'കര്‍മ്മയോദ്ധയുടെ തിരക്കഥ മേജർ രവി മോഷ്ടിച്ചത്', 30 ലക്ഷം നഷ്ടപരിഹാരം നൽകാൻ കോടതി വിധി, 'തീർക്കുമെന്ന് ഭീഷണി'
കൊച്ചി: കര്‍മ്മയോദ്ധ സിനിമയുമായി ബന്ധപ്പെട്ട കേസില്‍ സംവിധായകന്‍ മേജര്‍ രവിക്ക് തിരിച്ചടി. മോഹന്‍ലാലിനെ നായകനാക്കി മേജര്‍ രവി സംവിധാനം ചെയ്ത കര്‍മ്മയോദ്ധയുടെ തിരക്കഥ മോഷ്ടിച്ചതാണെന്നാണ് കോട്ടയം കൊമേഴ്‌സ്യല്‍ കോടതിയുടെ കണ്ടെത്തല്‍. തിരക്കഥാകൃത്തായ റെജി മാത്യുവിന് മേജര്‍ രവി 30 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി വിധിച്ചു.
തന്റെ തിരക്കഥ മേജര്‍ രവി മോഷ്ടിച്ചു എന്ന് ആരോപിച്ചാണ് റെജി മാത്യു കോടതിയെ സമീപിച്ചത്. 13 വര്‍ഷം നീണ്ട നിയമപോരാട്ടത്തിന് ഒടുവിലാണ് റെജി മാത്യുവിന് അനുകൂലമായി കോടതി വിധി പറഞ്ഞിരിക്കുന്നത്. 2012ല്‍ കര്‍മ്മയോദ്ധ പുറത്ത് ഇറങ്ങിയപ്പോള്‍ രചനയും സംവിധാനവും മേജര്‍ രവിയുടെ പേരില്‍ തന്നെയായിരുന്നു.
കോടതി വിധിയില്‍ സന്തോഷമുണ്ടെന്ന് റെജി മാത്യു പ്രതികരിച്ചു. 2010ലാണ് ഒരു പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടിവ് മുഖേനെ ഒരു സിനിമയ്ക്ക് കഥയെഴുതാന്‍ മേജര്‍ രവി തന്നെ ക്ഷണിച്ചു. അദ്ദേഹത്തിന്റെ ടേസ്റ്റിന് അനുസരിച്ചുളള ഒരു പട്ടാളക്കഥ എഴുതാന്‍ ആണ് പറഞ്ഞത്. ആ സമയത്താണ് ഇന്ത്യയില്‍ നിന്ന് പ്രതിവര്‍ഷം എണ്‍പതിനായിരം പെണ്‍കുട്ടികളെ കാണാതാവുന്നത് സംബന്ധിച്ച വാര്‍ത്ത കാണുന്നത്. അതുമായി ബന്ധപ്പെട്ട് ഒരു കഥ അദ്ദേഹത്തോട് പറഞ്ഞു. അതാണ് കര്‍മ്മയോദ്ധയായി രൂപാന്തരപ്പെടുന്നത്, റെജി മാത്യു പറയുന്നു.

മോഹന്‍ലാലിനെ നായകനാക്കി സിനിമ ചെയ്യാനിരുന്ന നിര്‍മ്മാതാവ് മാറിയെന്നും അതുകൊണ്ട് മറ്റൊരു നിര്‍മ്മാതാവിനെ വെച്ച് ഈ പ്രൊജക്ട് തുടങ്ങാം എന്നാണ് മേജര്‍ രവി തന്നോട് പറഞ്ഞത്. അങ്ങനെ താന്‍ കോട്ടയത്തേക്ക് മടങ്ങി. കുറേ നാള്‍ കഴിഞ്ഞ് ചിത്രഭൂമിയില്‍ മോഹന്‍ലാല്‍ അഭിനയിക്കുന്ന കര്‍മ്മയോദ്ധയുടെ ചിത്രീകരണം തുടങ്ങി എന്ന് വാര്‍ത്ത കണ്ടു.
തുടര്‍ന്ന് മേജറിനെ പലവട്ടം വിളിച്ചു. പക്ഷേ അദ്ദേഹം ഫോണ്‍ എടുത്തില്ല. അതോടെയാണ് നിയമനടപടിയിലേക്ക് കടന്നത്. അതിന് കിട്ടിയ മറുപടിയാണ് തന്നെ വേദനിപ്പിച്ചത്. എന്ന അദ്ദേഹം കണ്ടിട്ടില്ല, അറിയില്ല, ഞാനെന്ന സിനിമാക്കാരന്‍ ഇല്ല എന്ന തരത്തില്‍ അദ്ദേഹം തന്റെ നോട്ടീസിന് മറുപടി അയച്ചു. അത് തന്നെ വളരെ അധികം വേദനിപ്പിച്ചു, റെജി മാത്യു പറയുന്നു.
സിനിമയുടെ യാതൊരു റെറ്റ്‌സും വില്‍ക്കാന്‍ പാടില്ലെന്നും എഴുത്തുകാരുടെ പേര് എഴുതി കാണിക്കാന്‍ പാടില്ലെന്നും ആയിരുന്നു ആദ്യത്തെ കോടതി വിധി. 5 ലക്ഷം കോടതിയില്‍ കെട്ടി വെയ്ക്കണം എന്നുളള നിബന്ധനയോടെയാണ് ചിത്രം റിലീസ് ചെയ്തത്. പക്ഷേ ഇതെല്ലാം അവര്‍ കാറ്റില്‍ പറപ്പിച്ചു. ആദ്യത്തെ വിധി വന്ന ദിവസം തനിക്ക് ഒരു ഫോണ്‍ കോള്‍ വന്നു, നിന്നെ ഞാനങ്ങ് തീര്‍ക്കുകയാണ്. അതിന് ഞാനൊരു 60 ലക്ഷം രൂപ മുടക്കും. കോയമ്പത്തൂരില്‍ നിന്നുളള പാണ്ടിപ്പിള്ളേരെ ഏല്‍പ്പിച്ചിട്ടുണ്ട് എന്നുളള സിനിമാ ഡയലോഗ് ആണ് മേജര്‍ രവി തന്നോട് പറഞ്ഞത് എന്നും ഏഷ്യാനെറ്റ് ന്യൂസിനോട് റെജി മാത്യു വെളിപ്പെടുത്തി.












Click it and Unblock the Notifications