'ആര്യാ രാജേന്ദ്രനെ ഭയക്കുന്ന കോൺഗ്രസ് നേതാവിന്റെ മുഖമാണ് ചെന്നിത്തലയിൽ കണ്ടത്'; എംവി ജയരാജൻ
തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനെ പരിഹസിച്ച മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരെ എംവി ജയരാജൻ. ചെന്നിത്തലയുടെ പ്രസ്താവന തീർത്തും അപക്വമാണെന്നും തിരുവനന്തപുരത്ത് ആര്യാ രാജേന്ദ്രനെ ഭയക്കുന്ന കോൺഗ്രസ് നേതാവിന്റെ മുഖമാണ് അദ്ദേഹത്തിന്റെ പ്രസ്താവനയിൽ പ്രതിഫലിച്ചതെന്നും ജയരാജൻ കുറ്റപ്പെടുത്തി. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് പ്രതികരണം. വായിക്കാം
' മുതിർന്ന കോൺഗ്രസ് നേതാവായ രമേശ് ചെന്നിത്തലയുടെ ആര്യാരാജേന്ദ്രനെതിരായ പ്രസ്താവന തീർത്തും അപക്വമായിപ്പോയെന്നത് പറയാതെവയ്യ. ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ മേയറാണ് ആര്യാരാജേന്ദ്രൻ. ആ ചരിത്രം ഇനി ആർക്കും തിരുത്താൻ കഴിയില്ല. മികച്ച മേയർക്കുള്ള പുരസ്‌ക്കാരമുൾപ്പടെ നേടിയാണ് അവർ കോർപ്പറേഷൻ മേയർ സ്ഥാനത്തുനിന്ന് പടിയിറങ്ങുന്നത്. അങ്ങനെയുള്ള ഒരു സഹോദരിയുമായി ബന്ധപ്പെടുത്തി എന്തെങ്കിലും പറയുന്നുവെങ്കിൽ , പൊതുരംഗത്ത് കൂടുതൽ ശക്തമായി ഇടപെടണമെന്ന ഡയലോഗ് ആയിരുന്നു മുതിർന്ന നേതാവ് എന്ന നിലയിൽ ചെന്നിത്തലയിൽ നിന്നും പ്രതീക്ഷിക്കുന്നത്. എന്നാൽ, തിരുവനന്തപുരത്ത് ആര്യാ രാജേന്ദ്രനെ ഭയക്കുന്ന കോൺഗ്രസ് നേതാവിന്റെ മുഖമാണ് അദ്ദേഹത്തിന്റെ പ്രസ്താവനയിൽ പ്രതിഫലിച്ചത്.

ബിഹാറിലും കോൺഗ്രസ് തകർന്നപ്പോൾ, കോൺഗ്രസിന് പത്തുവോട്ട് കിട്ടാൻ AICC നേതൃത്വത്തിൽ നിന്നും ചിലർ മാറേണ്ടതുണ്ടെന്ന സോഷ്യൽ മീഡിയ ചർച്ചയ്ക്കൊപ്പമാണോ ചെന്നിത്തല എന്നത് അറിയില്ല. ഈ ഘട്ടത്തിൽ ആര്യയ്‌ക്കെതിരെ അതേചർച്ച ചെന്നിത്തല ഉയർത്തിയത് നേരിട്ടല്ലാതെ കോൺഗ്രസ് നേതൃത്വത്തിലെ ചില നേതാക്കൾക്കുള്ള മറുപടിയാണെന്ന് കരുതണം.
ആൺകുട്ടികളുടെ സർക്കാർ വരുമെന്ന് പ്രഖ്യാപിച്ച് വനിതകളെയാകെ അവഹേളിച്ചത് മറ്റൊരു മുതിർന്ന കോൺഗ്രസ് നേതാവാണ്. വനിതകളുടെ വോട്ട് വേണ്ടെന്ന് പരസ്യമായി പറയാൻ കോൺഗ്രസിനെ ജനങ്ങൾ വെല്ലുവിളിക്കുന്ന സ്ഥിതിപോലും ഉണ്ടായി. കോവിഡ്ഘട്ടത്തിൽ കേരളത്തിലുള്ളവരുടെയാകെ ജീവൻ രക്ഷിക്കാൻ ആരോഗ്യപ്രവർത്തകർക്ക് നേതൃത്വമായി പ്രവർത്തിച്ച് ലോകം പ്രകീർത്തിച്ച മാതൃകാ പ്രവർത്തനം ഏറ്റെടുത്ത ശൈലജ ടീച്ചറെ ചില പദപ്രയോഗത്താൽ അവഹേളിക്കാൻ ശ്രമിച്ചത് വേറൊരു മുതിർന്ന കോൺഗ്രസ് നേതാവായിരുന്നു. എൽ.ഡി.എഫിലെപ്പോലെ യുവജനങ്ങൾക്ക് തെരഞ്ഞെടുപ്പിൽ പ്രാധാന്യം നൽകുന്നതും, ഇതിനോടകം മികച്ച മാതൃക സൃഷ്ടിച്ച ആര്യാ രാജേന്ദ്രനെപ്പോലുള്ളവർ നടത്തിയ മാതൃകാ പ്രവർത്തനം നാട്ടി അംഗീകരിക്കുന്നതും, യൂത്ത് കോൺഗ്രസ് ഉയർത്തിക്കാട്ടിയാൽ വർഷങ്ങളായി ചിലമണ്ഡലങ്ങൾ കുത്തകയാക്കിയ കോൺഗ്രസ് നേതാക്കൾക്കത് ഭീഷണിയാകുമെന്ന ചിന്തയാണോ ഇത്തരം അപക്വ പ്രസ്താവനയ്ക്ക് പ്രേരിപ്പിച്ചതെന്ന് വ്യക്തമാക്കേണ്ടത് ചെന്നിത്തല തന്നെയാണ്', ജയരാജൻ പറഞ്ഞു.
ആര്യ രാജേന്ദ്രൻ തന്റെ പ്രവർത്തന മേഖല കോഴിക്കോടേക്ക് മാറ്റുകയാണെന്ന വാർത്തകളോടായിരുന്നു ചെന്നിത്തലയുടെ പരിഹാസം. 'ഇവിടെ നിന്നാൽ ശരിയാവില്ലെന്ന് മനസ്സിലായി. ആര്യ കോഴിക്കോട് സ്ഥിരതാമസം ആക്കാൻ പോകുന്നു. താൻ പോയിട്ടെങ്കിലും രണ്ട് വോട്ട് എല്‍ഡിഎഫിന് കിട്ടട്ടെ എന്ന് ആഗ്രഹിച്ച് കാണും. അഞ്ച് വർഷത്തെ ഭരണം അത്രക്ക് ദുർഭരണമായിരുന്നു' , എന്നാണ് ചെന്നിത്തല പറഞ്ഞത്.












Click it and Unblock the Notifications