Get Updates
Get notified of breaking news, exclusive insights, and must-see stories!

തലയിലേക്ക് തോക്ക് വെച്ചു, കുട്ടികൾ കരഞ്ഞത് കൊണ്ട് വെറുതെ വിട്ടു, കൊല്ലപ്പെട്ട രാമചന്ദ്രന്റെ മകൾ പറയുന്നു

26 നിരപരാധികളുടെ ജീവനെടുത്ത പഹൽഗാം ഭീകരാക്രമണത്തിന്റെ ഞെട്ടലിൽ നിന്ന് രാജ്യം മുക്തമായിട്ടില്ല. അതിനിടയിൽ വർഗീയ മുതലെടുപ്പിനുളള ശ്രമങ്ങളും നടക്കുന്നുണ്ട്. അപ്പോഴാണ് പഹൽഗാമിൽ കൊല്ലപ്പെട്ട എറണാകുളം സ്വദേശി എൻ രാമചന്ദ്രന്റെ മകൾ ആരതിയുടെ പ്രതികരണം ശ്രദ്ധ നേടുന്നത്.

ആരതിയുടേയും രണ്ട് മക്കളുടേയും കൺമുന്നിൽ വെച്ചാണ് ഭീകരർ രാമചന്ദ്രനെ വെടിവെച്ച് കൊലപ്പെടുത്തിയത്. ആ ദുരന്തത്തിന്റെ വേദനയിൽ നിൽക്കുമ്പോഴും സ്വന്തം സഹോദരങ്ങളെ പോലെ കണ്ട് സഹായിച്ച കശ്മീരികളെ നന്ദിയോടെ ആരതി ഓർക്കുന്നു.

pahalgam kashmir terror attack

ആരതിയുടെ വാക്കുകൾ ഇങ്ങനെ: '' മിനി സ്വിറ്റ്‌സര്‍ലാന്റ് എന്ന് പറയുന്ന സ്ഥലത്തായിരുന്നു തങ്ങള്‍. കുറേ ടൂറിസ്റ്റുകള്‍ ഉണ്ടായിരുന്നു. പെട്ടെന്ന് ഒരു ശബ്ദം കേട്ടു. ദൂരെ ഒരാള്‍ മുകളിലേക്ക് വെടിവെക്കുന്നത് കണ്ടപ്പോള്‍ മനസ്സിലായി തീവ്രവാദി ആക്രമണം ആണെന്ന്. താനും അച്ഛനും മക്കളും നിലത്തേക്ക് കിടന്നു. ചുറ്റും കാടാണ്. തങ്ങള്‍ ഓടി അവിടെയുളള വേലിക്ക് പുറത്ത് എത്തി. അവിടേക്ക് ഒരു ഭീകരന്‍ എത്തി, എല്ലാവരോടും നിലത്ത് കിടക്കാന്‍ പറഞ്ഞു. അവിടെ ഉളളവരോട് അയാള്‍ എന്തോ ചോദിക്കുകയും ഷൂട്ട് ചെയ്യുകയുമായിരുന്നു.

തങ്ങളുടെ അടുത്തേക്കും അയാള്‍ വന്നു. ഒരു വാക്ക് ആണ് അയാള്‍ ചോദിച്ചത്. കലിമ എന്ന്. മനസ്സിലായില്ല എന്ന് ഹിന്ദിയില്‍ അയാളോട് പറഞ്ഞു. ഇതൊക്കെ 5 സെക്കന്‍ഡിനുളളില്‍ കഴിഞ്ഞു. അപ്പോഴേക്കും അച്ഛനെ തന്റെ മുന്നില്‍ വെച്ച് വെടിവെച്ചു. താന്‍ അച്ഛനെ കെട്ടിപ്പിടിച്ച് കരയുമ്പോള്‍ മക്കളാണ് പറഞ്ഞത്, അമ്മേ പോകാം എന്ന്. അച്ഛന്‍ മരിച്ചെന്ന് ഉറപ്പായിരുന്നു. താന്‍ മക്കളേയും കൂട്ടി കാട്ടിലൂടെ ഓടി രക്ഷപ്പെടുകയായിരുന്നു.

