നരബലി; റോസിലി കഴിഞ്ഞിരുന്നത് പങ്കാളിക്കൊപ്പം കാലടിയിൽ, കാണാതായത് ആഗസ്റ്റിൽ, കൂടുതൽ വിവരങ്ങൾ
കൊച്ചി: എറണാകുളം സ്വദേശികളായ രണ്ട് സ്ത്രീകളെ ആഭിചാര പൂജയ്ക്കായി തിരുവല്ലയിലെത്തിച്ച് നരബലി നൽകിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. വീട് വിട്ട് പങ്കാളിക്കൊപ്പം കാലടിയിൽ കഴിയുകയായിരുന്നു കൊല്ലപ്പെട്ട സ്ത്രീകളിൽ ഒരാളായ റോസിലി (50) എന്നാണ് വിവരം. ജൂണിലാണ് ഇവരെ കാണാതായതെങ്കിലും ആഗസ്റ്റിലാണ് മകൾ പോലീസിൽ പരാതി നൽകിയത്.\

സംഭവത്തിൽ തിരുവല്ല സ്വദേശിയായ വൈദ്യൻ ഭഗവൽ സിങ്, ഭാര്യ ലൈല, പെരുമ്പാവൂർ സ്വദേശിയായ ഏജന്റ് മുഹമദ് ഷാഫിയെന്ന ഷിഹാബ് എന്നിവരാണ് പോലീസ് കസ്റ്റഡിയിൽ ഉള്ളത്. സാമ്പത്തിക അഭിവൃദ്ധിയ്ക്ക് വേണ്ടിയാണ് വൈദ്യനും ഭാര്യയും സ്ത്രീകളെ കൊലപ്പെടുത്തിയതെന്നാണ് പോലീസ് കണ്ടെത്തൽ.

ഐശ്വര്യത്തിനും സമ്പദ്‌സമൃദ്ധിക്കും വേണ്ടി പൂജ നടത്താൻ ബന്ധപ്പെടുക എന്ന പേരിൽ ഒരു ഫേസ്ബുക്ക് പോസ്റ്റ് പ്രതിയായ ഷാഫി പങ്കിട്ടിരുന്നത്രേ. ഇത് കണ്ടാണ് വൈദ്യരും ഭാര്യയും ഇയാളെ ബന്ധപ്പെട്ടത്. നരബലി നടത്തിയാൽ സാമ്പത്തികമായി ഉയർച്ചയുണ്ടാകുമെന്ന് ഇയാൾ വൈദ്യനേയും ഭാര്യയേയും വിശ്വസിപ്പിക്കുകയായിരുന്നു. തുടർന്ന് ആറ് മാസം മുൻപാണ് കാലടി സ്വദേശിയായ റോസിലിയെ തട്ടിക്കൊണ്ട് വന്ന് നരബലി നടത്തിയത്.

കൊല്ലപ്പെട്ട റോസിലി തൃശ്ശൂർ വടക്കാഞ്ചേരി സ്വദേശിയാണ്. കുടുംബവുമായി അകന്നു കഴിയുകയായിരുന്നു ഇവർ. കുടുംബവുമായുള്ള പ്രശ്നങ്ങളെ തുടർന്ന് വർഷങ്ങൾക്ക് മുൻപ് വീട് വിട്ടിറങ്ങിയ റോസിലി ലോട്ടറി കച്ചവടം പോലുള്ള ജോലികളെടുത്താണ് കഴിഞ്ഞിരുന്നത്. കാലടിയിൽ പങ്കാളിക്കൊപ്പമായിരുന്നു ഇവർ താമസിച്ചിരുന്നതെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടിൽ പറയുന്നു.

പല സ്ഥലങ്ങളിലും മാറി താമസിക്കുന്നയാളാണ് റോസിലി എന്നത് കൊണ്ട് തന്നെ കുറേ നാൾ അമ്മയെ കാണാതിരുന്നപ്പോൾ മറ്റെവിടെയെങ്കിലും ജോലി ചെയ്ത് ജീവിക്കുകയാണെന്നാണ് മകൾ കരുതിയത്.
രണ്ട് മാസത്തോളം അമ്മയെ കാണാതിരുന്നതോടെയാണ് ഒടുവിൽ പോലീസിനെ സമീപിക്കാൻ മകൾ തീരുമാനിച്ചത്.
തുടർന്ന് ഓഗസ്റ്റ് 17 ന് കാലടി പോലീസിൽ പരാതി നൽകുകയായിരുന്നു.

തുടർന്ന് പോലീസ് അന്വേഷണം ആരംഭിച്ചെങ്കിലും ഇവരെ കുറിച്ച് വിവരം ലഭിച്ചിരുന്നില്ല. പങ്കാളിയെ ചോദ്യം ചെയ്തെങ്കിലും സംശയം തോന്നിക്കുന്നതൊന്നും കണ്ടെത്താൻ സാധിച്ചിരുന്നില്ല. റോസിലിയെ ഫോണിൽ ബന്ധപ്പെടാൻ പോലും കഴിഞ്ഞിരുന്നില്ലെന്നാണ് ഇയാൾ പോലീസിനോട് പറഞ്ഞത്.കടവന്ത്ര പൊന്നുരുന്നി സ്വദേശിയായ പത്മയെ സപ്റ്റംബർ 26 നാണ് കാണാതായത്. ഇവരെ കുറിച്ച് നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് റോസിലിയുടെ കൊലപാതകവും നരബലിയെ സംബന്ധിച്ച വിവരങ്ങളും പുറത്തുവന്നത്.

കൊല്ലപ്പെട്ട രണ്ട് സ്ത്രീകളും ലോട്ടറി കച്ചവടം നടത്തി വരുന്നവരാണ്. കുടുംബവുമായി അകന്ന് കഴിയുന്ന സ്ത്രീകളെ നിരീക്ഷിച്ച് പിന്നീട് ബന്ധമുണ്ടാക്കിയ ശേഷമാകും ഷിഹാബ് ഇരുവരേയും കടത്തിയതെന്നാണ് കരുതപ്പെടുന്നത്. ഇവരെ തെറ്റധരിപ്പിച്ച് പത്തനംതിട്ടയിൽ എത്തിക്കുകയായിരുന്നുവെന്നും ഇവിടെ വെച്ച് പൂജ നടത്തി ബലിനടത്തുകയായിരുന്നുവെന്നാണ് വിവരം.

സ്ത്രീകളെ കഴുത്തറുത്ത് കൊന്ന ശേഷം മൃതദേഹം കഷ്ണങ്ങളാക്കി കുഴിച്ചിടുകയായിരുന്നു. ഇലന്തരൂരിൽ വൈദ്യന്റെ വീടിന് സമീപത്ത് തന്നെയാണ് മൃതദേഹം കുഴിച്ചിട്ടത്. മൃതദേഹങ്ങൾ കണ്ടെത്താനുള്ള നടപടികൾ പോലീസ് ആരംഭിച്ചിട്ടുണ്ട്. പ്രതികൾ കുറ്റം സമതിച്ചെന്നാണ് വിവരം. കൂടുതൽ പേർ സംഭവത്തിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് പോലീസ് അന്വേഷിച്ച് വരികയാണ്.












Click it and Unblock the Notifications