കൊല്ലത്ത് ഭാര്യയെ വെട്ടിപരിക്കേൽപ്പിച്ച് ഭർത്താവ് കക്കൂസിനുള്ളിൽ തൂങ്ങിമരിച്ചു!
ആരോഗ്യനില അതീവഗുരുതരമായി തുടരുന്ന രമണിയ്ക്ക് ഇതുവരെ ബോധം തെളിഞ്ഞിട്ടില്ല.
കൊല്ലം: ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ച ശേഷം ഭർത്താവ് തൂങ്ങിമരിച്ചു. കൊല്ലം അഞ്ചാലുംമൂടിലാണ് സംഭവം. അഞ്ചലാംമൂട് ചെമ്മക്കാവ് രതീഷ് ഭവനിൽ രാജൻപിള്ളയാണ്(65) ഭാര്യ രമണിയെ(60) വെട്ടി പരിക്കേൽപ്പിച്ച ശേഷം തൂങ്ങിമരിച്ചത്. ഭർത്താവിന്റെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ രമണിയെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വ്യാഴാഴ്ച രാവിലെയാണ് നാടിനെ നടുക്കിയ സംഭവം പുറംലോകമറിഞ്ഞത്. റിട്ടയേർഡ് റെയിൽവേ ഉദ്യോഗസ്ഥനായ രാജൻപിള്ള ഭാര്യയെ വെട്ടിയ ശേഷം ശൂചിമുറിയിൽ തൂങ്ങിമരിക്കുകയായിരുന്നു. വെട്ടേറ്റ ഭാര്യ മരിച്ചെന്ന് കരുതിയാവും രാജൻപിള്ള ജീവനൊടുക്കിയതെന്നാണ് പോലീസിന്റെ നിഗമനം. കഴിഞ്ഞദിവസം രാത്രി ഇരുവരും തമ്മിൽ വഴക്കിട്ടിരുന്നു. ഈ വഴക്കിനൊടുവിലാണ് രാജൻപിള്ള രമണിയെ വെട്ടിപരിക്കേൽപ്പിച്ചത്.
വീട്ടിനുള്ളിൽ രക്തത്തിൽ കുളിച്ചു കിടന്നിരുന്ന രമണിയ്ക്ക് ജീവനുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ആരോഗ്യനില അതീവഗുരുതരമായി തുടരുന്ന രമണിയ്ക്ക് ഇതുവരെ ബോധം തെളിഞ്ഞിട്ടില്ല. രാജൻപിള്ളയുടെ മൃതദേഹം പ്രാഥമിക നടപടികൾ പൂർത്തിയാക്കിയ ശേഷം വീട്ടിൽ നിന്നും ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംസ്കാരം പിന്നീട് നടക്കും. സംഭവത്തിൽ പോലീസ് അന്വേഷണം നടന്നുവരികയാണ്.












Click it and Unblock the Notifications