നരബലി; പ്രതി പുരോഗമനം അവകാശപ്പെടുന്ന പാർട്ടിയുടെ പ്രവർത്തകൻ,നീതിയുക്തവുമായ അന്വേഷണം വേണമെന്ന് വിഡി സതീശൻ
തിരുവനന്തപുരം: ആഭിചാരക്രിയയുടെ പേരില്‍ രണ്ട് സ്ത്രീകളെ പൈശാചികമായി കൊലപ്പെടുത്തിയെന്ന വാര്‍ത്ത ഞെട്ടിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ദുര്‍മന്ത്രവാദവും അതുമായി ബന്ധപ്പെട്ട നരബലിയും നടന്നെന്ന വാര്‍ത്ത ഉത്തരേന്ത്യയില്‍ നിന്നല്ല, നവോത്ഥാനത്തിന്റെ നെറുകയില്‍ നില്‍ക്കുന്നെന്ന് നാം ഓരോരുത്തരും ഊറ്റം കൊള്ളുന്ന നമ്മുടെ കേരളത്തില്‍ നിന്നു തന്നെയാണ്. കേട്ടുകേള്‍വി മാത്രമായ കുറ്റകൃത്യങ്ങള്‍ നമ്മുടെ കണ്‍മുന്നിലും സംഭവിക്കുകയാണ്. പരിഷ്‌കൃത സമൂഹമെന്ന് അഭിമാനിക്കുന്ന നമ്മള്‍ ഓരോരുത്തരും അപമാനഭാരത്താല്‍ തലകുനിയ്‌ക്കേണ്ട സംഭവങ്ങളാണ് പുറത്തു വരുന്നതെന്നും അദ്ദേഹം പറഞ്ഞു.

ആദ്യം കൊല്ലപ്പെട്ട സ്ത്രീയെ ജൂണ്‍ ആറ് മുതല്‍ കാണാനില്ലെന്നാണ് പുറത്ത് വരുന്ന വിവരം. ഓഗസ്റ്റ് 17- ന് കാലടി പൊലീസില്‍ പരാതിയെത്തി. സെപ്തംബര്‍ 26-ന് കടവന്ത്ര പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത രണ്ടാമത്തെ സ്ത്രീയുടെ മിസ്സിംഗ് കേസിനെ തുടര്‍ന്നാണ് കാര്യമായ അന്വേഷണമുണ്ടായത്. ആദ്യ പരാതിയില്‍ തന്നെ ഗൗരവകരമായ അന്വേഷണം നടന്നിരുന്നുവെങ്കില്‍ മറ്റൊരു ജീവന്‍ രക്ഷിക്കാമായിരുന്നു.
ആഭിചാരത്തിന്റെ പേരില്‍ കൂടുതല്‍ കൊലപാതകങ്ങള്‍ സംസ്ഥാനത്ത് നടന്നിട്ടുണ്ടോയെന്ന് കണ്ടെത്താന്‍ വിശദമായ പൊലീസ് അന്വേഷണം നടത്തേണ്ടതുണ്ട്. കൊലയാളികളില്‍ ഒരാള്‍ പുരോഗമന നിലപാട് അവകാശപ്പെടുന്നൊരു രാഷ്ട്രീയ പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകനായിരുന്നു എന്നതും ഗൗരവതരമാണ്. അതുകൊണ്ട് തന്നെ ബാഹ്യഇടപെടലുകളുണ്ടാകാതെ സത്യസന്ധവും നീതിയുക്തവുമായ അന്വേഷണം ഉറപ്പാക്കണമെന്നും സതീശൻ പറഞ്ഞു.
അതേസമയം മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിക്കുന്ന സംഭവമാണ് പത്തനംതിട്ട ജില്ലയിലെ ഇലന്തൂരിൽ ഉണ്ടായ ഇരട്ടക്കൊലപാതകമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പരിഷ്കൃത സമൂഹത്തോടുള്ള വെല്ലുവിളിയായി മാത്രമേ ഇത്തരം ദുരാചാരങ്ങളേയും ആഭിചാരക്രിയകളേയും കാണാൻ കഴിയൂ.സമ്പത്തിനു വേണ്ടിയും അന്ധവിശ്വാസങ്ങളെ തൃപ്തിപ്പെടുത്താനും മനുഷ്യരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുക എന്നത് കേരളത്തിന് ചിന്തിക്കാൻ പോലുമാകാത്ത കുറ്റകൃത്യമാണ്. കുറ്റവാളികൾക്കെതിരെ അതിശക്തമായ നിയമ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പത്മം, റോസ്‌ലിന്‍ എന്ന രണ്ടു സ്ത്രീകളെയാണ് ഇലന്തൂരിൽ കൊല്ലപ്പെട്ടത്. സംഭവത്തിൽ തിരുവല്ല സ്വദേശിയായ വൈദ്യൻ ഭഗവൽ സിങ്, ഭാര്യ ലൈല, പെരുമ്പാവൂർ സ്വദേശിയായ ഏജന്റ് മുഹമദ് ഷാഫിയെന്ന ഷിഹാബ് എന്നിവരാണ് പോലീസ് കസ്റ്റഡിയിൽ ഉള്ളത്. സാമ്പത്തിക അഭിവൃദ്ധിയ്ക്ക് വേണ്ടിയാണ് വൈദ്യനും ഭാര്യയും സ്ത്രീകളെ കൊലപ്പെടുത്തിയത്. ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിച്ചിട്ടുണ്ട്. കൂടുതൽ പേർ സംഭവത്തിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിക്കുകയാണെന്ന് പോലീസ് അറിയിച്ചു.












Click it and Unblock the Notifications