'എത്ര പ്രതികാര ബുദ്ധിയോടുകൂടിയാണ് വിസിയും മന്ത്രിയും പെരുമാറിയത്'; വിമർശിച്ച് തോമസ് ഐസക്

കാലടി സർവ്വകലാശാല വിവാദത്തിൽ വൈസ് ചാൻസലർ സിസി തോമസിനേയും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം ജോണിനേയും വിമർശിച്ച് മുൻമന്ത്രി ഡോ. ടിഎം തോമസ് ഐസക്. മന്ത്രിയും വിസിയും പ്രതികാര ബുദ്ധിയോടെയാണ് വിദ്യാർത്ഥികളോട് പെരുമാറിയത് എന്ന് തോമസ് ഐസക് കുറ്റപ്പെടുത്തി.

സർവകലാശാലയുടെ എതിർപ്പ് മറികടന്ന് വിദ്യാർത്ഥികളുടെ ഭേദഗതി പെറ്റീഷൻ ഹൈക്കോടതി സ്വീകരിച്ചതിന് പിന്നാലെയാണ് തോമസ് ഐസകിന്റെ പ്രതികരണം.

തോമസ് ഐസകിന്റെ ഫേസ്ബുക്ക് കുറിപ്പ്: '' സിസ തോമസിനും റോജി എം ജോണിനും ഹൈക്കോടതിയിൽ വീണ്ടും തിരിച്ചടി. വിദ്യാർത്ഥികളുടെ ഭേദഗതി പെറ്റീഷൻ സർവകലാശാലയുടെ എതിർപ്പ് മറികടന്ന് കോടതി സ്വീകരിച്ചു. നാളെ വാദം കേൾക്കും. കേരള ഹൈക്കോടതി ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റെ സിംഗിൾ ബഞ്ച് സെപ്തംബർ 1 ന് വിധിച്ചതാണ് സസ്പെൻഷനിലായ വിദ്യാർത്ഥികൾക്ക് പരീക്ഷ എഴുതാൻ ഉപാധികളോടുകൂടിയുള്ള അനുമതി. അന്വേഷണ റിപ്പോർട്ടും കോടതി തീരുമാനവും എതിരായാൽ പരീക്ഷയ്ക്ക് സാധുതയുണ്ടാകില്ല. എത്ര പ്രതികാര ബുദ്ധിയോടുകൂടിയാണ് വിസിയും മന്ത്രിയും പെരുമാറിയത്.

ഒരാൾ ദീർഘകാലം അധ്യാപിക. മറ്റേയാൾ മുൻ വിദ്യാർത്ഥി സംഘടനാ നേതാവ്. അവരുടെ വാശികൊണ്ട് ഈ തീർപ്പിനെതിരെ ഹൈക്കോടതി ഡിവിഷൻ ബഞ്ചിൽ അപ്പീലിന് പോയി. അനുകൂലവിധി സമ്പാദിച്ചു. എന്നിട്ട് നാല് പേർക്ക് സസ്പെൻഷൻ രണ്ട് മാസംകൂടി നീട്ടി. 12 പേർക്ക് മാപ്പ് എഴുതി നൽകിയാൽ സസ്പെൻഷൻ പിൻവലിക്കാമെന്ന് വാഗ്ദാനവും.

ലോകത്താകെ ഇന്നു നടക്കുന്ന വിദ്യാർത്ഥി സമരങ്ങൾ പോട്ടെ. ഇന്ത്യയിലെ വിദ്യാർത്ഥി സമരങ്ങളെങ്കിലും ഇവർ കാണണ്ടേ? ജെഎൻയു, ജാമിയ മില്ലിയ, അലിഗർ എന്നീ മൂന്ന് സർവകലാശാലകളിൽ ഒരു മാസം നീണ്ടുനിന്ന വിദ്യാർത്ഥികളുടെ പഠിപ്പുമുടക്കിനുശേഷം പുറത്താക്കിയതും ജയിലിൽകിടന്നതുമായ വിദ്യാർത്ഥികളെ തിരിച്ചെടുത്തതിനുശേഷമാണ് സമരങ്ങൾ അവസാനിപ്പിച്ചത്. അലിഗറിലും ജാമിയയിലും വിദ്യാർത്ഥികളോടു പ്രതികാരബുദ്ധിയോടെ പെരുമാറിയ പ്രോക്ടർ പോലുള്ള അധികാരികളെ സ്ഥാനത്തു നിന്നു മാറ്റുകയും ചെയ്തു.

