ആറാം ക്ലാസിൽ പഠിത്തം നിർത്തി, 12ാം വയസ്സിൽ വിവാഹം, ഇപ്പോൾ റംല പികെ അധ്യാപികയാണ്!
കോഴിക്കോട്: നമുക്ക് ചുറ്റുമുളള ചില ജീവിതങ്ങള്‍ അസാധാരണമാണ്. അത്തരത്തിലൊന്നാണ് കോഴിക്കോട് സ്വദേശിനിയായ അധ്യാപിക റംല പികെയുടേത്. പഠിക്കാന്‍ മിടുക്കി ആയിരുന്നിട്ടും ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍ റംലയ്ക്ക് സ്‌കൂള്‍ പഠനം അവസാനിപ്പിക്കേണ്ടതായി വന്നു. പന്ത്രണ്ടാം വയസ്സില്‍ തന്നെ വിവാഹം കഴിക്കേണ്ടി വന്നു എന്നതായിരുന്നു കാരണം. 1989 കാലത്ത് തികച്ചും യാഥാസ്ഥിതികമായ ഒരു മുസ്ലീം കുടുംബത്തിലെ അംഗമായ റംലയ്ക്ക് പഠനം തുടരുക എന്നത് സാധ്യമാകുന്ന ഒന്നായിരുന്നില്ല.
25 വയസ്സ് ആകുമ്പോഴേക്കും റംല നാല് കുട്ടികളുടെ അമ്മയായി. അവിടെ റംലയുടെ അക്കാദമിക് ജീവിതം അവസാനിച്ചുവെന്ന് കരുതിയവര്‍ക്ക് തെറ്റി. ഇന്ന് തന്റെ 45ാം വയസ്സില്‍ റംലയ്ക്ക് അറബികില്‍ എംഎ ഡിഗ്രിയുണ്ട്. സെറ്റ് പാസ്സായ റംല നാദാപുരം ഗേള്‍സ് ഹൈസ്‌കൂളില്‍ അധ്യാപികയായി ജോലി നോക്കുന്നു. പത്താം ക്ലാസ് എങ്കിലും പാസ്സാകണം എന്ന് ആഗ്രഹമുണ്ടായിരുന്നുവെന്നും എന്നാല്‍ എങ്ങനെ വീണ്ടും പഠനം തുടങ്ങും എന്ന് അറിയില്ലായിരുന്നുവെന്നും റംല പറയുന്നു.

ഒരിക്കല്‍ ഒരു എഞ്ചിനീയറുടെ ഒരു ക്ലാസില്‍ റംല പങ്കെടുക്കാനിടയായി. നാലാം ക്ലാസില്‍ പഠനം നിര്‍ത്തേണ്ടി വരികയും 17ാം വയസ്സില്‍ പഠനം വീണ്ടും തുടങ്ങി എഞ്ചിനീയറാവുകയും ചെയ്ത വ്യക്തി. അതോടെയാണ് എന്തുകൊണ്ട് തനിക്കും പഠനം വീണ്ടും ആരംഭിച്ച് കൂട എന്ന് റംലയ്ക്ക് തോന്നുന്നത്. ഇക്കാര്യ ആദ്യം പറഞ്ഞത് രണ്ടാനച്ഛനായ പോക്കര്‍ മുസ്ലിയാരോട് ആയിരുന്നു. അദ്ദേഹം പ്രോത്സാഹനം നല്‍കി. ഇതോടെ റംല പത്താം ക്ലാസില്‍ പ്രൈവറ്റായി രജിസ്റ്റര്‍ ചെയ്തു. 26ാം വയസ്സില്‍ എസ്എസ്എല്‍സി പാസ്സായി. തുടര്‍ന്ന് അഫ്‌സല്‍ ഉല്‍ ഉലമ കോളേജില്‍ രണ്ട് വര്‍ഷത്തെ അറബിക് കോഴ്‌സിന് ചേര്‍ന്നു. 2010ല്‍ ഡിഗ്രിയുമായി പുറത്തേക്ക്.
വീട്ടില്‍ സെന്‍സസ് എടുക്കാന്‍ വന്നിരുന്ന ബിഎസ്എന്‍എല്‍ ഓഫീസര്‍ മുതല്‍ അയല്‍ക്കാരും ടീച്ചര്‍മാരും അടക്കം നിരവധി പേര്‍ തനിക്ക് പിന്തുണ നല്‍കിയിരുന്നതായി റംല പറയുന്നു. അധ്യാപികയാവണം എന്ന ലക്ഷ്യത്തോടെ അക്കാലത്ത് ബിഎഡിന് തുല്യമായിരുന്ന ഡിപ്ലോമ കോഴ്‌സ് പഠിച്ചു. അക്കാലത്ത് നാല് കുട്ടികളേയും വീട്ടില്‍ നിര്‍ത്തി ഹോസ്റ്റലില്‍ നിന്നായിരുന്നു ഒരു വര്‍ഷം നീണ്ട പഠനം. രണ്ട് മക്കള്‍ അങ്കന്‍വാടിയില്‍ പോകുന്ന പ്രായത്തിലും മറ്റ് രണ്ട് പേര്‍ അതിലും കുഞ്ഞുമായിരുന്നു. 2012ല്‍ പഠനം പൂര്‍ത്തിയാക്കി സ്‌കൂളില്‍ ജോലിക്ക് കയറി. സ്വപ്‌നങ്ങളെ പിന്തുടരാനുളള എല്ലാ പിന്തുണയും ഭര്‍ത്താവും കുടുംബവും തനിക്ക് നല്‍കിയിരുന്നുവെന്നും റംല കൂട്ടിച്ചേര്‍ക്കുന്നു.












Click it and Unblock the Notifications