'സിനിമയിലെ ശക്തനല്ല, ചെയ്തത് സഹവേഷങ്ങള്‍ മാത്രം..'; സിദ്ദീഖ് സുപ്രീം കോടതിയില്‍
ന്യൂഡല്‍ഹി: യുവനടി നല്‍കിയ പരാതിയെ തുടര്‍ന്നെടുത്ത ബലാത്സംഗക്കേസില്‍ തനിക്കെതിരെ കള്ളക്കഥ മെനയുകയാണ് എന്ന് നടനും കേസിലെ പ്രതിയുമായ സിദ്ദീഖ്. സംസ്ഥാന സര്‍ക്കാരിന്റെ റിപ്പോര്‍ട്ടിന് എതിരെ സുപ്രീം കോടതിയില്‍ നല്‍കിയ മറുപടി സത്യവാങ്മൂലത്തിലാണ് സിദ്ദീഖിന്റെ പ്രതികരണം. തനിക്ക് ജാമ്യം ലഭിച്ചാല്‍ പരാതിക്കാരിക്ക് നീതി ലഭിക്കില്ലെന്ന വാദം നിലനില്‍ക്കില്ല എന്ന് സിദ്ദീഖ് പറഞ്ഞു.
'യാഥാര്‍ത്ഥ്യങ്ങള്‍ വളച്ചൊടിച്ചാണ് സംസ്ഥാനത്തിന്റെ റിപ്പോര്‍ട്ട്. പരാതിക്കാരി ഉന്നയിക്കാത്ത കാര്യങ്ങള്‍ പോലും പൊലീസ് പറയുകയാണ്. തനിക്കെതിരെ പൊലീസ് ഇല്ലാക്കഥകള്‍ മെനയുകയാണ്,' സിദ്ദീഖ് പറഞ്ഞു. കേസെടുക്കാന്‍ ഉണ്ടായ കാലതാമസത്തെ കുറിച്ചുള്ള സംസ്ഥാന സര്‍ക്കാരിന്റെ വിശദീകരണം നിലനില്‍ക്കില്ലെന്നും സിദ്ദിഖ് സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടി.

മലയാള സിനിമയിലെ വനിതാ പ്രവര്‍ത്തകരുടെ സംഘടനയായ ഡബ്ല്യു സി സിയിലെ അംഗമായിട്ടും സര്‍ക്കാര്‍ നിയോഗിച്ച ഹേമ കമ്മിറ്റിക്ക് മുന്നില്‍ പരാതിക്കാരി ഈ വിഷയം ഉന്നയിച്ചിട്ടില്ല എന്നും സിദ്ദീഖ് പറഞ്ഞു. മാധ്യമ വിചാരണയ്ക്ക് പൊലീസ് അവസരം ഒരുക്കുകയാണ്. താന്‍ മലയാള സിനിമയിലെ ശക്തനായ വ്യക്തി അല്ല എന്നും പ്രധാന കഥാപാത്രമായി ചുരുക്കം സിനിമകളില്‍ മാത്രമാണ് അഭിനയിച്ചത് എന്നും സിദ്ദീഖ് പറഞ്ഞു.
താന്‍ ചെയ്തതില്‍ അധികവും സഹ വേഷങ്ങളാണെന്നും സിദ്ദിഖ് സത്യവാങ്മൂലത്തില്‍ പറയുന്നു. ശരിയായ അന്വേഷണം നടത്താതെയാണ് തന്നെ പ്രതിയാക്കിയത് എന്നും സിദ്ദീഖ് ആരോപിക്കുന്നു. സിദ്ദീഖ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും തെളിവുകള്‍ നശിപ്പിച്ചുവെന്നും പൊലീസ് കോടതിയെ അറിയിച്ചിരുന്നു. സംഭവം നടക്കുമ്പോള്‍ പരാതിക്കാരിക്ക് 21 വയസ് മാത്രമായിരുന്നു പ്രായം.
അക്കാലത്ത് സിദ്ദീഖ് സിനിമയിലെ ശക്തനായിരുന്നു എന്നാണ് സര്‍ക്കാര്‍ വാദം. ജസ്റ്റിസ് ബേല എം ത്രിവേദി അധ്യക്ഷനായ ബെഞ്ച് സിദ്ദീഖിന്റെ ഹര്‍ജി നാളെ പരിഗണിക്കും. നേരത്തെ കേസില്‍ മറുപടി സത്യവാങ്മൂലം നല്‍കാനായി കൂടുതല്‍ സമയം വേണമെന്ന് സിദ്ദിഖ് ആവശ്യപ്പെട്ടിരുന്നു. ഇത് അംഗീകരിച്ചാണ് കോടതി വാദം മാറ്റി വെച്ചത്. അതേസമയം സിദ്ദീഖിന്റ അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള ഇടക്കാല ഉത്തരവ് ഇപ്പോഴും നിലനില്‍ക്കുകയാണ്.
2016 ല്‍ മസ്‌ക്കറ്റ് ഹോട്ടലില്‍ വെച്ച് അവസരം വാഗ്ദാനം ചെയ്ത് സിദ്ദീഖ് ബലാത്സംഗം ചെയ്തു എന്നാണ് നടിയുടെ പരാതി. നടിയുടെ പരാതി പ്രകാരം ബലാത്സംഗം, ഭീഷണിപ്പെടുത്തല്‍ വകുപ്പുകള്‍ പ്രകാരം സിദ്ദീഖിനെതിരെ മ്യൂസിയം പൊലീസ് കേസെടുത്തിരുന്നു. സംഭവം നടന്ന ദിവസം പരാതിക്കാരി പറഞ്ഞ മുറിയില്‍ സിദ്ദീഖ് താമസിച്ചിരുന്നതിന്റെ തെളിവുകള്‍ പൊലീസിന് ലഭിച്ചിരുന്നു.












Click it and Unblock the Notifications