'ഉമ്മൻചാണ്ടി വിവാഹത്തിന് വന്ന് പറഞ്ഞത് അനുഗ്രഹമായി തോന്നുന്നു'; പ്രതീക്ഷയുമായി ജെയ്ക്കിന്റെ ഭാര്യ
കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ ജെയ്ക്ക് സി തോമസ് വിജയിക്കുമെന്ന പ്രതീക്ഷ പങ്കുവെച്ച് ഭാര്യ ഗീതു തോമസ്. കഴിഞ്ഞ തവണ താനും ജെയ്ക്കിനൊപ്പം പ്രചരണത്തിന് ഇറങ്ങിയിരുന്നു. അടുത്ത മാസമാണ് തന്റെ പ്രസവം. അതിനാൽ ഇത്തവണ പ്രചരണത്തിന് ഇറങ്ങാൻ സാധിക്കില്ല. എന്നാൽ പലരേയും ഫോണിലൂടെയൊക്കെ വിളിച്ച് വോട്ട് അഭ്യർത്ഥിക്കാറുണ്ട്', ഗീതു തോമസ് മനോരമ ന്യൂസിനോട് പറഞ്ഞു.
'സ്ഥാനാർത്ഥിത്വത്തിൽ സന്തോഷമുണ്ട്. കഴിഞ്ഞ തവണ ജെയ്ക്കിനൊപ്പം ഞാനും പ്രചരണത്തിന് ഇറങ്ങിയിരുന്നു. എന്നാൽ ഇത്തവണ പ്രഗ്നന്റ് ആയതിനാൽ പ്രചരണത്തിന് ഇറങ്ങാൻ സാധിക്കില്ല. അടുത്ത മാസമാണ് തീയതി. ഇപ്പോൾ തിരക്കായതിനാലാണ് ജെയ്ക്കിന് എനിക്കൊപ്പം വരാൻ സാധിക്കാത്തത്. കഴിഞ്ഞ തവണ ഞങ്ങൾ ഒരുമിച്ചാണ് ചെക്കപ്പിന് പോയിക്കോണ്ടിരിക്കുന്നത്.ജെയ്ക്കിന്റെ സാഹചര്യം എനിക്ക് അറിയാം.

ഞങ്ങൾ സിഎംഎസിൽ പഠിക്കുമ്പോഴാണ് പരിചയത്തിലാകുന്നതും ഇഷ്ടപ്പെടുന്നതും ഞാൻ രാഷ്ട്രീയമായി പ്രവർത്തിച്ച ആളല്ല. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പ്രചരണത്തിന് ഇറങ്ങിയതാണ് ആദ്യ രാഷ്ട്രീയ അനുഭവം. ഉമ്മൻചാണ്ടി വിവാഹത്തിന് വന്നപ്പോൾ അദ്ദേഹം എന്നോട് പറഞ്ഞത് ജെയ്ക്ക് എനിക്ക് നല്ലൊരു എതിരാളി ആയിരുന്നുവെന്നാണ്. നിനനക്ക് അവൻ നല്ലൊരു തുണയായിരിക്കുമെന്നും. എന്നേയും ജെയ്ക്കിനേയും സംബന്ധിച്ച് അത് വലിയൊരു അനുഗ്രഹമായിട്ടായിരുന്നു തോന്നിയത്. ജെയ്ക്കിനെ പിന്തുണയ്ക്കുമെന്നാണ് വോട്ടർമാരോടുള്ള തന്റെ അഭ്യർത്ഥന', ഗിതു പറഞ്ഞു.
മകന്റെ വളർച്ച കാണുമ്പോൾ സന്തോഷമുണ്ടെന്ന് അമ്മ അന്നമ്മ തോമസും പ്രതികരിച്ചു. എപ്പോഴും വീട്ടിൽ നിൽക്കുന്ന ആളല്ല. പുറത്ത് തിരക്കിലാണ്. കഴിഞ്ഞ രണ്ട് തവണത്തെ പോലെയല്ല , ഇത്തവണ നല്ല പ്രതീക്ഷയുണ്ട്', അമ്മ പ്രതികരിച്ചു.
കഴിഞ്ഞ ദിവസമായിരുന്നു ജെയ്ക്ക് സി തോമസിനെ പുതുപ്പള്ളിയിൽ എൽ ഡി എഫ് സ്ഥാനാർത്ഥിയായി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഇത് മൂന്നാം തവണയാണ് ജെയ്ക്ക് മണ്ഡലത്തിൽ മത്സരിക്കുന്നത്. 2016 ലായിരുന്നു ആദ്യ മത്സരം. കന്നിപ്പോരാട്ടത്തിൽ 44505 വോട്ടുകളായിരുന്നു ജെയ്ക്ക് നേടിയത്. 2019 ൽ ഉമ്മൻചാണ്ടിയുടെ ഭൂരിപക്ഷം കുത്തനെ കുറക്കാനും ജെയ്ക്കിന് സാധിച്ചിരുന്നു. അന്ന് 54,328 വോട്ടായിരുന്നു ജെയ്ക്കിന് നേടാൻ സാധിച്ചത്. വെറും 9,044 വോട്ടുകളുടെ ഭൂരിപക്ഷം മാത്രമായിരുന്നു ഉമ്മൻചാണ്ടിക്ക് ലഭിച്ചത്.
സെപ്തംബര്‍ 5നാണ് പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്. 8നാണ് വോട്ടെണ്ണല്‍. ഓഗസ്റ്റ് 17നാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി.












Click it and Unblock the Notifications