'സഹോദരന്‍ അറസ്റ്റിലായതിന് എന്നെ ക്രൂശിക്കുന്നു'; സ്ഥാനം രാജിവയ്ക്കുമോ? പികെ ഫിറോസിന്റെ മറുപടി
മലപ്പുറം: ലഹരി ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ സഹോദരന്‍ പികെ ബുജൈര്‍ അറസ്റ്റിലായ സംഭവത്തില്‍ പ്രതികരണവുമായി യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസ്. സഹോദരന്‍ അറസ്റ്റിലായ സ്ഥിതിക്ക് സ്ഥാനം രാജിവെച്ച് പികെ ഫിറോസ് മാതൃകയാകുമോ എന്ന് ബിനീഷ് കോടിയേരി ചോദിച്ച പശ്ചാത്തലത്തിലാണ് പികെ ഫിറോസിന്റെ പ്രതികരണം.
പികെ ഫിറോസിന്റെ വാക്കുകള്‍: സഹോദരന്‍ ചെയ്ത കുറ്റകൃത്യത്തിന് സഹോദരന്‍ എന്ന നിലയ്ക്ക് എനിക്കെതിരെയാണ് വ്യാപകമായ സൈബര്‍ ആക്രമണം ഉണ്ടാകുന്നത്. എന്റെ സഹോദരനും ഞാനും രണ്ടു വ്യക്തിത്വങ്ങളാണ്. അദ്ദേഹത്തിന് എന്റെ രാഷ്ട്രീയവുമായി യാതൊരു യോജിപ്പുമില്ല. അതുകൂടാതെ എന്റെ രാഷ്ട്രീയത്തെ എപ്പോഴും വിമര്‍ശിക്കുകയും പരിഹസിക്കുകയും ചെയ്യുന്ന വ്യക്തിയാണ് അദ്ദേഹം. ഇത് അദ്ദേഹത്തിന്റെ സോഷ്യല്‍ മീഡിയ പരിശോധിച്ചാല്‍ ബോധ്യമാകും. അദ്ദേഹത്തിന്റെ രാഷ്ട്രീയവും എന്റെ രാഷ്ട്രീയവും വ്യത്യസ്തമാണ്. കുടുംബത്തില്‍ അങ്ങനെയൊക്കെ ആകാമല്ലോ.

സിപിഎം പ്രവര്‍ത്തകനായ റിയാസ് തൊടുകയിലിനെയും പൊലീസ് ലഹരി ഇടപാടില്‍ അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ എന്തിനാണ് പോലീസ് വിട്ടയച്ചത്? റിയാസിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ട് പരിശോധിക്കുന്ന ഏതൊരാള്‍ക്കും മനസിലാകും അയാള്‍ സിപിഎം പ്രവര്‍ത്തകന്‍ ആണെന്ന്. സിപിഎമ്മിന്റെ ലോക്കല്‍ കമ്മിറ്റി നേതാക്കള്‍ മുതലുള്ള നേതാക്കന്മാരാണ് അദ്ദേഹത്തെ പൊലീസ് സ്റ്റേഷനില്‍ നിന്ന് ഇറക്കിക്കൊണ്ടുപോയത്.
എന്റെ സഹോദരനെ കാണാന്‍ വേണ്ടിയോ അയാളെ സ്റ്റേഷനില്‍ നിന്ന് ഇറക്കാനോ ഒരു ലീഗ് പ്രവര്‍ത്തകനും കുന്നമംഗലം പൊലീസ് സ്റ്റേഷനില്‍ പോയിട്ടില്ല. അദ്ദേഹം തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷ കിട്ടണം. അതിനകത്ത് യാതൊരു ഇടപെടലും നടത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. സമൂഹത്തിന് വിപത്തായ ലഹരി ഇടപാടുമായി എന്റെ സഹോദരന് ബന്ധമുണ്ടെങ്കില്‍ അവര്‍ക്കൊക്കെ എതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്നാണ് എന്റെയും കുടുംബത്തിന്റെയും നിലപാട്.
