'കൂടെ കൊണ്ടു നടക്കാനുള്ള സൗന്ദര്യമില്ല; സ്വർണ്ണവും കുറവ്': യുവതിയുടെ ആത്മഹത്യയില്‍ ഭർത്താവ് കസ്റ്റഡിയില്‍
മഞ്ചേരി: മലപ്പുറത്ത് യുവതി ഭർതൃവീട്ടില്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭർത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പേലേപ്പുറം കാപ്പിൻത്തൊടി വീട്ടിൽ വിഷ്ണുജ (26) മരിച്ചതിനെ തുടർന്ന് കുടുംബം നല്‍കിയുടെ പരാതിയടെ അടിസ്ഥാനത്തില്‍ ഭർത്താവ് പ്രബിനെയാണു പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ നഴ്സാണ് പ്രബിന്‍.
കഴിഞ്ഞ 30 ന് വൈകീട്ടാണ് വിഷ്ണു മരിച്ച വിവരം ബന്ധുക്കളെ അറിയിക്കുന്നത്. കിടപ്പുമുറിയുടെ ജനലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ വിഷ്ണുജയുടെ രണ്ട് കയ്യില്‍നിന്നും രക്തം വാർന്ന നിലയിലായിരുന്നു. മകളുടെ ശരീരത്തില്‍ മുറിവുകളുണ്ടായെന്നും രക്ഷിതാക്കള്‍ ആരോപിച്ചു. അസ്വാഭാവിക മരണത്തിനാണു പൊലീസ് കേസെടുത്തിട്ടുള്ളത്. അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ വകുപ്പുകള്‍ ചേർത്ത് പ്രബിനെ പ്രതിയാക്കി കേസ് എടുക്കും.

പ്രബിന്റെ വീട്ടില്‍ വെച്ച് വിഷ്ണുജ നിരന്തരം ആക്ഷേപത്തിനും പീഡനത്തിനും ഇരയായിരുന്നുവെന്ന് കുടുംബം പറുന്നു. സൗന്ദര്യം കുറവാണെന്നു പറഞ്ഞായിരുന്നു പ്രധാനമായും ആക്ഷേപം. വിവാഹം കഴിഞ്ഞ് ഒന്നരവർഷമായിട്ടും ഒരുമിച്ച് വാഹനത്തില്‍ സഞ്ചരിക്കാനോ വിഷ്ണുജയുടെ വീട്ടിലേക്ക് വരാനോ പ്രബിൻ തയ്യാറായിരുന്നില്ല. ഒപ്പം കൊണ്ടുനടക്കാനുള്ള സൗന്ദര്യം ഇല്ലെന്നായിരുന്നു ഇതേക്കുറിച്ച് പ്രബിന്‍ പറഞ്ഞതെന്നും ബന്ധുക്കള്‍ അവകാശപ്പെടുന്നു. സ്ത്രീധനത്തിന്റെ പേരിലും പീഡനമുണ്ടായി.
മകളെ നിരന്തരം മാനസികമായും ശാരീരികമായും ഭർത്താവ് ആക്രമിച്ചിരുന്നുവെന്നാണ് പിതാവ് വാസുദേവൻ പറയുന്നത്. സ്വർണം കുറവാണെന്ന് പറഞ്ഞ് മകളെ ഉപദ്രവിച്ചിരുന്നു. 'സൗന്ദര്യം കുറഞ്ഞുപോയി, ജോലിയില്ല, ആരോഗ്യമില്ല എന്നതൊക്കെയാണ് മകളിൽ പ്രഭിൻ കണ്ട പ്രശ്നങ്ങൾ. ബൈക്കിൽ മകളെ കൊണ്ടുപോകില്ല. പ്രബിന്റെ അമ്മയും മകളെ ഉപദ്രവിക്കാൻ പിന്തുണ നൽകി. സ്വർണം കുറഞ്ഞു പോയെന്ന് പറഞ്ഞ് നിരന്തരം ശല്യം ചെയ്തു.' വാസുദേവന്‍ പറഞ്ഞു.












Click it and Unblock the Notifications