'മസ്താനിയെ വിളിച്ചിരുന്നു, അക്കാര്യത്തിൽ അവരോട് ഖേദം പ്രകടിപ്പിച്ചു'; രാഹുൽ ഈശ്വർ പറയുന്നു
കെഎസ്ആര്‍ടിസി ബസില്‍ വച്ച് സഹയാത്രികയോട് ലൈംഗിക അതിക്രമം കാണിച്ചതിനെ തുടര്‍ന്ന് സവാദ് എന്ന യുവാവ് വീണ്ടും അറസ്റ്റിലായ സംഭവത്തിൽ പ്രതികരണവുമായി രാഹുൽ ഈശ്വർ. താനൊരിക്കലും സവാദിനെ പിന്തുണച്ചിട്ടില്ലെന്നും സവാദിന്റെ അറസ്റ്റിന് പിന്നാലെ അയാൾക്കെതിരെ നേരത്തേ പരാതി നൽകിയ മസ്താനി (നന്ദിത ശങ്കര)യെ വിളിച്ചിരുന്നുവെന്നും രാഹുൽ പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു രാഹുലിന്റെ പ്രതികരണം.
'പുരുഷന്മാർ എന്ത് തെറ്റ് ചെയ്താലും പിന്തുണക്കുന്നതല്ല പുരുഷ ആക്ടിവിസം. ആണുങ്ങൾ തെറ്റ് ചെയ്യുമ്പോൾ അതിനെ തെറ്റെന്നു പറയുകയും, ആണുങ്ങൾക്ക് നേരെ വ്യാജ പരാതി വരുമ്പോൾ അതിനെ വ്യാജ പരാതി എന്ന് പറയുന്നതാണ് പുരുഷ കമ്മീഷൻ ആക്ടിവിസം. മസ്താനി (നന്ദിത ശങ്കര) യെ ഫോണിൽ വിളിച്ചിരുന്നു. നന്ദിത അന്ന് ഉയർത്തിയ കാര്യങ്ങൾ കൂറേ കൂടി ഗൗരവമായി നമ്മൾ എല്ലാവരും എടുക്കണമായിരുന്നു, അത് ചെയ്യാത്തതിന് ഖേദം പ്രകടിപ്പിച്ചു. സൗഹാർദ്ദപരമായ സംഭാഷണം.

ഞാൻ വ്യക്തിപരമായി സവാദിനെ ഒരിക്കലും അനുകൂലിച്ചിരുന്നില്ല, അങ്ങനെയുള്ള ഒരു ചർച്ചയിലും പങ്കെടുത്തിട്ടുമില്ല. സവാദിനെ പൂമാല അണിയച്ചതിനെ, ഏതു ആരോപണ വിധേയനെയും പൂമാലയണിയിക്കുന്നതിനെ എതിർക്കുകയും ചെയ്ത വ്യക്തി ആണ്. എന്നാൽ സ്വന്തം ജീവിതത്തിലെ വേദനകൾ, വ്യാജ പരാതികൾ ആണ് നമ്മുടെ പല പുരുഷ സുഹൃത്തുക്കളെ 'മാല അണിയിക്കാൻ പ്രേരിപ്പിക്കുന്നതെന്ന' വേദന മനസിലാക്കുന്നു.
കഴിയുന്നതും അത്തരം 'അമിത ആവേശ പ്രയോഗങ്ങൾ' ഒഴിവാക്കണം, നിരുത്സാഹപ്പെടുത്തണം. പുരുഷന്മാരുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടണം, എന്നാൽ ഇന്നും സ്ത്രീകൾ തന്നെയാണ് കൂടുതൽ ബുദ്ധിമുട്ട് അനുഭവിക്കുന്നത് എന്ന് മറക്കുകയും ചെയ്യരുത്, രാഹുൽ ഫേസ്ബുക്കിൽ കുറിച്ചു.
കുറച്ചുനാളുകൾക്ക് മുൻപ് മസ്താനി നൽകിയ പരാതിയിൽ സവാദിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.. ജാമ്യം കിട്ടി പുറത്തിറങ്ങിയപ്പോൾ സവാദിനെ മെൻസ് അസോസിയേഷൻ അന്ന് മാലയിട്ട് സ്വീകരിച്ചത് വലിയ വിവാദമായി. മസ്താനി മനപ്പൂരവ്വം സവാദിനെ കുടുക്കുകയായിരുന്നുവെന്നാണ് അന്ന് അസോസിയേഷൻ ആരോപിച്ചത്. പിന്നാലെ മസ്താനിക്കെതിരെ സൈബർ ആക്രമണം കടുത്തു. സവാദ് ഇരയാണെന്നായിരുന്നു ഇക്കൂട്ടരുടെ വാദം.
അതേസമയം സവാദ് വീണ്ടും അറസ്റ്റ് ചെയ്തതിന് പിന്നാലെ പടക്കം പൊട്ടിച്ച് ആഘോഷിക്കുന്ന മസ്താനിയുടെ വീഡിയോ പുറത്തുവന്നു. കഴിഞ്ഞ കുറച്ച് നാളുകളായി കടുത്ത സൈബർ റേപ്പിനാണ് താൻ ഇരയായതെന്നും രണ്ട് വർഷത്തിന് ശേഷം തനിക്ക് നീതി ലഭിച്ചെന്നും അവർ പറഞ്ഞു.












Click it and Unblock the Notifications