ഭാര്യയെ കഴുത്തറുത്ത് കൊന്ന കേസ്: ഭര്‍ത്താവ് അറസ്റ്റില്‍
ചാലക്കുടി: കുടുംബ വഴക്കിനെ തുടര്‍ന്ന് ഭാര്യയെ കഴുത്തറുത്ത് കൊന്ന കേസില്‍ പ്രതിയായ ഭര്‍ത്താവിനെ ചാലക്കുടി ഡിവൈ.എസ്.പി: സി.എസ്. ഷാഹുല്‍ ഹമീദ് അറസ്റ്റ് ചെയ്തു. റെയില്‍വേ സ്‌റ്റേഷന് സമീപം മനപ്പടി കണ്ടംകുളത്തി ലൈജു(37)വിനെയാണ് അറസ്റ്റ് ചെയ്തത്. കൊലപാതകത്തിനുശേഷം കൈമുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച പ്രതി ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
ആശുപത്രിയില്‍ പ്രതിയുടെ മുറിക്കുമുന്നില്‍ പോലീസ് കാവലും ഏര്‍പ്പെടുത്തിയിരുന്നു. അപകടനില തരണം ചെയ്തതായുള്ള ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ട് ലഭിച്ചതോടെയാണ് അറസ്റ്റ് നടന്നത്. ചോദ്യംചെയ്യലില്‍ പ്രതി കുറ്റസമ്മതം നടത്തിയതായി പോലീസ് പറഞ്ഞു.

കുടുംബ കലഹത്തെത്തുടര്‍ന്ന് വര്‍ഷങ്ങളായി മനസില്‍ സൂക്ഷിച്ച വൈരാഗ്യം തീര്‍ക്കാനായി കൃത്യംനടന്ന രാത്രി മകനോടൊപ്പം കിടക്കുകയായിരുന്ന ഭാര്യ സൗമ്യയെ നയത്തില്‍ കിടപ്പുമുറിയിലേക്ക് വിളിച്ചുവരുത്തി കൈയില്‍ കരുതിയിരുന്ന കത്തികൊണ്ട് കഴുത്തറക്കുകയായിരുന്നുവെന്ന് പ്രതി പോലീസിന്റെ ചോദ്യംചെയ്യലില്‍ പറഞ്ഞു. എന്നാല്‍ കൃത്യംനടത്തിയതുസംബന്ധിച്ച് ഇയാള്‍ പറഞ്ഞ കാര്യങ്ങള്‍ ശാസ്ത്രീയമായി അന്വേഷിച്ച് കൃത്യത വരുത്തേണ്ടതുണ്ടെന്നും ഡിവൈ.എസ്.പി. പറഞ്ഞു. ഇക്കഴിഞ്ഞ ബുധനാഴ്ച വൈകിട്ട് 3.30 ഓടെയാണ് കൊലപാതക വിവരം അറിയുന്നത്.












Click it and Unblock the Notifications