ക്കെതിരെ ആഞ്ഞടിച്ചത് യാദൃശ്ചികമായി സംഭവിച്ച ഒന്നല്ലെന്ന് ഏറെക്കുറേ വ്യക്തമാണ്. അതിന് മുഈന്‍ അലിക്ക് പിന്തുണ ലഭിച്ചത് എവിടെ നിന്നാണ് എന്നതും ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് ഇക്കാര്യത്തെ കുറിച്ച് അറിവുണ്ടായിരുന്നോ എന്നെല്ലാം ഇനി പുറത്ത് വരേണ്ട വിവരങ്ങള്‍ ആണ്. പാര്‍ട്ടിയ്ക്കുള്ളിലെ പ്രശ്‌നങ്ങള്‍ തത്കാലം പറഞ്ഞൊതുക്കിയാലും ഇഡി, ആദായനികുതി അന്വേഷണങ്ങള്‍ മുസ്ലീം ലീഗ് നേതാക്കളുടെ ഉറക്കം കെടുത്തുമെന്ന് ഉറപ്പാണ്.

9

കെടി ജലീല്‍ ഇപ്പോള്‍ നടത്തുന്ന നീക്കങ്ങള്‍ക്ക് പിന്നില്‍ സിപിഎം ആണെന്ന സംശയം മുസ്ലീം ലീഗ് ഉന്നയിച്ചുകഴിഞ്ഞിട്ടുണ്ട്. കുഞ്ഞാലിക്കുട്ടിയെ ലക്ഷ്യം വച്ച് സിപിഎം ആക്ടിങ് സെക്രട്ടറി എ വിജയരാഘവന്‍ നടത്തിയ പ്രതികരണവും അവരെ കൂടുതല്‍ സംശയത്തിലേക്ക് നയിക്കുന്നുണ്ട്. ഇഡി ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചെങ്കിലും പാണക്കാട് തങ്ങളുടെ വിശ്വാസ്യത ചോദ്യം ചെയ്യാതെയാണ് പൊതുസമൂഹവും ഈ വിഷയത്തെ കാണുന്നത്. ഇത് ഇത്തരത്തില്‍ വളര്‍ന്നുവരുമെന്ന ഉറപ്പോടെ തന്നെ ആയിരുന്നു കെടി ജലീല്‍ നിയമസഭയില്‍ ഒരു ചെറിയ പരാമര്‍ശത്തിലൂടെ വിവാദത്തിന് തുടക്കമിടുകയും തൊട്ടടുത്ത ദിവസം വാര്‍ത്താ സമ്മേളനത്തിലൂടെ ആഞ്ഞടിക്കുകയും ചെയ്തത്. മുഈന്‍ അലി രംഗത്ത് വന്നതോടെ കെടി ജലീലിന്റെ ചോദ്യങ്ങള്‍ കുഞ്ഞാലിക്കുട്ടി അടക്കമുള്ള നേതാക്കള്‍ നേരിടേണ്ട ഗതികേടും വന്നു. ഒന്നാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ കാലത്ത് മുസ്ലീം ലീഗും യൂത്ത് ലീഗും കെടി ജലീലിനെ ആരോപണങ്ങള്‍ കൊണ്ട് പ്രതിരോധത്തിലാക്കാനായിരുന്നു എപ്പോഴും ശ്രമിച്ചുകൊണ്ടിരുന്നത്. പികെ ഫിറോസ് ഒന്നും ഈ വിഷയത്തില്‍ ഇപ്പോള്‍ പ്രതികരിക്കാന്‍ തയ്യാറായിട്ടും ഇല്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+