കുറച്ച് ദൂരം ചെന്നപ്പോള്‍ ഫോണില്‍ സിഗ്നല്‍ കിട്ടി. അപ്പോള്‍ തന്നെ തങ്ങളുടെ ഡ്രൈവറായിരുന്ന മുസാഫിറിനെ വിളിച്ച് കാര്യം പറഞ്ഞു. പിന്നെ കുറച്ച് സമയത്തിനുളളില്‍ തന്നെ സൈന്യം എത്തി. ഭീകരര്‍ സൈനിക വേഷത്തിലാണോ എത്തിയത് എന്നത് അറിയില്ല, തങ്ങളുടെ അടുത്തേക്ക് വന്ന ആള്‍ സൈനിക വേഷത്തില്‍ ആയിരുന്നില്ല. അച്ഛനെ വെടിവെച്ച ശേഷം തന്റെ തലയിലും തോക്ക് വെച്ചു. കുട്ടികള്‍ കരഞ്ഞത് കൊണ്ടാകാം തന്നെ വെറുതെ വിട്ടത് എന്നും ആരതി പറയുന്നു.

സൈന്യം എത്തിയ ശേഷം രാത്രിയാണ് കൊല്ലപ്പെട്ടവരെ തിരിച്ചറിയാനായി കൊണ്ട് പോയത്. ആശുപത്രിയില്‍ എത്തിച്ച ശേഷമുളള കാര്യങ്ങളെല്ലാം വേഗം തന്നെ നടന്നു. സംസ്ഥാന സര്‍ക്കാരും കേന്ദ്രസര്‍ക്കാരും രാഷ്ട്രീയക്കാരും അവിടുത്തെ നാട്ടുകാരും ഒക്കെ വളരെ സഹായിച്ചു. റൂമൊക്കെ തന്നു. അതിന് പണമൊന്നും വാങ്ങിയില്ല. മുസാഫിര്‍, സമീര്‍ എന്നീ കശ്മീരികളായ ഡ്രൈവര്‍മാര്‍ തന്നെ ഒരു ചേട്ടനും അനിയനും കൊണ്ട് നടക്കുന്നത് പോലെയാണ് സഹായിച്ചത്. മോര്‍ച്ചറിയില്‍ പോകാനും ഐഡന്റിഫിക്കേഷനും ഒക്കെ കൂടെ നിന്നു. പുലര്‍ച്ചെ മൂന്ന് മണി വരെ മോര്‍ച്ചറിക്ക് മുന്നിലായിരുന്നു. അപ്പോള്‍ റെഡിയാകില്ലെന്ന് പറഞ്ഞ് 6 മണിക്ക് വീണ്ടും ചെന്നു. അതിനൊക്കെ മുസാഫിര്‍ ഒരു അനിയത്തിയെ എന്ന പോലെ കൂടെ നിന്നു. കശ്മീരില്‍ രണ്ട് സഹോദരന്മാരെ കിട്ടി എന്നാണ് തിരിച്ച് പോരുമ്പോള്‍ എയര്‍പോര്‍ട്ടില്‍ വെച്ച് അവരോട് പറഞ്ഞത്. അള്ളാ അവരെ രക്ഷിക്കട്ടെ എന്നും പറഞ്ഞു.

അമ്മയെ അച്ഛന്‍ മരിച്ച വിവരം അറിയിച്ചിരുന്നില്ല. പോലീസിനോട് അടക്കം അക്കാര്യം പറഞ്ഞിരുന്നു. കാരണം രണ്ട് കുട്ടികളേയും അമ്മയേയും തനിക്ക് നോക്കേണ്ടതുണ്ട്. ബോള്‍ഡ് ആയിട്ട് ഇരിക്കുകയായിരുന്നു. എയര്‍പോര്‍ട്ടിലെ വാര്‍ത്താ ചാനലുകളെല്ലാം ഓഫ് ചെയ്യിപ്പിച്ചു. അച്ഛന് പരിക്ക് പറ്റിയിട്ടുണ്ടെന്നും ചികിത്സയ്ക്കായി കൊണ്ട് വരികയാണ് എന്നുമായിരുന്നു അമ്മയോട് പറഞ്ഞിരുന്നത് എന്നും ആരതി മാധ്യമങ്ങളോട് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+