ഗവര്‍ണര്‍ക്ക് കനത്ത തിരിച്ചടി; താല്‍ക്കാലിക വിസി നിയമനത്തിലെ അപ്പീല്‍ തള്ളി ഹൈക്കോടതി
കൊച്ചി: താല്‍ക്കാലിക വി സി നിയമനത്തില്‍ ഗവര്‍ണര്‍ക്ക് ഹൈക്കോടതിയില്‍ കനത്ത തിരിച്ചടി. രണ്ട് സര്‍വകലാശാലകളില്‍ താല്‍ക്കാലിക വൈസ് ചാന്‍സലര്‍മാരെ നിയമിച്ച നടപടി നിയമപരമല്ലെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ ഗവര്‍ണര്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളി. സിംഗിള്‍ ബെഞ്ചിന്റെ വിധി ശരി വെച്ച് കൊണ്ടായിരുന്നു ഡിവിഷന്‍ ബെഞ്ചിന്റെ നടപടി.
ഇതോടെ താല്‍ക്കാലിക വി സി നിയമനം സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന പാനലില്‍ നിന്ന് വേണം എന്ന സിംഗില്‍ ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബെഞ്ചും ശരി വെച്ചിരിക്കുകയാണ്. സര്‍വകലാശാല വിവാദത്തില്‍ ഗവര്‍ണറോട് നേരിട്ട് ഏറ്റുമുട്ടുന്ന സംസ്ഥാന സര്‍ക്കാരിനും ഇടത് - വിദ്യാര്‍ത്ഥി സംഘടനകള്‍ക്കും ഉത്തേജനം നല്‍കുന്നതുമാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിധി.

സര്‍വകലാശാല ചാന്‍സിലര്‍ കൂടിയായ ഗവര്‍ണറെ സംബന്ധിച്ചിടത്തോളം വലിയ തിരിച്ചടിയുമാണിത്. താല്‍ക്കാലിക വി സിമാരുടെ കാലാവധി ആറ് മാസത്തില്‍ കൂടുതലാകരുതെന്ന് ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു. വിദ്യാര്‍ത്ഥികളുടെ താല്‍പ്പര്യങ്ങളെയും പ്രതികൂലമായി ബാധിക്കുമെന്നും സ്ഥിര വി സി നിയമന കാലതാമസം സര്‍വകലാശാല നടപടികളെ പ്രതികൂലമായി ബാധിക്കുമെന്നും ഇന്ന് ഹര്‍ജി പരിഗണിക്കവെ ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടി.
അതേസമയം സ്ഥിര വി സി നിയമനത്തില്‍ ഇനിയൊരു കാലതാമസമുണ്ടാകരുതെന്നും ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ഉത്തരവിട്ടു. ഹൈക്കോടതി വിധിയോടെ കേരള ഡിജിറ്റല്‍, സാങ്കേതിക സര്‍വകലാശാലകളിലെ താല്‍ക്കാലിക വി സിമാരുടെ നിയമനം റദ്ദാക്കി. ഈ രണ്ട് സര്‍വകലാശാലകളിലും സര്‍ക്കാര്‍ പാനലില്‍ നിന്നല്ലാതെയാണ് ഗവര്‍ണര്‍ താല്‍ക്കാലിക വി സിമാരെ നിയമിച്ചത്.
ജസ്റ്റിസുമാരായ അനില്‍ കെ നരേന്ദ്രന്‍, പി വി ബാലകൃഷ്ണന്‍ എന്നിവരുടെ ബെഞ്ചാണ് ഇന്ന് ഉത്തരവ് പുറപ്പെടുവിച്ചത്. അതേസമയം ഗവര്‍ണറുടെ ധിക്കാരപരമായ നടപടിക്കേറ്റ തിരിച്ചടിയാണ് ഹൈക്കോടതി വിധി എന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദു പ്രതികരിച്ചു. ഗവര്‍ണറുടേത് നിയമവിരുദ്ധമായ നടപടിയാണ് എന്നും സര്‍ക്കാര്‍ തീരുമാനം കോടതി ശരിവെച്ചെന്നും ബിന്ദു പറഞ്ഞു.
ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ താല്‍ക്കാലിക വി സിമാരായ സിസ തോമസും കെ ശിവപ്രസാദും ഒഴിയേണ്ടി വരും. രണ്ട് സര്‍വകലാശാലകളിലെയും വി സിമാരുടെ കാലാവധി മേയ് 27-ന് പൂര്‍ത്തിയായെങ്കിലും നയപരമായ തീരുമാനങ്ങളെടുക്കരുതെന്ന നിര്‍ദേശത്തോടെ 30 വരെ തുടരാന്‍ കോടതി അനുമതി നല്‍കിയിരുന്നു.












Click it and Unblock the Notifications