ഞാനും ഒരച്ഛനാണ്, നിങ്ങള്‍ തല കുനിക്കും; ഡല്‍ഹി സമരത്തിന് പിന്തുണ നല്‍കി നടന്‍ അപ്പാനി ശരത്ത്
ഡല്‍ഹിയില്‍ നടക്കുന്ന വിദ്യാര്‍ഥി സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് നടന്‍ അപ്പാനി ശരത്ത്. എതിര്‍പ്പുകളെ അടിച്ചമര്‍ത്തുന്നവര്‍ക്ക് പ്രാധന്യം നല്‍കുന്ന രാഷ്ട്രീയ പ്രത്യയശാസ്ത്രമാണ് ഫാഷിസം എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അഹങ്കാരികളായ അധികാരികള്‍ ഫാഷിസ്റ്റുകളായി മാറിയതാണ് ചരിത്രം. അവരുടെ വീഴ്ചയും ലോകം കണ്ടിട്ടുണ്ടെന്നും ശരത്ത് ഫേസ്ബുക്കില്‍ കുറിച്ചു.
മക്കള്‍ക്ക് ഏറ്റഴും നല്ല വിദ്യാഭ്യാസം നല്‍കാനാണ് ഏതൊരു അച്ഛനും ആഗ്രഹിക്കുക. സാമ്പത്തികമായി വളരെ പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങളുമുണ്ട്. ഈ കുടുംബങ്ങളിലെ കുട്ടികളോടാണ് നിങ്ങള്‍ വളരെ ലാഘവത്തോടെ പരീക്ഷ വീണ്ടും എഴുതാന്‍ പറയുന്നത്. സമരം ശക്തമാകുമെന്നും വിറയലോടെ നിങ്ങള്‍ ഓടുമെന്നും അവസാനം തലകുനിക്കുമെന്നും അപ്പാനി ശരത്ത് ഓര്‍മിപ്പിക്കുന്നു.

അപ്പാനി ശരത്തിന്റെ കുറിപ്പ് വായിക്കാം: "ഫാസിസം (Fascism) എന്നത് തീവ്രദേശീയത, കടുത്ത ഏകാധിപത്യം, വ്യക്തിസ്വാതന്ത്ര്യം നിഷേധിക്കൽ, എതിർപ്പുകളെ അടിച്ചമർത്തൽ എന്നിവയ്ക്ക് പ്രാധാന്യം നൽകുന്ന ഒരു രാഷ്ട്രീയ പ്രത്യയശാസ്ത്രമാണ്."
പട്ടാള ആട്ടിമറികളിലൂടെ അധികാരത്തിൽ ഏറിയതും ജനാധിപത്യത്തിലൂടെ അധികാരത്തിലെത്തി യതുമായ ലോകത്തെ പല ഭരണ കൂടങ്ങളും കാലം കടന്ന് പോകുമ്പോ ഫാസിസ്റ്റുകളായി മാറിയതായാണ് ചരിത്രം. ആ ചരിത്രത്തിൽ തന്നെ അവരുടെ അതി ദാരുണമായ വീഴ്ച്ചയും ലോകം കണ്ടിട്ടുണ്ട്. സ്വന്തം ജനങ്ങളാൽ വെറുക്കപ്പെട്ട്, ആ നാട്ടിലെ യുവാക്കളുടെ പ്രക്ഷോഭങ്ങൾക്ക് മുന്നിൽ അടിയറവ് പറഞ്ഞ ഏകാധിപതികൾ. അഹങ്കാരത്തിന്റെ കിരീടവും ചെങ്കോലും അധികാരസ്ഥാനങ്ങളും ഉപേക്ഷിച്ച്,ഉടുമുണ്ട് തലയിൽ കെട്ടി കണ്ടം വഴി ഓടേണ്ടി വന്ന ഭരണാധികാരികൾ.
ജനങ്ങളാണ് അധികാരം, അവരാണ് ശക്തി. നിങ്ങൾ അനുഭവിക്കുന്ന അധികാരത്തിന്റെ ലഹരിയും അതിൽ നിന്നുടാവുന്ന അഹങ്കാരവും എല്ലാം ജനങ്ങളുടെ ഔദാര്യമാണ്. അവരുടെ ആവശ്യങ്ങൾ നിറവേറ്റാൻ ഉപയോഗപ്പെടേണ്ട ഒരു ടൂൾ മാത്രം ആണ് നിങ്ങൾ. എന്നാൽ ആ ടൂൾ ഇപ്പോൾ എതിർസ്വരങ്ങളുടെ തലയടിച്ചു പൊട്ടിക്കാൻ കണക്കിനുള്ള ഒരു അധികാരദണ്ഡ് ആയി മാറിയിരിക്കുന്നു.
ഞാൻ ഒരച്ഛനാണ്. എന്റെ കുട്ടികൾക്ക് ഏറ്റവും നല്ല വിദ്യാഭ്യാസം കിട്ടണം എന്നാഗ്രഹമുള്ള ഒരച്ഛൻ. അവർ ഏറ്റവും നല്ല വിദ്യാഭ്യാസ സൗകര്യങ്ങളിലൂടെ വളരണം എന്നാഗ്രഹം ഉള്ള ഒരച്ഛൻ. ഈ നാട്ടിൽ ഒട്ടനവധി രക്ഷിതാക്കൾ ഉണ്ട് എന്നെപ്പോലെ.. എന്റെ കയ്യിലുള്ള സാമ്പത്തികത്തിന്റ 10 ൽ ഒന്ന് പോലും മില്ലാത്തവർ. ലോണും കടവുമെടുത്തു ജീവിതം മുന്നോട്ട് കൊണ്ട് പോകുന്നവർ. ജീവൻ പിടിച്ച് നിർത്തുന്നവർ.. അവരുടെ വിയർപ്പും കണ്ണീരും നനച്ചിട്ടാണ് അവരുടെ കുട്ടികളുടെ വിദ്യാഭ്യാസം അവർ തള്ളി ഞരക്കി മുന്നോട്ട് കൊണ്ട് പോകുന്നത്.
ഇതെല്ലാം കണ്മുന്നിൽ കണ്ട് മനസ്സിലാക്കി പഠിച്ച് പരീക്ഷ എഴുതാൻ തയ്യാറെടുക്കുന്ന, എഴുതിയ കുട്ടികൾക്കും അതിന്റെ വിലയെന്ത് എന്നറിയാം. ആരോടാണ്.. "ഈ പരീക്ഷ ഒന്ന് കൂടി എഴുത്, മറ്റേത് ക്യാൻസൽ ആയി എന്നൊക്കെ" നിങ്ങൾ ലാഘവത്തോടെ പറയുന്നത്.. അതിനെതിരെ പ്രതികരിക്കുന്നവരുടെ തലയാണ് അടിച്ച് പൊട്ടിക്കുന്നത് .. സൂക്ഷിക്കുക ഡൽഹിയിലെ തണുപ്പിൽ ചൂട് തരുന്ന സ്വെറ്ററും കമ്പിളിയും നിങ്ങൾ തല്ലി കൊല്ലാൻ ഒരുമ്പെടുന്ന ഈ പാറ്റകൾ കൊത്തികീറും.. അതിലൂടെ തണുപ്പ് അരിച്ചു കേറും.. വിറയലോടെ നിങ്ങൾ ഓടും. അവസാനം തലകുനിക്കും... കാരണം പാറ്റകൾ ഞങ്ങളാണ്. അവരാണ് അധികാരം അവരാണ് ശക്തി.''


Click it and Unblock the Notifications