നഷ്ടമായത് വന്‍ തുക; പണം വിനിയോഗിച്ചത് ഇങ്ങനെ: സാമ്പത്തിക തട്ടിപ്പ് കേസില്‍ കുറ്റപത്രം തയാറായി
കേരളം ഏറെ ചര്‍ച്ച ചെയ്ത വിഷയമായിരുന്നു സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ദിയ കൃഷ്ണയുടെ സ്ഥാപനത്തില്‍ നടന്ന സാമ്പത്തിക തട്ടിപ്പ്. ദിയ കൃഷ്ണ തിരുവനന്തപുരം നടത്തുന്ന ഓ ബൈ ഓസി എന്ന ഫാന്‍സി ആഭരണ ഷോപ്പിലെ മുന്‍ ജീവനക്കാരികളാണ് ലക്ഷക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തിയത്. സ്ഥാപനത്തിലെ ക്യുആര്‍ കോഡ് പ്രദര്‍ശിപ്പിക്കാതെ ഉപഭോക്താക്കളില്‍ നിന്ന് ലഭിച്ച തുക സ്വന്തം അക്കൗണ്ടിലേക്ക് നേരിട്ടു വക മാറ്റിയാണ് തട്ടിപ്പ് നടത്തിയത്. ഗര്‍ഭിണിയായിരുന്ന ദിയ വളരെ വൈകിയാണ് സ്ഥാപനം വിശ്വസിച്ച് ഏല്‍പ്പിച്ച ജീവനക്കാരികളുടെ തട്ടിപ്പ് തിരിച്ചറിഞ്ഞത്.
തട്ടിപ്പ് തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന് ദിയയ്ക്കും പിതാവും നടനുമായ കൃഷ്ണകുമാറിനും എതിരെ പീഡനം അടക്കമുള്ള ആരോപണങ്ങള്‍ മുന്‍ ജീവനക്കാരികളും ഉന്നയിച്ചിരുന്നു. ഇതോടെ ഈ കേസ് വലിയ വാര്‍ത്താ പ്രാധാന്യം നേടി. ഇപ്പോഴിതാ, ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്ത കേസ് നിര്‍ണായകമായ ഒരു ഘട്ടത്തില്‍ എത്തിനില്‍ക്കുകയാണ്.

കേസില്‍ മൂന്ന് ജീവനക്കാരികള്‍ക്കും ഒരു ജീവനക്കാരിയുടെ ഭര്‍ത്താവിനും എതിരെ കുറ്റപത്രം തയ്യാറായിരിക്കുകയാണ്. വിനീത ജൂലിയറ്റ്, ദിവ്യ ഫ്രാങ്ക്‌ളിന്‍, രാധാകുമാരി എന്നിവരും വിനീതയുടെ ഭര്‍ത്താവ് ആദര്‍ശമാണ് തട്ടിപ്പ് നടത്തിയത്. തട്ടിപ്പിലൂടെ ജീവനക്കാരികള്‍ സ്ഥാപനത്തില്‍ നിന്ന് വക മാറ്റിയത് 66 ലക്ഷം രൂപയാണെന്ന് കുറ്റപത്രത്തില്‍ പറയുന്നു. ഈ തുക ആഡംബര ജീവിതത്തിനു വേണ്ടിയാണ് പ്രതികള്‍ വിനിയോഗിച്ചത്. വിശ്വാസ വഞ്ചന, മോഷണം, അനധികൃതമായി കൈവശപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് നാലു പേര്‍ക്കും എതിരെ കേസെടുത്തത്.
തങ്ങളെ തട്ടിക്കൊണ്ടു പോയി ഭീഷണിപ്പെടുത്തി പണം വാങ്ങിയെന്നും സ്ത്രീത്വത്തെ അപമാനിച്ചെന്നും ഉള്‍പ്പെടെയുള്ള പരാതികളാണ് കൃഷ്ണകുമാറിനെതിരെ നല്‍കിയത്. എന്നാല്‍ ഈ ആരോപണങ്ങള്‍ പ്രതികള്‍ നടത്തിയ കുറ്റകൃത്യങ്ങള്‍ മറച്ചുവെക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു എന്ന് പൊലീസ് കണ്ടെത്തി.