കെടി ജലീലും ബിനീഷ് കോടിയേരിയും ഈ കേസില്‍ രംഗത്ത് വരുന്നതിന്റെ താല്‍പര്യം വേറെയാണ്. കുടുംബത്തിലെ ആരെങ്കിലും തെറ്റ് ചെയ്താല്‍ അത് ചൂണ്ടിക്കാണിച്ചു ഞങ്ങളുടെ വായ അടപ്പിക്കാന്‍ ശ്രമിച്ചാല്‍ അത് നടക്കാന്‍ പോകുന്നില്ല. എന്റെ സഹോദരനുമായി ബന്ധപ്പെട്ട കേസില്‍ പൊലീസ് നിഷ്പക്ഷമായ അന്വേഷണം നടത്തണം. കുറ്റക്കാരനാണെങ്കില്‍ അദ്ദേഹത്തിന് മാതൃകാപരമായ ശിക്ഷ കൊടുക്കട്ടെ. അതില്‍ രാഷ്ട്രീയപരമായോ വ്യക്തിപരമായോ യാതൊരു ഇടപെടലും ഞാന്‍ നടത്തില്ല.
ഞാന്‍ ഏതെങ്കിലും വിധത്തില്‍ അധികാരവുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന വ്യക്തിയല്ല. യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി എന്ന സ്ഥാനം ഉപയോഗിച്ച് സഹോദരനെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചില്ല. ഏതെങ്കിലും നിലയ്ക്ക് തെറ്റായ പ്രവര്‍ത്തി എന്റെ സഹോദരന്റെ ഭാഗത്ത് നിന്നുണ്ടായിട്ടുണ്ടെങ്കില്‍ മാതൃകാപരമായ ശിക്ഷ ലഭിക്കുന്നതില്‍ ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്നത് ഞാനായിരിക്കും.
ഈ പദവി ഉപയോഗിച്ച് അദ്ദേഹത്തിന് അനുകൂലമായ നിലപാട് എടുത്താല്‍ മാത്രമേ ഞാന്‍ രാജി വയ്‌ക്കേണ്ടതുള്ളൂ. ഞാന്‍ ജനപ്രതിനിധി പോലുമല്ല. മാത്രമല്ല, ഈ അന്വേഷണത്തെ സ്വാഗതവും ചെയ്യുന്നുണ്ട് - പികെ ഫിറോസ് കൂട്ടിച്ചേര്‍ത്തു.
പികെ ബുജൈര്‍ അറസ്റ്റിലായ സംഭവത്തില്‍ സഹോദരന്‍ പികെ ഫിറോസ് യൂത്ത് ലീഗ് നേതൃസ്ഥാനം രാജിവെച്ച് മാതൃക കാണിക്കുമോ എന്ന് ചോദിച്ച് ബിനീഷ് കോടിയേരി പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റ് ചുവടെ:
ബഹുമാനപ്പെട്ട പികെ ഫിറോസെ നേതാവേ ഇങ്ങ് വന്നെ, ഒരു കാര്യം പറയാനുണ്ട്. ലഹരി വസ്തുക്കളുമായി അറസ്റ്റിലായ ആള്‍ നല്‍കിയ വിവരമനുസരിച്ച് അന്വേഷണത്തിന് എത്തിയ പൊലീസ് ഉദ്യോഗസ്ഥനെ മര്‍ദ്ദിച്ച കേസ്; പികെ ഫിറോസിന്റെ സഹോദരന്‍ പികെ ബുജൈര്‍ കസ്റ്റഡിയില്‍, പികെ ഫിറോസിന്റെ അനുജന്റെ കൈയില്‍നിന്ന് ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്ന ഉപകരണ ഉപകരണങ്ങളും കിട്ടിയെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ശ്രീ പികെ ഫിറോസിന്റെ മുന്‍കാല പ്രസ്താവനകള്‍ തന്നെ കടമെടുക്കുകയാണെങ്കില്‍ രാഷ്ട്രീയ പാര്‍ട്ടിയുടെ നേതാക്കളുടെ കുടുംബാംഗങ്ങള്‍ക്ക് ഇത്തരത്തിലുള്ള വിഷയങ്ങള്‍ വന്നാല്‍ ആ രാഷ്ട്രീയ പാര്‍ട്ടിയുടെ നേതാക്കള്‍ ആ നേതൃസ്ഥാനത്തുനിന്ന് മാറി നിന്ന് മാതൃക കാണിക്കണമെന്നാണ്. മുസ്ലിം ലീഗ് നേതൃത്വം ശ്രീ പികെ ഫിറോസിന് രാജിവെക്കാനുള്ള സൗകര്യം ഒരുക്കി കൊടുക്കുമെന്ന് വിശ്വസിക്കുന്നു.












Click it and Unblock the Notifications