സൗദിയും യുഎഇയും കൈകോർക്കും: ഇറാന്റെ കളി നടക്കില്ല; സല്‍മാന്‍ കനാല്‍ വരുന്നു, 950 കി.മീ നീളം
സൗദി അറേബ്യയും യു എ ഇയും അടക്കമുള്ള ഗള്‍ഫ് രാഷ്ട്രങ്ങളുമായി തങ്ങളുടെ ബന്ധം വളരെ അധികം ശക്തിപ്പെടുത്താന്‍ ഇസ്രായേലിന് അടുത്തിടെ സാധിച്ചിരുന്നു. വർഷങ്ങളായി നിലച്ച നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കപ്പെടുകയും ചെയ്തു. കൂടുതല്‍ അറബ് രാഷ്ട്രങ്ങളുമായ സമാനമായ രീതിയില്‍ ബന്ധം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളുമായി മുന്നോട്ട് പോകുന്നതിന് ഇടയിലാണ് 2023 ഒക്ടോബറില്‍ ഇസ്രായേലിനെ ഞെട്ടിച്ചുകൊണ്ടുള്ള ആക്രമണമുണ്ടാകുന്നത്.
ഒക്ടോബർ 7 ലെ ആക്രമണത്തിന് പിന്നാലെ പശ്ചിമേഷ്യ വീണ്ടും സംഘർഷത്തിലേക്ക് നീങ്ങിയതോടെ ഇസ്രായേലും അറബ് രാഷ്ട്രങ്ങളും തമ്മിലുള്ള ബന്ധം വീണ്ടും വഷളായി, അല്ലെങ്കില്‍ ബന്ധം ശക്തിപ്പെടുത്താനുള്ള നീക്കങ്ങള്‍ തടസ്സപ്പെട്ടു. ഇസ്രായേല്‍ ആക്രണം ഗാസയില്‍ മാത്രം ഒതുങ്ങാതെ ലെബനനിലേക്കും ഇറാനിലേക്കും നീളുന്നതിനും പുതിയ സംഘർഷം സാക്ഷ്യം വഹിച്ചു.

നിരവധി തവണ വെടനിർത്തല്‍ ചർച്ചകള്‍ നടന്നെങ്കിലും ഒന്നും ലക്ഷ്യം കണ്ടില്ല. നിലവിലെ സാഹചര്യത്തില്‍ സംഘർഷം കൂടുതല്‍ കാലം മുന്നോട്ട് പോയേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അങ്ങനെയെങ്കില്‍ പശ്ചിമേഷ്യയില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ വിതരണത്തില്‍ ഉള്‍പ്പെടെ അത് വലിയ പ്രത്യഘാതങ്ങള്‍ സൃഷ്ടിച്ചേക്കും.
ഹോർമുസ് കടലിടുക്കാണ് മേഖലയിലെ ക്രൂഡ് ഓയില്‍ ഗതാഗതത്തിലെ ഒരു നിർണ്ണായക കേന്ദ്രം. പേർഷ്യൻ ഗൾഫിൽ നിന്ന് ഒമാൻ ഉൾക്കടലിലേക്കും അറബിക്കടലിലേക്കും ഹോർമുസ് കടലിടുക്കിലൂടെ പ്രതിദിനം 20 ദശലക്ഷം എണ്ണ ബാരലുകളാണ് കൊണ്ടുപോകുന്നത്. ലോകത്തെ മൊത്തം എണ്ണ വ്യാപാരത്തിൻ്റെ 30 ശതമാനം വരുമിത്. സൗദി അറേബ്യ, യു എ ഇ, ഒമാൻ, ഇറാൻ, ഖത്തർ, കുവൈറ്റ് എന്നീ പ്രധാന ഗള്‍ഫ് രാജ്യങ്ങളെല്ലാം രാജ്യങ്ങൾ ഊർജ വിതരണത്തിനായി ഈ കടലിടുക്കിനെയാണ് ആശ്രയിക്കുന്നത്.
ഹോർമുസ് കടലിടുക്ക് നിയന്ത്രിക്കുന്നത് ഇറാനാണ്. ഇസ്രായേല്‍ വിഷയത്തില്‍ ഗള്‍ഫ് രാഷ്ട്രങ്ങളില്‍ നിന്നും പഴയ രീതിയിലുള്ള പിന്തുണ ലഭിക്കുന്നില്ലെന്നും ശ്രദ്ധിക്കേണ്ടതാണ്. ഇസ്രായേല്‍ വിഷയം മുന്‍ നിർത്തി ഊ രാജ്യങ്ങളുമായി ബന്ധം സ്ഥാപിക്കാന്‍ ഇറാന്‍ ശ്രമിച്ചെങ്കിലും അത് ഇതുവരെ സാധ്യമായിട്ടില്ല. സുന്നി-ഷിയാ വിഭാഗീയതേക്കാള്‍ സാമ്പത്തിക താൽപ്പര്യങ്ങളാണ് ഇസ്രായേലിനെതിരെ കൈ കോർക്കുന്നതില്‍ നിന്നും ഗള്‍ഫ് രാഷ്ട്രങ്ങളെ അകറ്റുന്നത്.
