കോഴിക്കോട് ഫ്രാന്‍സിസ് ആലുക്കാസില്‍ വന്‍ കവര്‍ച്ച
കോഴിക്കോട്: ഫ്രാന്‍സിസ് ആലുക്കാസിന്റെ കോഴിക്കോട് ശാഖയില്‍ വന്‍ കവര്‍ച്ച. ജ്വല്ലറി ജീവനക്കാരനെ ആക്രമിച്ച കവര്‍ച്ചക്കാര്‍ 40 ലക്ഷം രൂപയുടെ സ്വര്‍ണ്ണം കവര്‍ന്നു. ജ്വല്ലറിയിലെ ജീവനക്കാരനായ ദിജിനെ മര്‍ദ്ദിച്ച് അവശനാക്കിയാണ് സ്വര്‍ണം കവര്‍ന്നതെന്ന് പോലീസ് പറഞ്ഞു. പരിക്കേറ്റ ദിജിന്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.
സ്വര്‍ണം ഹാള്‍മാര്‍ക്ക് ചെയ്ത് മടങ്ങുമ്പോള്‍ ആണ് സംഭവമെന്ന് പറയുന്നു. എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ ചമഞ്ഞെത്തിയ സംഘം ദിജിനെ ചോദ്യം ചെയ്യുകയും സ്വര്‍ണം പരിശോധിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. പിന്നീട് ഇവരുടെ വണ്ടിയില്‍ കയറ്റിക്കൊണ്ടുപോകുന്ന വഴിക്കായിരുന്നു അക്രമം.

മെഡിക്കല്‍ കോളേജ് ഭാഗത്തേക്ക് നീങ്ങിയ വണ്ടിയില്‍ വെച്ച് ദിജിനെ സംഘം മര്‍ദ്ദിക്കുകയും സ്വര്‍ണം കൈക്കലാക്കുകയുമായിരുന്നു. ദിജിനെ പിന്നീട് വണ്ടിയില്‍ നിന്ന് തള്ളിയിട്ട സംഘം രക്ഷപ്പെട്ടു. വണ്ടിയെക്കുറിച്ചോ കവര്‍ച്ചക്കാരെക്കുറിച്ചോ സൂചനയൊന്നും ലഭിച്ചിട്ടില്ല. ഡ്രൈവറടക്കം മൂന്നുപേരാണ് വണ്ടിയിലുണ്ടായിരുന്നതെന്ന് ദിജിന്‍ പോലീസിന് മൊഴിനല്‍കി.
ജ്വല്ലറിയുമായി ബന്ധമുള്ളവരാണോ കവര്‍ച്ചയ്ക്ക് നേതൃത്വം നല്‍കിയതെന്നകാര്യം പോലീസ് പരിശോധിക്കുന്നുണ്ട്. ദിജിന്‍ സ്വര്‍ണം ഹാള്‍മാര്‍ക്ക് ചെയ്തുകൊണ്ടുവരുന്നകാര്യം മുന്‍കൂട്ടി അറിയുന്നവരാണ് സ്വര്‍ണക്കവര്‍ച്ചയ്ക്കു പിന്നിലെന്ന് ഉറപ്പാണ്. ജീവനക്കാരെയും മറ്റും പോലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്.












Click it and Unblock the Notifications