പോലീസ് നടത്തുന്നത് നരനായാട്ട്; ഇതുകൊണ്ടൊന്നും തളർത്താനാകില്ലെന്ന് വിഡി സതീശൻ
തിരുവനന്തപുരം; സ്വർണക്കടത്ത്, ഡോളർ കടത്ത് കേസുകളിൽ ആരോപണ വിധേയനായ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ജനാധിപത്യ രീതിയിൽ കോൺഗ്രസ് സംഘടിപ്പിച്ച പ്രതിഷേധങ്ങൾക്കെതിരെ പൊലീസ് നരനായാട്ട് നടത്തുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സി പി എം- ഡി വൈ എഫ് ഐ ഗുണ്ടകൾക്ക് അഴിഞ്ഞാടാൻ കൂട്ടുനിൽക്കുന്നതും ഇതേ പൊലീസാണെന്നും സതീശൻ കുറ്റപ്പെടുത്തി.
കോഴിക്കോട് ഫറോക്ക് പൊലീസ് സ്റ്റേഷൻ മാർച്ച് ഉദ്ഘാടനം ചെയ്യുന്നതിനിടെ, എല്ലാ മര്യാദകളും ലംഘിച്ച് നടത്തിയ ജലപീരങ്കി പ്രയോഗത്തിൽ ഡി സി സി അധ്യക്ഷൻ പ്രവീൺ കുമാറിന് ഗുരുതരമായി പരിക്കേറ്റു. കൈക്കുഴയ്ക്കും നട്ടെല്ലിനും പരിക്കേറ്റ പ്രവീൺകുമാറിനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കേണ്ടി വന്നു.

തൊടുപുഴയിൽ പൊലീസ് നരനായാട്ടിന് ഇരയായ യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ബിലാൽ സമദിൻ്റെ ഇടതുകണ്ണിൻ്റെ കാഴ്ച പൂർണമായും നഷ്ടപ്പെട്ടു. വർഷങ്ങളോളം നീണ്ടുനിൽക്കുന്ന തുടർ ചികിത്സയിലൂടെ മാത്രമേ കണ്ണിൻ്റെ കാഴ്ച വീണ്ടെടുക്കാൻ സാധിക്കുമോയെന്ന് പറയാൻ കഴിയൂവെന്നാണ് ഡോക്ടർമാർ അറിയിച്ചിരിക്കുന്നത്. സി പി എം സ്പോൺസേഡ് ഗുണ്ടാസംഘമെന്ന നിലയിലാണ് ഉന്നത ഉദ്യോഗസ്ഥർ മുതൽ താഴേത്തട്ട് വരെയുള്ള പൊലീസ് സേനാംഗങ്ങൾ പ്രവർത്തിക്കുന്നത്.
രാജാവിനെക്കാൾ വലിയ രാജഭക്തി കാട്ടുന്ന ഉദ്യോഗസ്ഥർ കൈവിട്ട കളിയാണ് ഇപ്പോൾ കളിക്കുന്നതെന്ന് മാത്രം ഓർത്താൽ മതി. ലാത്തിയുടെ ബലത്തിലുള്ള ഈ ക്രൂരത കൊണ്ടൊന്നും തങ്ങളെ തളർത്താനാകില്ലെന്നും സതീശൻ പറഞ്ഞു.












Click it and Unblock the Notifications