ഇസ്രായേലിനെതിരായ നീക്കത്തില്‍ തങ്ങളുടെ താല്‍പര്യം സംരക്ഷിക്കുന്നതിന് വേണ്ടി ഹോർമുസ് കടലിടുക്ക് ഇറാന്‍ ആയുധമാക്കാനുള്ള സാഹചര്യവുമുണ്ട്. അങ്ങനെയെങ്കില്‍ യു എ ഇയെയും സൗദി അറേബ്യയെയുമാണ് അത് ഏറ്റവും അധികം ബാധിക്കുക. ഈ സാഹചര്യത്തിലാണ് സല്‍മാന്‍ കനാലിന്റെ പ്രധാന്യം വർധിക്കുന്നത്. വർഷങ്ങള്‍ക്ക് മുമ്പ് തന്നെ ഇത്തരമൊരു പദ്ധതി യു എ ഇയുടേയും സൗദി അറേബ്യയുടേയും മനസ്സിലുണ്ട്.
950 കിലോമീറ്റർ നീളമുള്ള കനാൽ അറേബ്യൻ ഗൾഫിനെ ഏദൻ ഉൾക്കടലുമായി ബന്ധിപ്പിക്കുന്ന രീതിയിലാണ് വിഭാവനം ചെയ്തിരിക്കുന്നത്. പദ്ധതി നടപ്പിലാകുകയാണെങ്കില്‍ പശ്ചിമേഷ്യയിലെ കപ്പല്‍ ഗതാഗത സംവിധാനത്തെ സമൂലമായി മാറ്റിമറിക്കും. സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യയിലൂടെയാണ് കനാല്‍ കടന്ന് പോകേണ്ടത്. സൗദിയുടെ ക്രൂഡ് ഓയില്‍ ഉല്‍പ്പാദനത്തില്‍ നിർണ്ണായക പങ്ക് വഹിക്കുന്ന മേഖല കൂടിയാണിത്.
സല്‍മാന്‍ കനാലെന്ന ട്രാൻസിറ്റ് കോറിഡോർ യാഥാർത്ഥ്യമായാൽ ഗതാഗത സമയം മാത്രമല്ല ക്രൂഡ് ഓയിലിൻ്റെ വിലയും കുറയും. ഹോർമൂസ് കടലിടുക്കില്‍ നിന്നും മാറിയുള്ള ഈ പാതയില്‍ ഹൂത്തികള്‍ പ്രശ്നം ഉണ്ടാക്കാനുള്ള സാധ്യത തള്ളിക്കളയുന്നില്ലെങ്കിലും ഇറാനെ അപേക്ഷിച്ച് അവർ താരതമ്യേനെ ചെറിയ എതിരാളികളാണ്. അതായത് ഏതെങ്കിലും തരത്തിലുള്ള ആക്രമണങ്ങളുണ്ടായാല്‍ അവരെ ശക്തമായി നേരിടാന്‍ സാധിക്കും. ഇറാനെ അത് പോലെ നേരിടാന്‍ സാധിക്കില്ല.
ക്രൂഡ് ഓയില്‍ ഗതാഗതത്തിന് സൗകര്യം ഒരുക്കുക എന്നതിന് അപ്പുറമുള്ള ലക്ഷ്യങ്ങളും സൗദി അറേബ്യയ്ക്കുണ്ട്. പ്രാദേശികവും അന്തർദേശീയവുമായ ടൂറിസത്തെ പ്രോത്സാഹിപ്പിക്കുകയാണ് ആ ലക്ഷ്യം. ഈജിപ്തിന് നല്ല വരുമാനം നൽകുന്ന സൂയസ് കനാൽ പോലെ, സൽമാൻ കനാലും ഒരു പ്രധാന വരുമാന സ്രോതസ്സായി മാറും.എണ്ണ ശേഖരം കാലക്രമേണ വറ്റിപ്പോയാലും സൗദിയുടെ സാമ്പത്തിക ആശ്രിതത്വത്തെ വൈവിധ്യവത്കരിക്കാനുള്ള ശ്രമത്തിന് സൽമാൻ കനാൽ ആവശ്യമായ ഉത്തേജനം നൽകും.












Click it and Unblock the Notifications