Thomas Isaac

കാലടി സംസ്കൃത സർവകാശാലയിലെ വിദ്യാർത്ഥികൾ സുപ്രിംകോടതിയെ സമീപിച്ചു. എന്താണ് പകയുടെയും കുടിബുദ്ധിയുടെയും പാരമ്പര്യം കുപ്രസിദ്ധി നേടിയ സിസ തോമസ് ചെയ്തത്? സസ്പെൻഷൻ കാലയളവ് ഹാജർ കാലത്തിന്റെ കണക്കിൽ ഉൾപ്പെടുത്തി, വിദ്യാർത്ഥികൾക്ക് ഹാജരില്ലായെന്ന് വാദം ഉയർത്തി. സുപ്രിം കോടതി അതൊക്കെ ആ വാദങ്ങളൊക്കെ തള്ളി ഹൈക്കോടതി സിംഗിൾ ബഞ്ചിനോട് തീർപ്പ് കൽപ്പിക്കാൻ പറഞ്ഞു. തീർപ്പ് അനുകൂലമാണെങ്കിൽ സസ്പെന്റ് ചെയ്ത വിദ്യാർത്ഥികൾക്ക് പ്രത്യേക പരീക്ഷ നടത്താമെന്ന് യൂണിവേഴ്സിറ്റിക്ക് സമ്മതിക്കേണ്ടിയും വന്നു.

അങ്ങനെ കേസ് വീണ്ടും ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റെ സിംഗിൾ ബഞ്ചിന്റെ മുന്നിൽ വന്നിരിക്കുകയാണ്. എങ്ങനെ കേസ് വൈകിപ്പിക്കാൻ കഴിയുമെന്നതാണ് സർവകലാശാല അധികൃതരുടെ ശ്രമം. ഏതായാലും ഇന്നിപ്പോൾ കോടതി സുപ്രധാന തീരുമാനമെടുത്തു.
സസ്പെൻഷനും അന്വേഷണ റിപ്പോർട്ടും റദ്ദാക്കണമെന്നാവശ്യപ്പെട്ട് വിദ്യാർത്ഥികൾ നൽകിയ ഭേദഗതി ഹർജി ഹൈക്കോടതി സ്വീകരിച്ചു.

സർവകലാശാലയുടെ എതിർവാദങ്ങൾ കോടതി തള്ളി. അന്വേഷണ റിപ്പോർട്ടിൽ വ്യക്തമായ കാരണങ്ങൾ ഇല്ലെന്നും, തങ്ങൾക്കെതിരായ കുറ്റങ്ങൾ തെളിയിക്കാൻ സർവകലാശാലയുടെ പക്കൽ തെളിവില്ലെന്നുമാണ് വിദ്യാർത്ഥികൾ കോടതിയിൽ ചൂണ്ടിക്കാണിച്ചത്. നഷ്ടമായ ഹാജരും ഇന്റേണൽ മാർക്കും അനുവദിക്കണമെന്നും പരീക്ഷയെഴുതാൻ അവസരം നൽകണമെന്നുമാണ് ആവശ്യം. സിസയും റോജിയും വിടാൻ തയ്യാറല്ല. പരിഷ്കരിച്ച ഹർജി സ്വീകരിക്കരുത് എന്നായിരുന്നു സർവ്വകലാശാലയുടെ ആവശ്യം. എന്നാൽ തുറന്ന മനസ്സോടെ വാദം കേൾക്കുമെന്ന് കോടതി പറഞ്ഞു. മതി. ഈ തുറന്ന മനസ് ഉണ്ടായാൽ മതി. നീതി ലഭിക്കും'

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma