35 സീറ്റ് കിട്ടി കേരളത്തിൽ ബിജെപി ഭരണം പിടിക്കുമെന്നല്ല ഞാൻ പറഞ്ഞത്; മലക്കം മറിഞ്ഞ് സുരേന്ദ്രൻ
തിരുവന്തപുരം; ഇത്തവണ സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പിൽ തങ്ങൾക്ക് 35 സീറ്റുകൾ വരെ ലഭിക്കുമെന്നും അത്രയും സീറ്റുകൾ മാത്രം കിട്ടിയാൽ തന്നെ ബി ജെ പി കേരള ഭരണം പിടിക്കുമെന്നുമായിരുന്നു പാർട്ടി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ആവർത്തിച്ചത്. എന്നാൽ 35 പോയിട്ട് കൈയ്യിലുണ്ടായിരുന്ന സീറ്റു പോലും നഷ്ടപ്പെടുന്നതായിരുന്നു കാഴ്ച. സുരേന്ദ്രന്റെ ഈ പ്രസ്താവനയുൾപ്പെടെ പരാജയത്തിന് കാരണമായെന്ന വിമർശനവും പാർട്ടിയിൽ ഉയർന്നിരുന്നു.
അതേസമയം താൻ 35 സീറ്റ് ബിജെപിക്ക് കിട്ടുമെന്ന് പറഞ്ഞിട്ടേ ഇല്ലെന്ന് പറയുകയാണ് ഇപ്പോൾ സുരേന്ദ്രൻ. മലയാള മനോരമയ്ക്ക് നൽകിയ അഭിമുഖത്തിലാണ് സുരേന്ദ്രന്റെ മലക്കം മറിച്ചൽ. വിശദമായി വായിക്കാം

35 സീറ്റുകൾ നേടിയാൽ തങ്ങൾ കേരളം ഭരിക്കുമെന്നായിരുന്നു സുരേന്ദ്രന്റെ ആവർത്തിച്ചുള്ള പ്രസ്താവ. എന്നാൽ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായിട്ടാണ് 35 സീറ്റുകൾ വരെ കിട്ടുമെന്ന് താൻ പറഞ്ഞതെന്ന് സുരേന്ദ്രൻ പറഞ്ഞു. ഒരു സീറ്റിൽ നിന്നാണ് ബിജെപി ത്രിപുരയിൽ ഭരണം പിടിച്ചത്.അതാണ് 35 സീറ്റുകിട്ടുമെന്നും ഭരണം പിടിക്കുമെന്നും പറഞ്ഞതായി വന്നത്.

ഇത് എൽഡിഎഫ് ആയുധമാക്കിയതാണ്. ഏത് രീതിയിലും ഭരണം ബി ജെ പി പിടിക്കുമെന്ന തരത്തിൽ പ്രചരണം നടത്തി. അത്തരത്തിൽ ന്യൂനപക്ഷങ്ങളുടെ വോട്ട് നേടി. സി പിഎമ്മിന്റെ അജണ്ടയായിരുന്നു ആ പ്രചരണമെന്ന് സുരേന്ദ്രൻ പറഞ്ഞു. കേരളത്തിൽ ഇപ്പോഴത്തെ 12 ശതമാനം വോട്ടിൽ നിന്ന് ബിജെപി 20-25 ശതമാനം വോട്ടിലേക്ക് ബിജെപി ഉയരും, സുരേന്ദ്രൻ പറഞ്ഞു.

കേരളത്തിൽ ഇത്തവണ ഉണ്ടായത് മറ്റൊരു രാഷ്ട്രീയമാണെന്നും സുരേന്ദ്രൻ പറഞ്ഞു. തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന്റെ വോട്ട് വിഹിതം ഉയർന്നിട്ടില്ല. ഇടതുപക്ഷത്തിനും പിണറായിക്കുമെതിരെ ശക്തമായ വലിയൊരു ക്യാമ്പെയ്ൻ ഉണ്ടായിരുന്നു. എന്നാൽ ഇതോടെ അവർ ഭയപ്പെട്ടു. ഇന്ത്യയിലെ അവസാനം നിലനിൽക്കുന്ന സംസ്ഥാനത്ത് നിന്ന് പോലും തൂത്തെറിയപ്പെടുമെന്ന് അവർ ഭയന്നു. ഇതോടെ അവർ കഷ്ടപ്പെട്ട് പ്രചരണം നടത്തി.

മാത്രമല്ല ബി ജെ പിയുടെ വരവ് തങ്ങൾക്ക് എതിരാണെന്ന തരത്തിൽ മുസ്ലീം ന്യൂനപക്ഷങ്ങൾക്കിടയിലൊരു പ്രചരണവും നടത്തി. ഇതോടെ ന്യൂൂനപക്ഷങ്ങൾ സിപിഎലേക്ക് ചാഞ്ഞു. കോൺഗ്രസിനുണ്ടായ പാളിച്ചയാണ് ഇടതുപക്ഷം അധികാരത്തിലേറാനുണ്ടായ പ്രധാന കാരണമെന്നും കെ സുരേന്ദ്രൻ കുറ്റപ്പെടുത്തി. മേശ് ചെന്നിത്തലയെ മുന്നിൽ നിർത്തി ഉമ്മൻചാണ്ടി സഹായിച്ചിരുന്നെങ്കിൽ കോൺഗ്രസ് രക്ഷപ്പെടുമായിരുന്നു.ലീഗിനെ കൂട്ട് പിടിച്ച് ഉമ്മൻചാണ്ടിയെ ആ ഘട്ടത്തിൽ മുന്നോട്ട് കൊണ്ടു വന്നു. ഇതോടെ ആരാണ് കോൺഗ്രസിനെ നയിക്കുകയെന്ന ആശങ്ക ജനങ്ങൾക്കിടയിലും ഉണ്ടായെന്ന് സുരേന്ദ്രൻ പറഞ്ഞു.

നേരത്തേ വോട്ടെണ്ണൽ കഴിഞ്ഞാൽ ഇരുമുന്നണികളിൽ നിന്നും പലരും ബിജെപിയിലെത്തുമെന്ന് സുരേന്ദ്രൻ പറഞ്ഞിരുന്നു. എന്നാൽ കോൺഗ്രസിൽ നിന്നും നേതാക്കൾ ഇടതുപക്ഷത്തേക്ക് കൂട്ടത്തോടെ ചേക്കേറുന്നതാണ് ഇപ്പോൾ കേരളത്തിലെ കാഴ്ച. ഇത് സംബന്ധിച്ച ചോദ്യത്തിന് കോൺഗ്രസിൽ നിന്ന് കൊഴിഞ്ഞുപോക്കുണ്ടായില്ലെന്നുവേണം കരുതാൻ എന്നായിരുന്നു സുരേനന്ദ്രന്റെ മറുപടി.

കോൺഗ്രസിൽ നിന്നും ഒന്നോ രണ്ടോ നേതാക്കൾ മാത്രമാണ് പാർട്ടി വിട്ടത്. അത് കോൺഗ്രസിനെ ബാധിച്ചിട്ട് പോലുമില്ല. ബിജെപിക്ക് നേതാക്കളെ കാത്തിരിക്കേണ്ട കാര്യമില്ല. അത്തരം രാഷ്ട്രീയ നീക്കത്തിന് ഇപ്പോൾ യാതൊരു പ്രസക്തിയുമില്ല. ബിജെപിയുടെ പദ്ധതികൾ താഴെ തട്ടിൽ എത്തിക്കുക മാത്രമാണ് ഇപ്പോൾ തങ്ങളുടെ ലക്ഷ്യമെന്നും സുരേന്ദ്രൻ പറഞ്ഞു.












Click it and Unblock the Notifications