ഭാര്യയെ സംശയിച്ച് ഭര്‍ത്താവ് ആസിഡ് ഒഴിച്ചു മുഖം പൊള്ളിച്ചു
കോട്ടയം: മുഖത്ത് ആസിഡ് വീണ് പൊള്ളിയ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട യുവതിയുടെ ഭര്‍ത്താവ് പിടിയില്‍. സംഭവത്തിനുശേഷം ഒളിവില്‍പ്പോയ കാഞ്ഞിരപ്പള്ളി പട്ടിമറ്റം ആനക്കല്ല് പുതിയപറമ്പില്‍ ഫൈസല്‍ (34) ആണ് തമിഴ്നാട്ടിലെ കമ്പത്തു നിന്നും പിടിയിലായത്. ഭാര്യയുടെ മുഖത്ത് ആസിഡ് ഒഴിച്ചു പൊള്ളിച്ചശേഷം ഇയാള്‍ മിഴ്നാട്ടിലെ ബന്ധുവീട്ടിലേക്ക് ഒളിവില്‍ പോവുകയായിരുന്നു.
കഴിഞ്ഞദിവസമാണ് കാഞ്ഞിരപ്പള്ളി കുന്നുംഭാഗം കുരിയപ്പാലയില് സൗമ്യ(28) യെ ഗുരുതരമായി പൊള്ളലേറ്റ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്. ഇരു മതത്തില്‍പ്പെട്ട സൗമ്യയും ഫൈസലും പ്രണയിച്ച് വിവാഹിതരായവരാണ്. ഇവര്‍ക്ക് മൂന്നു മക്കളുണ്ട്. അടുത്തിടെ ഇരുവരും തമ്മില്‍ ദിവസേന വഴക്കുണ്ടാക്കാറുണ്ടായിരുന്നെന്ന് അയല്‍വാസികള്‍ പറയുന്നു.
സംഭവദിവസം ഇരുവരും വഴക്കുണ്ടാക്കിയതിനെ തുടര്‍ന്ന് സൗമ്യ തന്റെ വീട്ടിലേക്ക് പോയിരുന്നു. എന്നാല്‍, പ്രധാനപ്പെട്ടകാര്യം സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് ഫൈസല്‍ സൗമ്യയുടെ വീട്ടിലേക്ക് ഓട്ടോ അയച്ചു. ഓട്ടോയില്‍ ഫൈസലിന്റെ കടയിലെത്തിയ സൗമ്യ ഭര്‍ത്താവുമായി സംസാരിച്ചു നില്‍ക്കുമ്പോഴാണ് അപ്രതീക്ഷിതമായി കയ്യില്‍ കരുതിയ ആസിഡ് സൗമ്യയുടെ ദേഹത്തേക്കൊഴിച്ചത്.
ആസിഡുവീണു പോള്ളിയ സൗമ്യയെ നാട്ടുകാര്‍ ഉടന്‍ കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജിലുമെത്തിക്കുകയായിരുന്നു. സംഭവത്തിനുശേഷം ഫൈസല്‍ ഒളിവില്‍ പോയി. ഫൈസല്‍ തമിഴ് നാട്ടിലേക്ക് കടന്നിട്ടുണ്ടെന്ന സൂചനയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കമ്പത്തുവെച്ച് പിടികൂടിയത്. സൗമ്യയോടുള്ള സംശയമാണ് അക്രമത്തിനു പ്രേരിപ്പിച്ചതെന്ന് ഫൈസല്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.