വനിത കണ്ടക്ടറെ കഴുത്തറത്ത് കൊന്നു; ഭര്‍ത്താവ് ആത്മഹത്യക്ക് ശ്രമിച്ചു
കൊല്ലം: കെഎസ്ആര്‍ടിസി കണ്ടക്ടറായ ഭാര്യയെ കഴുത്തറത്ത് കൊന്ന ശേഷം ഭര്‍ത്താവ് ആത്മഹത്യക്ക് ശ്രമിച്ചു. കൊല്ലം ചവറ കോയിവളപ്പിലാണ് സംഭവം. എറണാകുളം ഡിപ്പോയിലെ കണ്ടക്ടറായിരുന്ന ടോമി ടി യാര്‍ലിയാണ് മരിച്ചത്.
ആത്മഹത്യക്ക് ശ്രമിച്ച ഭര്‍ത്താവ് ബാബു വല്ലരിയാനെ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രി വീട്ടിലെത്തിയ ശേഷം ബാബു അയല്‍ വീട്ടില്‍ താമസിക്കുന്ന മാതൃസഹോദരിയുടെ വീട്ടില്‍ പോയി ടോര്‍ച്ച് വാങ്ങിയിരുന്നു. ഇത് തിരിച്ച് വാങ്ങാനായി രാവിലെ വീട്ടിലെത്തിയ സ്ത്രീ വിളിച്ചിട്ട് പ്രതികരണമില്ലാത്തതിനെ തുടര്‍ന്ന് ജനലില്‍ കൂടി നോക്കിയപ്പോഴാണ് ബാത്ത് റൂമിന് സമീപം രക്തം തളം കെട്ടി കിടക്കുന്നത് കണ്ടത്.

തുടര്‍ന്ന് പോലീസ് എത്തി വാതില്‍ തുറന്നപ്പോഴാണ് കഴുത്തറത്ത് കൊല്ലപ്പെട്ട നിലയില്‍ ടോമിയെയും സമീപം അവശനിലയില്‍ ബാബുവിനെയും കണ്ടത്. കുടുംബ വഴക്കായിരിക്കാം കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം. മുമ്പും പല തവണ ദമ്പതികള്‍ തമ്മില്‍ വഴക്ക് നടന്നിരുന്നതായി നാട്ടുകാര്‍ പറയുന്നു.
വിദേശത്തായിരുന്നു ബാബു. ഇയാള്‍ നാട്ടിലെത്തിയിട്ട് ഏഴ് മാസമേ ആയുള്ളൂ. കഴിഞ്ഞ ഫെബ്രുവരിയിലാണ് പുതിയ വീട് വെച്ച് രണ്ട് ആണ്‍മക്കളടങ്ങുന്ന കുടുംബം താമസമായത്. 2007ല്‍ പഞ്ചായത്തംഗത്തെ കുത്തി പരിക്കേല്‍പ്പിച്ച കേസുള്‍പ്പടെ നിരവധി കേസുകളില്‍ പ്രതിയാണ് ബാബു.












Click it and Unblock the Notifications