മോദി എത്ര നല്ല കാര്യങ്ങൾ ചെയ്യുന്നു, കേരളത്തിലെ ക്രിസ്ത്യാനികൾക്ക് കാര്യങ്ങൾ മനസിലാകുന്നില്ല; കണ്ണന്താനം
2024 ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ ഇനി മത്സരിക്കേണ്ടെന്നാണ് എന്റെ തീരുമാനം. എന്റെ തലയിൽ സ്ഥാനാർത്ഥിത്വം കെട്ടിവെയ്ക്കുമോയെന്നത് സംശയമാണെന്നും കണ്ണന്താനം

കൊച്ചി: അടുത്ത ലോക്സഭ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ താൻ ഇല്ലെന്ന് അൽഫോസ് കണ്ണന്താനം. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ ക്രിസത്യാനികൾ ബി ജെ പിയെ വിശ്വസിക്കുമ്പോൾ എന്തുകൊണ്ടാണ് ഇവിടെ കേരളത്തിൽ ക്രിസ്ത്യാനികൾ അതിന് തയ്യാറാകാത്തതെന്നും അദ്ദേഹം ചോദിച്ചു. ട്വന്റി ഫോർ ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
2024 ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ ഇനി മത്സരിക്കേണ്ടെന്നാണ് എന്റെ തീരുമാനം. എന്റെ തലയിൽ സ്ഥാനാർത്ഥിത്വം കെട്ടിവെയ്ക്കുമോയെന്നത് സംശയമാണ്.കേരളത്തിലെ ക്രിസ്ത്യാനികൾക്ക് എന്തുകൊണ്ടോ കാര്യങ്ങൾ മനസിലാക്കാൻ സാധിക്കുന്നില്ല. അത് കഴിവില്ലായ്മയാണോ, അതോ മനസിലാക്കേണ്ടെന്ന് കരുതുന്നതാണോയെന്ന് അറിയില്ല. മോദി എത്രയോ നല്ല കാര്യങ്ങളാണ് ചെയ്തിരിക്കുന്നത്. കേരളത്തിൽ തന്നെ എത്ര കോടി ജനങ്ങൾക്ക് മോദിയെ കൊണ്ട് ഗുണം ഉണ്ടായിട്ടുണ്ട്. കാശൊക്കെ മേടിക്കുകയും പക്ഷേ അപ്പുറത്തിരുന്ന് തെറി പറയുകയും ചെയ്യുന്ന സമീപനമാണ് കാണുന്നത്.
ത്രിപുരയിൽ പ്രദ്യോദ് ദേബ് ബർമ്മൻ വലിയ ഫാക്ടർ ആകുമെന്ന് തന്നെയാണ് കണക്കുന്നത്. അദ്ദേഹം ചെറുപ്പക്കാരനാണ്, പ്രദേശികരായിട്ടുള്ള ആളുകൾ ഇതു ത്രിപുരയുടെ പാർട്ടിയാണ്, നമ്മുടെ ആത്മാഭിമാനത്തിന്റെ വിഷയമാണ് എന്നൊക്കെ കണക്കാക്കുന്നുണ്ട്. അതുകൊണ്ട് തന്നെ കുറച്ച് സീറ്റുകൾ കിട്ടാൻ സാധ്യത ഉണ്ട്, അൽഫോൺസ് കണ്ണന്താനം പറഞ്ഞു.
കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ എറണാകുളം ലോക്സഭ മണ്ഡലത്തിൽ നിന്നായിരുന്നു അൽഫോൺസ് കണ്ണന്താനം മത്സരിച്ചത്.യുഡിഎഫ് തരംഗം ആഞ്ഞടിച്ച തിരഞ്ഞെടുപ്പിൽ വലിയ പരാജയമായിരുന്നു അന്ന് അൽഫോൺസ് നേരിട്ടത്.












Click it and Unblock the Notifications