ആഡംബര ജീവിതം നയിക്കാനായിരുന്നു പണം വിനിയോഗിച്ചിരുന്നത്. പ്രതികള്‍ തട്ടിയെടുത്ത പണം ഉപയോഗിച്ച് വാഹനവും സ്വര്‍ണാഭരണങ്ങളും ഉള്‍പ്പെടെ വാങ്ങിയിട്ടുണ്ട്. തട്ടിയെടുത്ത തുക കൃത്യമായി മൂന്നു പേരും ചേര്‍ന്ന് വീതിച്ചെടുക്കുകയായിരുന്നു. ഈ വര്‍ഷം മെയിലാണ് തട്ടിപ്പ് സംബന്ധിച്ച സൂചന ദിയയ്ക്കു ലഭിക്കുന്നത്. ഷോപ്പില്‍ എത്തുന്നവരില്‍ നിന്ന് പണം സ്വീകരിക്കാന്‍ മൂന്നു ജീവനക്കാരികളും സ്വന്തം ഫോണിലെ ക്യുആര്‍ കോഡ് കാണിച്ചതോടെ ചില കസ്റ്റമേഴ്‌സിന് സംശയം തോന്നുകയും ഇക്കാര്യം അവര്‍ ദിയയെ അറിയിക്കുകയും ആയിരുന്നു.
ഇത്തരത്തില്‍ ആരെങ്കിലും പണം സ്ഥാപനത്തിന്റെ ക്യുആര്‍ കോഡില്‍ അല്ലാതെ നല്‍കിയിട്ടുണ്ടെങ്കില്‍ അറിയിക്കണം എന്ന് പറഞ്ഞ് ദിയ ഇന്‍സ്റ്റഗ്രാമില്‍ സ്റ്റോറി പോസ്റ്റ് ചെയ്തു. ഇതിനു പിന്നാലെ നിരവധി പേരാണ് മുന്‍ ജീവനക്കാരികളുടെ അക്കൗണ്ടിലേക്ക് പണം കൈമാറിയ വിവരം ദിയയെ അറിയിച്ചത്. ഒന്നര വര്‍ഷത്തോളം തുടര്‍ന്ന തട്ടിപ്പ് തിരിച്ചറിഞ്ഞതോടെ മൂന്നു പ്രതികളും പണം തിരിച്ചു തരാമെന്ന് ദിയയെ അറിയിക്കുകയായിരുന്നു. ദിയയും കുടുംബാംഗങ്ങളും പ്രതികളെ ചോദ്യം ചെയ്തപ്പോള്‍ ഇവര്‍ കുറ്റം സമ്മതിക്കുന്ന വീഡിയോയും പുറത്തുവന്നിരുന്നു.
എന്നാല്‍ പിന്നീട് കേസില്‍ വലിയ വഴിത്തിരിവുകളാണ് ഉണ്ടായത്. തങ്ങളെ തട്ടിക്കൊണ്ടു പോയതായി ആരോപിച്ച് മുന്‍ ജീവനക്കാരികള്‍ ദിയയ്ക്കും കുടുംബത്തിനും എതിരേ പരാതി നല്‍കി. ദിയക്കെതിരെ നിരവധി ആരോപണങ്ങള്‍ മാധ്യമങ്ങള്‍ക്ക് മുന്നിലും ഇവര്‍ നിരത്തി. ഇതോടെ സമൂഹ മാധ്യമങ്ങളില്‍ കൃഷ്ണകുമാറിനും ദിയയ്ക്കും എതിരെ വലിയ സൈബര്‍ ആക്രമണമാണ് നടന്നത്. ജാതി അധിക്ഷേപം ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ ദിയ നേരിടേണ്ടി വന്നു. എന്നാല്‍ പോലീസ് അന്വേഷണത്തില്‍ പ്രതികള്‍ കുറ്റകൃത്യം നടത്തിയതായി തെളിയിക്കപ്പെടുകയായിരുന്നു.
തട്ടിപ്പ് പുറത്ത് വന്നതിനു പിന്നാലെ വലിയ മാനസിക സംഘര്‍ഷത്തിലൂടെയാണ് അന്ന് ഗര്‍ഭിണിയായിരുന്ന ദിയ കടന്നുപോയത്. പിന്നീട് കുറ്റം മുന്‍ ജീവനക്കാരികളുടെ ഭാഗത്താണെന്ന് തിരിച്ചറിഞ്ഞതോടെ സോഷ്യല്‍ മീഡിയ ദിയയ്ക്കും കുടുംബത്തിനും വലിയ പിന്തുണ നല്‍കുകയും ചെയ്തു.












Click it and Unblock the Notifications