'രാജ്യത്തിന് എതിരെയുളള എന്തും തനിക്കും എതിരെയാണ്', ദേശീയവാദിയെന്ന് വ്യക്തമാക്കി ഉണ്ണി മുകുന്ദൻ
കൊച്ചി: താനൊരു ദേശീയ ചിന്താഗതിക്കാരനാണെന്ന് വ്യക്തമാക്കി നടന്‍ ഉണ്ണി മുകുന്ദന്‍. അതില്‍ രാഷ്ട്രീയ ബന്ധമില്ലെന്നും ഉണ്ണി മുകുന്ദന്‍ പറഞ്ഞു. മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിലാണ് ഉണ്ണി മുകുന്ദന്‍ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.
ഉണ്ണി മുകുന്ദന് സംഘപരിവാര്‍ രാഷ്ട്രീയത്തോട് ചായ്വുളളതായി പല ഘട്ടത്തിലും സോഷ്യല്‍ മീഡിയയില്‍ അടക്കം ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. ഉണ്ണി മുകുന്ദന്റെ ഏറ്റവും പുതിയ ചിത്രമായ മേപ്പടിയാന്‍ സംഘപരിവാര്‍ ചായ്വുള്ളതാണ് എന്നും സോഷ്യല്‍ മീഡിയയില്‍ ഒരു വിഭാഗം വിമര്‍ശനം ഉന്നയിക്കുന്നുണ്ട്.

ഉണ്ണി മുകുന്ദന്റെ ചില ഫേസ്ബുക്ക് പോസ്റ്റുകളും പ്രതികരണങ്ങളും താരത്തിന്റെ ബിജെപിയോടുളള ചായ്വ് ആയി വ്യാഖ്യാനിക്കപ്പെട്ടിട്ടുളളതാണ്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി വിജയിച്ചതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ആശംസകള്‍ അറിയിച്ച് ഉണ്ണി മുകുന്ദന്‍ പോസ്റ്റ് ഇട്ടിരുന്നു. അതിന് പിന്നാലെ ഉണ്ണി മുകുന്ദന് നേരെ സോഷ്യല്‍ മീഡിയ രൂക്ഷമായി വിമര്‍ശനം ഉന്നയിക്കുകയും ബിജെപി നേതാക്കള്‍ താരത്തിന് പിന്തുണയുമായി രംഗത്ത് വരികയും ചെയ്തിരുന്നു.

രാജ്യത്തിന്റെ പ്രധാനമന്ത്രിയായ നരേന്ദ്ര മോദിക്ക് പിറന്നാള്‍ ആശംസിച്ചാല്‍ വലതുപക്ഷ രാഷ്ട്രീയക്കാരനാകുമോ എന്ന് ഉണ്ണി മുകുന്ദന്‍ മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ ചോദിച്ചു. താന്‍ വളരെ ദേശീയവാദിയായ ഒരാളാണ്. അതിന് രാഷ്ട്രീയ ബന്ധങ്ങളൊന്നും ഇല്ല. അതുകൊണ്ട് തനിക്ക് ചില കാര്യങ്ങള്‍ ഓകെ അല്ല, ചില കാര്യങ്ങള്‍ ഓകെ ആണ് എന്നും ഉണ്ണി മുകുന്ദന്‍ പറഞ്ഞു.

ഇന്ത്യക്കെതിരെ എന്ത് വന്നാലും തന്നെ സംബന്ധിച്ച് അത് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന കാര്യമാണ്. അതിന് താന്‍ തോക്ക് പിടിച്ച് നില്‍ക്കണം എന്നൊന്നും ഇല്ല. കൃത്യമായി നികുതി അടക്കുന്ന ഒരു പൗരന്‍ ആണ് താന്‍. രാജ്യത്തിന് എതിരെയുളള എന്തും തനിക്കും എതിരെയാണ്. അതാണ് തന്റെ രാഷ്ട്രീയം. അത് വലതുപക്ഷ രാഷ്ട്രീയമാണ് എന്ന് തോന്നുന്നുവെങ്കില്‍ തനിക്ക് അതില്‍ ഒന്നും ചെയ്യാനില്ലെന്നും ഉണ്ണി മുകുന്ദന്‍ പറഞ്ഞു.

നേരത്തെ ഹനുമാന്‍ ജയന്തി ദിനത്തില്‍ ഉണ്ണി മുകുന്ദനിട്ട പോസ്റ്റിന് നടന്‍ സന്തോഷ് കീഴാറ്റൂരിട്ട കമന്റും അതിന് ഉണ്ണി മുകുന്ദന്‍ നല്‍കിയ മറുപടിയും വിവാദമായിരുന്നു. ഹനുമാന്‍ സ്വാമി കൊറോണയില്‍ നിന്ന് നാടിനെ രക്ഷിക്കുമോ എന്നതായിരുന്നു സന്തോഷ് കീഴാറ്റൂരിന്റെ ചോദ്യം. ഉണ്ണി മുകുന്ദന്‍ നല്‍കിയ മറുപടി- ''ചേട്ടാ നമ്മള്‍ ഒരുമിച്ച് അഭിനയിച്ചവരാ. അതുകൊണ്ട് മാന്യമായി മറുപടി പറയാം. ഞാന്‍ ഇവിടെ ഈ പോസ്റ്റ് ഇട്ടത് ഞാന്‍ വിശ്വസിക്കുന്ന ദൈവത്തിന് മുന്നില്‍ എല്ലാവര്‍ക്കും വേണ്ടി പ്രാര്‍ത്ഥിച്ചിട്ടാണ്. ഇതേ പോലുളള കമന്റ് ഇട്ട് സ്വന്തം വില കളയാതെ'' എന്നായിരുന്നു.

തുടര്‍ന്ന് സന്തോഷ് കീഴാറ്റൂര്‍ ഈ കമന്റ് ഡിലീറ്റ് ചെയ്തു. പിന്നാലെ സംഘപരിവാര്‍ അനുകൂലികള്‍ സന്തോഷ് കീഴാറ്റൂരിന് എതിരെ സൈബര്‍ ആക്രമണം നടത്തിയിരുന്നു. ഈ വിവാദത്തിലും ഉണ്ണി മുകുന്ദന്‍ മറുപടി നല്‍കി. തന്റെ വീട്ടില്‍ കൃഷ്ണനും ഹനുമാന്‍ സ്വാമിയുമൊക്കെയുണ്ട്. ഹനുമാനെ താന്‍ കാണുന്നത് ഫിറ്റ്‌നെറ്റ്, ആരോഗ്യത്തിന്റെയൊക്കെ പ്രതീകമായാണ്. താന്‍ വളര്‍ന്ന ചുറ്റുപാട് അങ്ങനെയൊക്കെയാണെന്ന് താരം പറയുന്നു.
Recommended Video

പെട്ടെന്ന് ഒരാള്‍ വന്ന് ഇയാളെക്കൊണ്ട് കൊറോണ മാറ്റാന്‍ പറ്റുമോ എന്ന് ചോദിച്ചാല്‍ അത് ഒരു സില്ലി കമന്റ് ആയി എടുക്കാന്‍ പറ്റില്ല. താനൊരു മതവിശ്വാസി ആണെങ്കിലും മറ്റ് മതങ്ങളെ മോശമായി കാണുന്ന ആളല്ല. നിസ്‌കരിക്കുന്ന ഒരാളോട് ഹിന്ദു വിരുദ്ധനാണോ എന്ന് ആരെങ്കിലും ചോദിക്കുമോ എന്നും ഉണ്ണി മുകുന്ദന്‍ ചോദിച്ചു. ആ കമന്റിന് താന്‍ മറുപടി കൊടുത്തത് അത്തരമൊരു തമാശ ഇനിയാരും തന്റെ അടുത്ത് വന്ന് പറയരുത് എന്ന് കരുതിയാണ്. കൊറോണ ഇങ്ങനെ അല്ല മാറാന്‍ പോകുന്നത് എന്നും അതിന് വാക്‌സിനും മാസ്‌കും ഒക്കെ വേണം എന്ന് എല്ലാവര്‍ക്കും അറിയാമെന്നും ഉണ്ണി മുകുന്ദന്‍ കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications