വയനാട്ടില്‍ ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യക്ക് ശ്രമിച്ചു: മക്കളെ പൂട്ടിയിട്ടു
വയനാട്: വയനാട് കേണിച്ചിറയില്‍ ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യക്ക് ശ്രമിച്ചു. കേളമംഗലം മാഞ്ചുറ വീട്ടില്‍ ലിഷ(35)യെയാണ് ഭര്‍ത്താവ് ജിന്‍സന്‍ കൊലപ്പെടുത്തിയത്. കേബിള്‍ വയർ ഉപയോഗിച്ച് കഴുത്തുമുറുക്കി ലിഷയെ ജിന്‍സണ്‍ കൊലപ്പെടുത്തുകയായിരുന്നു. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ജിന്‍സന്‍ കൈഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. അവശ നിലയില്‍ കണ്ടെത്തിയ ഇദ്ദേഹത്തെ ഉടന്‍ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതരാവസ്ഥയിലായ ജിന്‍സനെ പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും മാറ്റി.
ഇന്ന് രാവിലെയാണ് നാടിനെ നടുക്കിയ സംഭവം. രണ്ടുമക്കളെ മുറിയില്‍ പൂട്ടിയിട്ട ശേഷമായിരുന്നു ജലവകുപ്പ് ജീവനക്കാരനായ ജിന്‍സന്‍ ഭാര്യയെ കൊലപ്പെടുത്തിയതും ആത്മഹത്യക്ക് ശ്രമിച്ചതും. കുടുംബത്തിന് വലിയ സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നുവെന്നാണ് അയല്‍വാസികളും നാട്ടുകാരും പറയുന്നത്. ഇത് വ്യക്തമാക്കുന്ന രണ്ട് കുറിപ്പുകളും വീടിനുള്ളില്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്.

ലക്ഷക്കണക്കിന് രൂപയുടെ കടബാധ്യത വന്നതോടെയാണ് ജീവനൊടുക്കാന്‍ തീരുമാനിച്ചതെന്ന് കുറിപ്പില്‍ പറയുന്നു. ലിഷയെ കൊലപ്പെടുത്തിയ ശേഷം തൂങ്ങിമരിക്കാനായിരുന്നു ജിന്‍സന്‍ തീരുമാനിച്ചത്. ഇത് പരാജയപ്പെട്ടതോടെയാണ് കൈ ഞരമ്പ് മുറിച്ചത്. പൊലീസ് സ്ഥലത്ത് എത്തി മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്കായി മാറ്റി. തുടർന്ന് പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
യുവാവ് കുത്തേറ്റ് മരിച്ചു
മലപ്പുറം പെരിന്തല്‍മണ്ണയില്‍ യുവാവ് കുത്തേറ്റ് മരിച്ചു. ആലിപ്പറമ്പ് പുത്തന്‍വീട്ടില്‍ സുരേഷ് ബാബുവാണ് മരിച്ചത്. സംഭവത്തില്‍ ബന്ധുവും അയല്‍വാസിയുമായ സത്യനാരായണനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മുന്‍ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് അറിയിച്ചു. നേരത്തേയും ഇവര്‍ തമ്മില്‍ തര്‍ക്കങ്ങള്‍ നിലനിന്നിരുന്നു.












Click it and Unblock the Notifications